23 July Tuesday

ഹിന്ദി മാധ്യമങ്ങൾ ഹിന്ദുത്വമാധ്യമങ്ങളായി: പി രാജീവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്‌ഘാടനംചെയ്‌ത പി രാജീവ്‌, സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ്‌ ജോർജ്‌ , ടി സി മാത്തുക്കുട്ടി എന്നിവർക്കൊപ്പം


തിരുവനന്തപുരം
കോർപറേറ്റുകൾ നിയന്ത്രിക്കുന്ന, കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക‌് അനുസരിച്ച‌് പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക‌് ജനാധിപത്യത്തിന്റെ നാലാംതൂണായി പ്രവർത്തിക്കാൻ കഴിയില്ലെന്ന‌് ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് പറഞ്ഞു.  ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ഇതിനുദാഹരണമാണെന്നും ഭരണവർഗതാൽപ്പര്യങ്ങൾ നിർമിക്കുന്ന നുണഫാക്ടറികളായി മോഡിയുടെ കാലത്ത‌് മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച‌് സംഘടിപ്പിച്ച ‘മാധ്യമങ്ങളും ജനാധിപത്യവും’ സെമിനാർ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയും മോഡി സർക്കാരും അധികാരത്തിൽ വന്നശേഷം ഇന്ത്യയിലെ മാധ്യമങ്ങൾ ഏറ്റവും അപകടകരമായ നിശ്ശബ്ദതയോടെ സർക്കാരിന‌് ആവശ്യമായ പരിസരം നിർമിച്ചുകൊടുക്കുകയാണ‌്.  മഹാഭൂരിപക്ഷം ഹിന്ദി മാധ്യമങ്ങളും ഹിന്ദുത്വമാധ്യമങ്ങളായി ഇന്ന‌് മാറി. അഞ്ചുവർഷഭരണത്തിലെ  ഗൗരവമായ പ്രശ‌്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഈ മാധ്യമങ്ങൾ ശ്രദ്ധിച്ചു. യുക്തിഭദ്രമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുപകരം വ്യക്തിഗതമായ കാര്യങ്ങളെയും വിശ്വാസത്തെയുമാണ‌് ഇവർ ചർച്ചയാക്കിയത‌്. തങ്ങൾക്കു താൽപ്പര്യമുള്ള പൊതുബോധനിർമാണത്തിനാണ‌് ഈ മാധ്യമങ്ങൾ ശ്രമിക്കുന്നത‌്.

കേരളത്തിലാകട്ടെ, മനുഷ്യജീവിതത്തെ സ‌്പർശിക്കുന്ന സർക്കാരിന്റെ പ്രവൃത്തികളിൽനിന്ന‌് ജനശ്രദ്ധ തിരിച്ചുവിടാൻ ബോധപൂർവം വികാരത്തെയും വിശ്വാസത്തെയും ഉപയോഗിച്ച‌് പൊതുബോധത്തെ നിർമിക്കാനാണ‌് മാധ്യമങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണി പവറും മസിൽ പവറും മീഡിയ പവറും ഉപയോഗിച്ചാണ‌് മോഡി സർക്കാർ വീണ്ടും അധികാരത്തിൽവന്നതെന്ന‌് പ്രമുഖ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു. അടിയന്തരാവസ്ഥ ക്കാലത്ത‌് സർക്കാർ ഏർപ്പെടുത്തിയ സെൻസർഷിപ്പായിരുന്നു മാധ്യമങ്ങൾക്കെങ്കിലും കഴിഞ്ഞ അഞ്ചുവർഷം സ്വയം സെൻസർഷിപ‌് ഏർപ്പെടുത്തി ഭരണവർഗത്തിന‌് താൽപ്പര്യമുള്ള വാർത്തകളാണ‌് അവർ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങൾ മോഡി സ‌്തുതിക്കുവേണ്ടിമാത്രമുള്ളതായി മാറിയെന്ന‌് മാധ്യമപ്രവർത്തകൻ ജേക്കബ്‌ ജോർജ‌് പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് ഇ പ്രേംകുമാർ അധ്യക്ഷനായി. സെക്രട്ടറി എൻ കൃഷ‌്ണപ്രസാദ‌് സ്വാഗതവും വൈസ‌് പ്രസിഡന്റ‌് എ അബ്ദു റഹീം നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top