22 February Friday

ഈ വെള്ളയുടുപ്പിന‌് ജീവനേക്കാൾ വില

ആർ രഞ‌്ജിത‌്Updated: Friday Jun 8, 2018

കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ നേഴ്‌സുമാരായ മോനിത, രഞ്‌ജിനി, റൂബി സജ്‌ന, രഹ്ന എന്നിവർ

കോഴിക്കോട്‌> മോനിതയുടെ മനസ്സിൽ ഒട്ടും മരണഭയമില്ലായിരുന്നു.  ദിവ്യ വീട്ടിലുള്ള മക്കളെ ഓർത്തതേയില്ല. റൂബിക്കും സുനിതക്കും ഒരു പതർച്ചയുമില്ല. നിപാ വൈറസുകൾ പുളച്ച രാത്രികളിൽ രോഗികൾക്ക‌് കൂട്ടായി ഒരുകൂട്ടം നേഴ‌്സുമാർ ഒരേ മനസ്സോടെ ഒറ്റ ലക്ഷ്യത്തിനായി പൊരുതി, കേരളത്തെ വിറപ്പിച്ച  ഭീകരൻ വൈറസിനെ ചെറുക്കാൻ.

നിപാ രോഗികളെ തൊട്ട‌് പരിചരിച്ചും മരുന്നും ഭക്ഷണവും നൽകിയും കൂട്ടിരിപ്പുകാരെ സാന്ത്വനിപ്പിച്ചും നൂറോളം നേഴ‌്സുമാർ രണ്ടാഴ‌്ച കർമനിരതരായി. അവർ മരണവും ജീവിതവും കണ്ടു.
മനുഷ്യന്റെ നിസ്സഹായതയും ജീവിക്കാനുള്ള വെമ്പലും അറിഞ്ഞു. ഏക ആശ്രയമായ മകൻ നഷ്ടപ്പെട്ട അച്ഛനമ്മമാർ, കൂട്ടുകാരനെ നഷ്ടപ്പെട്ട സുഹൃത്തുക്കൾ, സഹോദരനെയും ഭർത്താവിനെയും നഷ്ടപ്പെട്ട പെൺകുട്ടികൾ. അവരൊക്കെ കണ്ണീർവീഴ‌്ത്തി മുന്നിലൂടെ കടന്നുപോയപ്പോൾ ഉള്ളം തേങ്ങിയെങ്കിലും അവർ പതറിയില്ല.  17 പേരെ മാത്രം മരണം കൊണ്ടുപോയപ്പോൾ ബാക്കിയുള്ളവരെ വിട്ടുകൊടുക്കാതെ പൊരുതിയ കൂട്ടായ‌്മയിൽ അവർ പൊട്ടാത്ത കണ്ണികളായി.
സ്വന്തം കുടുംബത്തെപോലും മറന്നായിരുന്നു രക്ഷാപ്രവർത്തനം.  ഒപ്പം ഡോക്ടർമാരും അണുബാധ നിയന്ത്രിക്കുന്നവരും ശുചീകരണ ജീവനക്കാരും അടങ്ങിയ വലിയൊരു സംഘം. അവർ കൈകോർത്തപ്പോൾ കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  നിപാ വൈറസിന‌് പടരാനായില്ല. മരണവൈറസിനെ മുഖാമുഖം കണ്ട  നേഴ‌്സുമാരുടെ പട്ടിക നീണ്ടതാണ‌്.

ശോഭനയും ഷീനയും രഞ‌്ജിനിയും  അഭിലാഷും രഹ‌്നയും അനൂപും ഷബ‌്നയുമൊക്കെ ചില പേരുകാർ. ആദ്യത്തെ നിപാ രോഗിയെത്തിയ രാത്രി ഇപ്പോഴും മനസ്സിലുണ്ടെന്ന‌് മെഡിക്കൽ കോളേജ‌് ചെസ‌്റ്റ‌് ആശുപത്രിയിലെ നേഴ‌്സ‌് മോനിത പറയുന്നു. ‘ ഐസിയുവിലായിരുന്നു ജോലി. നേഴ‌്സ‌് ലിനിയെയാണ‌് ആദ്യം കൊണ്ടുവന്നത‌്.  സുരക്ഷാവേഷമണിഞ്ഞാണ‌് അവളുടെ അടുത്തെത്തിയത‌്.

രക്ഷപ്പെടില്ലെന്ന‌് പറഞ്ഞ അവൾ ബാക്കിയുള്ളവരുടെ കാര്യം നോക്കണമെന്ന‌് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ ലിനി പോയി. പിന്നെ അജന്യ, ജാനകി എന്നിവരെത്തി. അതിൽ ജാനകി മരിച്ചു. കൊണ്ടുവരുമ്പോൾ അജന്യക്ക‌് ബോധമില്ലായിരുന്നു. ഓരോരുത്തരായി മരിച്ചുവീണപ്പോൾ കടുത്ത നിരാശയിലായിരുന്നു ഞങ്ങൾ.

ഞങ്ങളുടെ എല്ലാം മറന്നുള്ള പ്രവർത്തനങ്ങൾക്ക‌് ഫലമില്ലെന്ന‌് തോന്നി. എന്നാൽ അജന്യ കണ്ണുതുറന്നപ്പോൾ,  ജീവിതത്തിലേക്ക‌് തിരിച്ചുവന്നപ്പോൾ ഊർജമായി’.

‘ ഒന്നിനെക്കുറിച്ചും ആലോചിക്കാൻ സമയമില്ലായിരുന്നു ഞങ്ങൾക്ക‌്. വൈറസ‌്ബാധിച്ചവർ നിർത്താതെ ഛർദിക്കുകയായിരുന്നു. മരുന്ന‌് കൊടുക്കുമ്പോഴും പരിചരിക്കുമ്പോഴും പരമാവധി ശ്രദ്ധിച്ചു. സംശയമുള്ളപ്പോഴൊക്കെ വസ‌്ത്രങ്ങൾ മാറ്റി, വീണ്ടും വീണ്ടും കൈകൾ കഴുകി, കുളിച്ചു.

സുരക്ഷാവസ‌്ത്രങ്ങൾ അണിഞ്ഞാൽ പിന്നൊന്നും മനസ്സിലില്ലായിരുന്നു. ആദ്യമായി സുരക്ഷാകിറ്റ‌് ധരിച്ചപ്പോൾ ആകെ വീർപ്പുമുട്ടി. ചൂടും അസ്വസ്ഥതയും വേറെയും. പിന്നെയൊന്നും വകവച്ചതേയില്ല. ശരിക്കുമൊരു യുദ്ധമായിരുന്നു. അതിൽ കുടുംബവും കൂട്ടുകാരും സർക്കാരും കൂടെനിന്നു’‐മോനിത പറഞ്ഞു. രോഗികളെ പരിചരിക്കാനും മറ്റും ഇടമുറിയാതെ പരിശീലനം നൽകിയാണ‌്  ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയതെന്ന‌് മെഡിക്കൽ കോളേജ‌്  ഇൻഫെക‌്ഷൻ ഹെഡ‌് നേഴ‌്സ‌് എൻ ശോഭന പറഞ്ഞു.

600‐ 700 പേർക്കാണ‌് പരിശീലനം കൊടുത്തത‌്. രോഗികളെ കൈകാര്യം ചെയ്യാനും സുരക്ഷാവസ‌്ത്രങ്ങൾ അണിയാനും വൈറസ‌്ബാധ തടയാനും പരിശീലിപ്പിച്ചു. മരണമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ കൃത്യമായി പറഞ്ഞുകൊടുത്തു. ഈ ജാഗ്രതയും പരിചരണ മികവുമാണ‌് രോഗബാധ ആരോഗ്യപ്രവർത്തകരിലേക്ക‌് പടരാതെ നോക്കിയതെന്ന‌് ശോഭന പറഞ്ഞു.

രണ്ടു മക്കളെ വീട്ടിലാക്കിയായിരുന്നു എല്ലാം മറന്നുള്ള രക്ഷാപ്രവർത്തനമെന്ന‌് മെഡിക്കൽ കോളേജ‌് ഐസൊലേഷൻ വാർഡിലെ നേഴ‌്സ‌് എ ഡി ദിവ്യ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top