ശ്രീകൃഷ്ണപുരം > മലയാളിയേയും ഭാഷയേയും ആധുനിക ചിന്തയിലേക്ക് ഉയർത്തിയ മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തുടക്കമായി. രണ്ടുനാൾ നീളുന്ന സാഹിത്യോത്സവം കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്‌തു. മറ്റ് കവിതകളിൽനിന്ന് വ്യത്യസ്‌തമായി ജീവിത നിരീക്ഷണവും അനുഭവവും അനുഭൂതിയുമായിരിക്കും ഒളപ്പമണ്ണ കവിതകളിലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഒളപ്പമണ്ണ ജീവിതത്തിന്റെയും ജീവിത അനുഭവത്തിന്റെയും അന്തർഘടനകളെ ഇന്ദ്രിയങ്ങളിലൂടെ അന്വേഷിച്ച് പോകുകയും ഇന്ദ്രിയാതീതമായ സൂക്ഷ്മ ധ്യാനത്തിലേക്ക് എത്തുകയും ചെയ്യുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം പ്രഭാവർമ അധ്യക്ഷനായി. മട്ടന്നൂർ ശങ്കരൻകുട്ടി, പി എ വാസുദേവൻ, വിജയലക്ഷ്മി, ഹരി ഒളപ്പമണ്ണ, ശ്രീദേവി ഒളപ്പമണ്ണ, കെ എം പരമേശ്വരൻ എന്നിവർ സംസാരിച്ചു.
കേരള സാഹിത്യ അക്കാദമി ഫെലോഷിപ് നേടിയ കെ പി ശങ്കരനെ ആദരിച്ചു. മഹാകവി ഒളപ്പമണ്ണയുടെ ശബ്ദ അവതരണവും വീഡിയോ പ്രദർശനവുമുണ്ടായി. പാല കൈരളി ശ്ലോകരംഗത്തിന്റെ ഒളപ്പമണ്ണ കാവ്യ കേളിയും അരങ്ങേറി. എം ആർ രാഘവവാര്യരുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ‘ഒളപ്പമണ്ണയിലെ വഴികാട്ടികൾ' എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണനും ഒളപ്പമണ്ണ വ്യക്തി സ്മരണ എന്ന വിഷയത്തിൽ ആത്മാരാമനും സംസാരിച്ചു. കെ വി രാമകൃഷ്ണൻ അധ്യക്ഷനായ സെമിനാറിൽ‘ഒളപ്പമണ്ണ കവിതയിലെ നവോത്ഥാന മൂല്യങ്ങൾ' എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണനും ‘ഒളപ്പമണ്ണയുടെ കുടുംബ സങ്കൽപ്പം' എന്ന വിഷയത്തിൽ പത്മദാസും സംസാരിച്ചു. വൈകിട്ട് നടന്ന കവി സമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി പി രാമചന്ദ്രൻ അധ്യക്ഷനായി. കരിമ്പുഴ രാമചന്ദ്രൻ, ബി കെ ഹരിനാരായണൻ, മാധവൻ പുറച്ചേരി, പി എൻ വിജയൻ, ജ്യോതിബായ് പരിയാടത്ത്, കെ പി ശൈലജ, എ വി വാസുദേവൻ പോറ്റി എന്നിവർ സംസാരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയും ഒളപ്പമണ്ണ ദേവീപ്രസാദം ട്രസ്റ്റും സംയുക്തമായാണ് മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം നടത്തുന്നത്.
ഇന്ന് സെമിനാറും സമാപനവും
ശ്രീകൃഷ്‌ണപുരം
ഒളപ്പമണ്ണ സാഹിത്യോത്സവത്തിൽ ഞായർ രാവിലെ 10ന് ‘കേരളീയ കലാ സംസ്കൃതിയിൽ ഒളപ്പമണ്ണയുടെ സാന്നിധ്യം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ‘ഒളപ്പമണ്ണയുടെ കലാ നിരീക്ഷണങ്ങൾ’ എന്ന വിഷയത്തിൽ എൻ പി വിജയകൃഷ്ണൻ സംസാരിക്കും. പകൽ 11.45ന് ഒളപ്പമണ്ണ മന കലാ സാംസ്‌കാരിക രംഗത്തെ സംഭാവനകൾ എന്ന വിഷയത്തിൽ ഡോ. സി എം നീലകണ്ഠനും ഒളപ്പമണ്ണയുടെ കാവ്യേതര ജീവിതം എന്ന വിഷയത്തിൽ ആര്യാട് സനൽകുമാറും സംസാരിക്കും.പകൽ മൂന്നിന് സംഗീത കച്ചേരി നടക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷനാകും.കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. രാത്രി എട്ടിന് ഒളപ്പമണ്ണ കവിത ‘വള്ളത്തോൾ സമാധിയിൽ ' നൃത്തവിഷ്കാരം അരങ്ങേറും. 8.30 മുതൽ ഒളപ്പമണ്ണയുടെ അംബ, നളചരിതം രണ്ടാം ദിവസം, കിരാതം കഥകൾ എന്നിവ അരങ്ങിലെത്തും.
Caption :
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..