Deshabhimani

' സീറ്റ്‌ മാറിയിരിക്കുന്നതിനിടെയാണ്‌ വലിയ ശബ്ദത്തോടെ ട്രെയിൻ കീഴ്‌മേൽ മറിഞ്ഞത്‌ ' ; നടുക്കം മാറാതെ കിരൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2023, 12:28 AM | 0 min read


ഇരിങ്ങാലക്കുട
സീറ്റ്‌ മാറിയിരിക്കുന്നതിനിടെയാണ്‌ വലിയ ശബ്ദത്തോടെ ട്രെയിൻ കീഴ്‌മേൽ മറിഞ്ഞത്‌. തെറിച്ചുവീണെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞു. ദുരന്തം ഓർത്തെടുത്ത്‌ ഫോണിലൂടെ സംസാരിക്കുമ്പോൾ ഇരിങ്ങാലക്കുട കാറളം സ്വദേശി കിരണിന്റെ നടുക്കം വിട്ടുമാറിയിരുന്നില്ല. 

കൊല്‍ക്കത്തയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ടൈൽസ്‌ ജോലി കഴിഞ്ഞ് സഹപ്രവർത്തകരായ മൂന്നുപേർക്കൊപ്പമാണ് കിരൺ ഷാലിമാർ എക്സ്പ്രസിൽ കയറിയത്. ടിക്കറ്റ്‌ നിരക്കിനേക്കാൾ ഉയ്ർന്ന തുക കൊടുത്താണ് സ്ലീപ്പര്‍ കോച്ചിൽ സീറ്റ് തരപ്പെടുത്തിയത്. അപകടത്തിൽപ്പെടുന്നതിനു മുമ്പുള്ള സ്റ്റേഷനിൽനിന്ന്‌ ഒരുകൂട്ടം ഒഡിഷക്കാർ കയറി. അവർ റിസർവ് ചെയ്ത സീറ്റാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ടു. സീറ്റ്‌ മാറുന്നതിനായി എഴുന്നേറ്റപ്പോഴാണ്‌ വലിയ ശബ്ദത്തോടെ  ട്രെയിൻ ആടിയുലഞ്ഞ്‌ കീഴ്‌മേൽ മറിഞ്ഞത്‌. ബോഗി രണ്ട് തവണ മറിഞ്ഞു. ഒപ്പമുണ്ടായിരുന്നവർക്കും സാരമായ പരിക്കുണ്ടായില്ല. വാതിലിന്റെ ചെറിയ വിടവിലൂടെ അവരെ പുറത്തേയ്ക്ക് തള്ളിക്കടത്തി. സ്വയം പുറത്ത് കടക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സീറ്റിലിരുന്ന അഞ്ചുപേർ മരിച്ചു. അടിയന്തര വാതിൽ ഇടിച്ചുതുറന്ന്‌ ഒരുവിധം പുറത്തുകടന്നു. രണ്ടു വഴിക്കായ കൂട്ടുകാരെ കണ്ടെത്തി ഓടി വെളിച്ചംകണ്ട വീട്ടിൽ കയറി. വീട്ടുകാർ ഇടപെട്ട്‌ ബാലസോർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ചു.

കാറളം വെള്ളാനി സ്വദേശി കുറ്റിക്കാട്ടുപറമ്പിൽ വിജീഷ്, അന്തിക്കാട് പൊറ്റെക്കാട്ട് വൈശാഖ്, കണ്ടശാങ്കടവ് കോക്കാട്ട് രഘു എന്നിവരാണ് കിരണിനൊപ്പമുണ്ടായിരുന്നത്. സിപിഐ എം കാറളം ഹൈസ്കൂൾ ബ്രാഞ്ചംഗമാണ് കിരൺ.



deshabhimani section

Related News

View More
0 comments
Sort by

Home