22 June Tuesday

താൻ ബിജെപി വോട്ടുകച്ചവടത്തിന്റെ ഇര: ഒ കെ വാസു

പ്രത്യേക ലേഖകൻUpdated: Wednesday May 5, 2021


കണ്ണൂർ
ബിജെപി വോട്ടുകച്ചവടം എല്ലാക്കാലത്തുമുള്ളതാണെന്നും താൻ അതിന്റെ ഇരയാണെന്നും മലബാർ ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റും മുൻ ബിജെപി നേതാവുമായ ഒ കെ വാസു. കുപ്രസിദ്ധമായ വടകര–- ബേപ്പൂർ മോഡൽ അരങ്ങേറിയ 1991ലാണ്‌ കേരളത്തിൽ ബിജെപിയുടെ വോട്ടുകച്ചവടത്തിനു തുടക്കമായതെന്നും ഓൺലൈൻ പോർട്ടൽ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

വെളിപ്പെടുത്തൽ ഇങ്ങനെ:
1991–-ൽ പെരിങ്ങളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഞാൻ. അവിടെ ബിജെപിക്ക്‌ എണ്ണായിരം വോട്ടുണ്ടായിരുന്നു. പക്ഷേ, എനിക്കു കിട്ടിയത്‌ 2500. ബാക്കിയെല്ലാം മുസ്ലിംലീഗ്‌ സ്ഥാനാർഥി കെ എം സൂപ്പിക്കു കൊടുത്തു. മഞ്ചേശ്വരത്ത്‌ കെ ജി മാരാർക്ക്‌ ലീഗ്‌ വോട്ട്‌ വാങ്ങുന്നതിനുവേണ്ടിയായിരുന്നു ഇത്‌.  ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ ഒത്താശയുമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന്‌ രണ്ടു ദിവസംമുമ്പ്‌ പാനൂരിലെ ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിലേക്ക്‌ എന്നെ വിളിപ്പിച്ചു.  ആർഎസ്‌എസ്‌ നേതാവ്‌ സേതുമാധവനും പി പി മുകുന്ദനുമൊക്കെ അവിടെയുണ്ടായിരുന്നു. ‘നിങ്ങൾ എന്തായാലും ജയിക്കാൻ പോകുന്നില്ല. അതിനാൽ ചെറിയൊരു അഡ്‌ജസ്‌റ്റ്‌മെന്റ്‌. മഞ്ചേശ്വരത്ത്‌ മാരാർജിയെ ജയിപ്പിക്കാൻവേണ്ടിയാണ്‌. അവിടെ നമുക്ക്‌ 1500 വോട്ടിന്റെ കുറവുണ്ട്‌. അത്‌ ലീഗ്‌ തരും. പകരം ഇവിടെ നമ്മൾ മൂവായിരം വോട്ട്‌ അവർക്കു കൊടുക്കണം’–- ഇതായിരുന്നു   നിർദേശം. 

ഞാൻ നിസ്സഹായനായിരുന്നു. ഈ ഇടപാട്‌ അറിയാത്ത പാവങ്ങളാണ്‌ എനിക്ക്‌ 2500 വോട്ട്‌ തന്നത്‌. ബാക്കിയെല്ലാം യുഡിഎഫ്‌ പെട്ടിയിൽ വീണു. അങ്ങനെ എൽഡിഎഫ്‌ സ്ഥാനാർഥി പി ആർ കുറുപ്പ്‌ തോറ്റു. കെ എം സൂപ്പി ജയിച്ചു. എന്നാൽ, മഞ്ചേശ്വരത്ത്‌ ലീഗ്‌ വോട്ട്‌ കിട്ടിയതുമില്ല. അതേക്കുറിച്ചാണ്‌ കെ കുഞ്ഞിക്കണ്ണൻ എഴുതിയ, കെ ജി മാരാരുടെ ജീവചരിത്രത്തിൽ ‘പാഴായ പരീക്ഷണ’മെന്നു വിശേഷിപ്പിച്ചത്‌.   1991ലെ കോ–-ലീ–- ബി സഖ്യം വടകരയിലും ബേപ്പൂരിലും മാത്രമായിരുന്നില്ല. മഞ്ചേശ്വരം, പെരിങ്ങളം, പാലക്കാട്‌, തിരുവനന്തപുരം വെസ്‌റ്റ്‌ എന്നിവയുൾപ്പെടെ മറ്റ്‌ എട്ടു മണ്ഡലങ്ങളിൽ രഹസ്യസഖ്യവും ഉണ്ടായിരുന്നു. മുസ്ലിം വിരോധമൊക്കെ പുറമെമാത്രം. മുസ്ലിം സ്ഥാനാർഥികൾക്ക്‌ വോട്ടുചെയ്യുന്നതിലൊന്നും ബിജെപിക്കോ ആർഎസ്‌എസ്സി ഒരു കാലത്തും മടിയുണ്ടായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top