26 January Sunday

ഓണം- ബക്രീദ് ഫെയറുകളുമായി സര്‍ക്കാരിന്റെ വിപണി ഇടപെടല്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

തിരുവനന്തപുരം> ഓണം- ബക്രീദ് കാലയളവില്‍ വിപണിയില്‍ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, ഊഹക്കച്ചവടം മൂലമുള്ള കൃത്രിമക്ഷാമം, കൃത്രിമവിലക്കയറ്റത്തിനുള്ള സാധ്യത എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ് തുടങ്ങിയവ വഴി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിപ്പിക്കുന്ന ഓണം മേളകളിലൂടെ എല്ലാവിധ അവശ്യസാധനങ്ങളും പച്ചക്കറികളും മിതമായ വിലയില്‍ ലഭ്യമാക്കും.

14 ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിശാലമായ സൗകര്യങ്ങളോടെ സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ ഒന്നു മുതല്‍ പത്തുവരെയാണ് ഈ ഫെയറുകള്‍ പ്രവര്‍ത്തിപ്പിക്കുക. സപ്ലൈകോയുടെ വില്‍പ്പനശാലയിലൂടെ ലഭ്യമാകുന്ന എല്ലാവിധ ഉല്‍പന്നങ്ങള്‍ക്കും പുറമെ, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ്‌പ്രൊഡക്ട് ഓഫ് ഇന്ത്യ, കയര്‍ഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സവിശേഷ ഉല്‍പന്നങ്ങള്‍ക്കായുള്ള സ്റ്റാളുകളും ഈ ഫെയറുകളില്‍ ഒരുക്കുന്നതാണ്.

താലൂക്ക് കേന്ദ്രങ്ങളില്‍ പ്രത്യേകമായോ പ്രമുഖ സപ്ലൈകോ വില്‍പനശാലയോട് ചേര്‍ന്നോ ആണ് ഓണം ഫെയറുകള്‍ ഒരുക്കുക. സെപ്തംബര്‍ രണ്ടു മുതല്‍ പത്തു വരെയാണ് പ്രവര്‍ത്തിക്കുക. ജില്ലാ / താലൂക്ക്തല ഫെയറുകളില്‍ പച്ചക്കറി വില്‍പ്പനയ്ക്കായി പ്രത്യേക കൗണ്ടറുകള്‍ ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തം ലഭ്യമല്ലാത്തയിടത്ത് പ്രാദേശിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പച്ചക്കറി കൗണ്ടറുകള്‍ ഫ്രാഞ്ചൈസി ആയി തുറക്കും.

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ഒരു ഓണം ഫെയര്‍ എങ്കിലും ഉറപ്പുവരുത്തും. മുന്‍ വര്‍ഷങ്ങളിലേതുപോലെ സെപ്തംബര്‍ 6 മുതല്‍ 10 വരെ 5 ദിവസത്തേക്ക് പ്രമുഖ വില്‍പനശാലയോട് ചേര്‍ത്തോ ആവശ്യമെങ്കില്‍ പ്രത്യേക സ്ഥലം കണ്ടെത്തിയോ ഓണം മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കും.

സംസ്ഥാനത്ത് സപ്ലൈകോ വില്‍പനശാല ഇല്ലാത്ത 21 പഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ മിനി ഫെയറുകള്‍ പ്രവര്‍ത്തിപ്പിക്കും. ഒറ്റപ്പെട്ട ആദിവാസി മേഖലകളില്‍ മൊബൈല്‍ മാവേലിയുടെ സേവനം ലഭ്യമാക്കി അവശ്യസാധനങ്ങള്‍ എത്തിക്കും.

ഓണമേളകള്‍ക്ക് പുറമെ, സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ വില്‍പനശാലകളും സെപ്തംബര്‍ 6 മുതല്‍ 10 ഓണവിപണി ലക്ഷ്യമാക്കി ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിപ്പിക്കും. ഓണം മേളകളോടനുബന്ധിച്ച് മൂന്ന് സെയില്‍സ് പ്രൊമോഷന്‍ പദ്ധതികളും ഏര്‍പ്പെടുത്തും.

പ്രത്യേക ഓണം മേളകള്‍ക്കു പുറമെ, എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നീ പ്രവര്‍ത്തനങ്ങളും സപ്ലൈകോ ഓണക്കാലത്ത് നടത്തുന്നുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 3500 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ നടത്തും. 200 ത്രിവേണികളിലൂടെയും 3300 സഹകരണ ചന്തകള്‍ മുഖേനയുമാണ് വിപണി സംഘടിപ്പിക്കുന്നത്. ബക്രീദ് ചന്തകള്‍ ആഗസ്റ്റ് 7 മുതല്‍ 12 വരെയും ഓണ വിപണി സെപ്തംബര്‍ 1 മുതല്‍ 10 വരെയുമാണ് നടത്തുക.

കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 2000 ഓണച്ചന്തകള്‍ സംഘടിപ്പിക്കും. കൃഷിവകുപ്പ് 1350, ഹോര്‍ട്ടികോര്‍പ്പ് 450, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 200 എന്നിങ്ങനെയാണിത്. കര്‍ഷകര്‍ക്ക് 10 ശതമാനം കൂടുതല്‍ വില നല്‍കി പച്ചക്കറി ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പച്ചക്കറി ലഭ്യമാക്കും.

യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top