18 June Tuesday

രക്തസാക്ഷിയുടെ മതം നോക്കി വാര്‍ത്തയുടെ അളവെടുക്കുന്നവരോട്... പി എം മനോജ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊച്ചി > കാസര്‍കോട് ജില്ലയില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ധീക്കിന്റെ മരണവാര്‍ത്ത ദേശാഭിമാനിയില്‍ നല്‍കിയില്ലെന്ന തരത്തില്‍ എസ്ഡിപിഐക്കാരും ഇവര്‍ക്ക് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് എംഎല്‍എയുടേയും വര്‍ഗീയ വേര്‍തിരിവ് വെളിച്ചത്ത് കൊണ്ടു വരികയാണ് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജ്. വാര്‍ത്തകള്‍ കൃത്യമായി നല്‍കിയിട്ടും അതില്‍ വര്‍ഗീയ ചേര്‍തിരിവ് മനപൂര്‍വം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം എന്താണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അപകടങ്ങളില്‍ മാരകം വര്‍ഗീയത തന്നെയാണ്. സഖാവ് സിദ്ധിക്ക് അബുബക്കര്‍ കൊല്ലപ്പെട്ടത് മതത്തിന്റെ പേരിലല്ലപിടിക്കുന്ന കൊടി ചുവപ്പായതു കൊണ്ടാണ്. അഭിമന്യുവിനെ കൊന്നത് ഹിന്ദു ആയതു കൊണ്ടല്ലകമ്മ്യൂണിസ്റ്റുകാരനായത് കൊണ്ടാണ്. കൊലയാളികള്‍ക്ക് വര്‍ഗീയതയുണ്ട്. ഹിന്ദു വര്‍ഗീയ ശക്തിയായ ആര്‍എസ്എസ് ആണ് സിദ്ധിഖിന്റെ ജീവനെടുത്തത്. മുസ്ലിം വര്‍ഗീയതയുടെ കൊടുവാള്‍ കയ്യിലേന്തുന്ന എസ്ഡി പിഐ ആണ് അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കയറ്റിയത്. രണ്ടിടത്തും കൊല്ലപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരും കൊന്നത് വര്‍ഗീയ രാഷ്ട്രീയത്തിന്റെ കൊലയാളി സംഘവുമാണ്.

പോരാട്ടം വര്‍ഗീയതയ്ക്കെതിരെ ആണ് എന്നും അത് നയിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ് എന്നുമുള്ള അര്‍ത്ഥമുണ്ടിതിന്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറച്ചു എസ്ഡിപി ഐക്കാരും മറ്റു ചില വര്‍ഗീയ ജീവികളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യം ഇപ്പോള്‍ വര്‍ഗീയത തുലഞ്ഞോ എന്നാണ് 'തുലയാനുള്ള വര്‍ഗ്ഗീയതയൊക്കെ തുലഞ്ഞു...!' എന്ന് പറഞ്ഞു ഒരു വര്‍ഗീയവാദി പോസ്റ്റ് ചെയ്തത് സിദ്ധിക്ക് വധം റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിയുടെ ഒന്നാം പുറമാണ്.
അഭിമന്യു വധിക്കപ്പെട്ടത് അര്‍ധരാത്രിയിലായിരുന്നു. പത്രത്തിന്റെ ലേറ്റ് എഡിഷനില്‍ മാത്രം വാര്‍ത്ത കൊടുക്കാന്‍ കഴിയുന്ന സമയം. പിറ്റേന്ന് ഇറങ്ങിയ ഒട്ടു മിക്ക പത്രങ്ങളിലും ആ വാര്‍ത്ത തന്നെ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം പക്ഷെ ദേശാഭിമാനി ആ കൊലപാതക വാര്‍ത്ത അതിന്റെ തീവ്രതയോടെ തന്നെ ഏറ്റെടുത്തു.

അബുബക്കര്‍ സിദ്ധിഖിന്റെ വധമുണ്ടായതും അര്‍ധരാത്രിയാണ്. സംഭവം നടക്കുന്നതിനു മുന്‍പ് വാര്‍ത്ത കൊടുക്കാനുള്ള മാന്ത്രിക വിദ്യ ദേശാഭിമാനിയുടെ കയ്യില്‍ ഇല്ല. കൊലപാതക വിവരം ഉറപ്പാക്കിയ ശേഷം ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തു. അത് എല്ലാ എഡിഷനിലും സാധ്യമായില്ല. കാരണം വാര്‍ത്ത വരുന്നതിനു മുന്‍പ് പത്രം കുറെ അച്ചടിച്ചിരുന്നു. രണ്ടാം ദിവസം പക്ഷെ ദേശാഭിമാനിയുടെ പ്രധാന വാര്‍ത്തയായി തന്നെ ആര്‍എസ്എസ് നരമേധം അച്ചടിച്ച് വന്നു.തുലയാനുള്ള വര്‍ഗീയത തുലഞ്ഞിട്ടില്ല. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും അവയുടെ പരിവാരങ്ങളും ഉള്ളിടത്തോളം അതങ്ങനെ എളുപ്പത്തില്‍ തുലയുകയുമില്ല. അടിച്ചു തുലയ്ക്കുക തന്നെ വേണം. ആ അടി ജനങ്ങളെ അണിനിരത്തിയുള്ള ആശയ പ്രചാരണമാണ്. അത് ദേശാഭിമാനി ചെയ്യുന്നുണ്ട്. സിപിഐ എം ചെയ്യുന്നുണ്ട്.

രക്തസാക്ഷികളുടെ മതം നോക്കി അളവെടുക്കുന്ന പരിപാടി നടത്തുന്ന ചിലരുണ്ട്. അവര്‍ക്കു കൊല്ലപ്പെടുന്നവരുടെ മതമേ പ്രശ്‌നമുള്ളു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയല്ല. അഷ്‌റഫായാലും ജോസായാലും സുധീഷായാലും അഭിമന്യുവായാലും സിദ്ധിഖായാലും ഞങ്ങള്‍ക്കവര്‍ ഞങ്ങളുടെ പ്രിയ സഖാക്കളാണ് ധീര രക്തസാക്ഷികളാണ്.

നിങ്ങള്‍ ഞങ്ങളെ കൊന്നു തള്ളുന്നു. ഏതു കത്തിക്കാണ് മൂര്‍ച്ച കൂടുതല്‍? ആര്‍എസ് എസിന്റേതിനോ പോപ്പുലര്‍ ഫ്രണ്ടിന്റേതിനോ? ഞങ്ങളുടെ ശരീരത്തില്‍ രണ്ടും കുത്തിക്കയറ്റുന്നുണ്ട്അതുകൊണ്ടു ഞങ്ങള്‍ക്കറിയാം രണ്ടിനും ഒരേ മൂര്‍ച്ചയാണെന്ന്. ആര്‍ എസ്എസിനെ ഞങ്ങള്‍ എതിര്‍ക്കുന്നുസ്വജീവന്‍ ബലിയര്‍പിച്ചും പോരാടും എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് തന്നെ. ആര്‍എസ്എസിന്റെ ഭീകരതയ്ക്ക് പകരം വെക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ട് ഭീകരത ആണ് എന്ന് നിങ്ങള്‍ കരുതുമ്പോള്‍, ഇന്ത്യ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു, ഒരേ അവകാശത്തോടെ ജീവിക്കേണ്ട രാജ്യമാണ് എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചു പറയുന്നു. ഹിന്ദു രാജ്യത്തിനു ബദല്‍ ഇസ്ലാമിക് സ്റ്റേറ്റ് അല്ല എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമന്യുവിന്റെ നെഞ്ചില്‍ കൊലക്കത്തിയിറക്കാനാണ് തോന്നുന്നത്.
കണ്ണൂരില്‍ അശ്വിനി കുമാറിനെ കൊന്നത് നിങ്ങളല്ലേ? എന്തായി ആ കേസ്? കൊലയാളികളെ രക്ഷിക്കാന്‍ സംഘ ശക്തികള്‍ക്ക് നിങ്ങള്‍ എത്ര തുക കൊടുത്തു? നിങ്ങള്‍ കൊലപ്പെടുത്തിയ കണ്ണവത്തെ 17ാം മൈല്‍ ശാഖാ മുഖ്യശിക്ഷക്ക് ശ്യാംപ്രസാദിന്റെ വീട്ടിലേക്കു ഒരു പ്രമുഖ ആര്‍എസ്എസ് നേതാവും പോയതായി കണ്ടില്ല. ഒരു കേന്ദ്രമന്ത്രിയും അവിടെ വിമാനമിറങ്ങിയില്ല. ഒരു വികാരത്തള്ളിച്ചയും ഉണ്ടായില്ല. എന്താണ് നിങ്ങളും ആര്‍എസ്എസും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്? ഫസല്‍ വധം സിപി ഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ചു ആര്‍എസ്എസിനെ രക്ഷിക്കുകയും അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നിട്ടും അത് കാണാതെ സിപിഐ എമ്മിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍ എസ് എസിനോടുള്ള വിരോധം കൊണ്ടാണോ?

പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ്. അത് തിരിച്ചറിയുന്നത് കൊണ്ടാണ്, കേരളത്തിന്റെ മത നിരപേക്ഷ പരിസരത്തു രണ്ടിനും സ്ഥാനമില്ല എന്ന് ഞങ്ങള്‍ പറയുന്നത്. സിപിഐഎമ്മാണ് ശത്രു എന്ന് മനസ്സിലാക്കിയാണ്, ഞങ്ങളുടെ സഖാക്കളെ കൊന്നൊടുക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ നേതാവ് പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് ഒരുകോടി രൂപ ഇനാം പ്രഖ്യാപിക്കുന്നത്.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരു വര്‍ഗീയവാദിയുടെയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട. ആക്രമിക്കപ്പെടുന്ന സഖാക്കളുടെ ജാതിയും മതവും തിരിച്ച് വര്‍ത്തമാനം പറയാന്‍ വരുന്നവനോട്, കടന്നു പോടാ മുന്നില്‍ നിന്ന് എന്ന് പറയാനുള്ള കരുത്ത് ഞങ്ങളുടെ വര്‍ഗീയ വിരുദ്ധ നിലപാടിന്റെ കരുത്താണ്. അവസാന ശ്വാസം വരെ പറയാനുള്ളതും ഉയര്‍ത്തിപ്പിടിക്കാനുള്ളതുമാണ് ഞങ്ങള്‍ക്ക് 'വര്‍ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം. നിങ്ങള്‍, മാരക വിഷമുള്ള വര്‍ഗീയ ഇനങ്ങള്‍ തുലയട്ടെ എന്ന് തന്നെയാണ് അതിനര്‍ത്ഥം.

പ്രധാന വാർത്തകൾ
 Top