23 August Friday

അപകീർത്തിപ്പെടുത്താൻ ശ്രമം; ആർഎംപി നേതാക്കൾക്കെതിരെ പി ജയരാജൻ തെരെഞ്ഞെടുപ്പ് കമീഷനും പോലീസിനും പരാതി നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

വടകര> വടകര മണ്ഡലത്തിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും കൊലയാളിയെന്ന പരാമർശം നടത്തിയ ആർഎംപി നേതാക്കൾക്കെതിരെ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ വക്കീൽനോട്ടീസ് അയച്ചു. അപകീർത്തികരമായ പരാമർശം നടത്തിയ കെ കെ രമ, എൻ വേണു, പി കുമാരൻകുട്ടി എന്നിവർക്കെതിരെ അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

കോഴിക്കോട് ആർഎംപി യോഗശേഷം ഞായറാഴ്ച പത്ര -ദൃശ്യമാധ്യമങ്ങളോടാണ്  ടി പി ചന്ദ്രശേഖരന്റേതടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന‌് ആരോപിച്ചത്.  വോട്ടർമാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണിത‌്. ഒരു അന്വേഷണ ഏജൻസിയും കൊലയാളിയെന്ന ആക്ഷേപം  ഉന്നയിച്ചിട്ടില്ല. ചന്ദ്രശേഖരൻ കേസിൽ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവനയും വോട്ടർമാരെ സ്വാധീനിക്കാൻ ബോധപൂർവം കെട്ടിച്ചമച്ചതാണ്.

ജനങ്ങൾക്കിടയിൽ സ്പർധവളർത്താനും  സമാധാന അന്തരീക്ഷം തകർക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ അസത്യപ്രസ്താവന . കോൺഗ്രസ്, ലീഗ്, ആർഎസ്എസ്-, ബിജെപി തുടങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് അവരുടെ താൽപര്യപ്രകാരമാണ് ഈ കള്ളപ്രചാരവേല. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ‌് പ്രക്രിയ അട്ടിമറിക്കുകയെന്ന ലക്ഷ്യവും കളവായ ഈ പ്രചാരവേലക്ക് പിന്നിലുണ്ട്.

ആരോപണം പിൻവലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്‌കമ്മീഷണർക്കും ചൊവ്വാഴ്ച പരാതി നൽകും. അപകീർത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്


പ്രധാന വാർത്തകൾ
 Top