14 December Saturday

രണ്ട് വര്‍ഷം പഴകിയ ഫ്‌ളക്‌സുമായി മാധ്യമങ്ങളുടെ നുണബോംബ്; 'ആഘോഷിച്ചവര്‍' ഒടുവില്‍ വാര്‍ത്ത മുക്കി

സ്വന്തം ലേഖകന്‍Updated: Saturday Jun 29, 2019

തളിപ്പറമ്പ് > സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ വാഴ്‌ത്തി പാര്‍ടി ശക്തികേന്ദ്രത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നെന്നു വരുത്താന്‍ മലയാള മനോരമ ഉപയോഗിച്ചത് രണ്ടു വര്‍ഷം മുമ്പത്തെ ബോര്‍ഡ്. സിപിഐ എമ്മിനെ താറടിക്കാന്‍ മനോരമ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ ചിത്രവധം. മനോരമയെ പിന്തുടര്‍ന്ന് 'സംഭവം' ആഘോഷിച്ച ദൃശ്യമാധ്യമങ്ങളും  അപഹാസ്യരായി.



മനോരമ അവകാശപ്പെട്ടതുപോലെ തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ടില്‍ ഒരു ഫ്‌ളക്‌സ് ബോര്‍ഡും പുതുതായി ഉയര്‍ന്നിട്ടില്ല. 2017 നവംബറില്‍ ഈ പ്രദേശത്തെ അമ്പതോളം കോണ്‍ഗ്രസ്-- യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐ എമ്മിലേക്കു വന്നിരുന്നു. ഇതില്‍പ്പെട്ട ചിലര്‍ നവംബര്‍ 16ന് മാന്തംകുണ്ട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സിപിഐ എമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനെ അഭിവാദ്യം ചെയ്ത് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.  സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പി ജയരാജന്‍ തന്നെ ഇത് പാര്‍ടി സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നു ബോധ്യപ്പെടുത്തുകയും യുവാക്കള്‍ ബോര്‍ഡ് നീക്കുകയും ചെയ്‌തു. ഉപേക്ഷിച്ച ബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മാന്ധംകുണ്ട് ബസ് വെയ്റ്റിങ് ഷെഡിനു സമീപം കാണാം.

മനോരമ വാര്‍ത്ത അതേപടി വിഴുങ്ങിയ മനോരമ ന്യൂസൂം ഏഷ്യാനെറ്റും അടക്കമുള്ള  ദൃശ്യമാധ്യമങ്ങള്‍ ഒരു പടികൂടി കടന്ന് 'വാര്‍ത്ത വന്നതോടെ സിപിഐ എം പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കം ചെയ്തു'വെന്നു വച്ചുകാച്ചി. എന്നാല്‍ വ്യാജവാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയയില്‍ പഴയ ചിത്രവും 'പുതിയ' വാര്‍ത്തയും ഉള്‍പ്പെടുത്തി വിമര്‍ശനമുയര്‍ന്നതോടെ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്‌തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top