29 February Saturday

എൻപിആർ: കേന്ദ്രം പുതുതായി ഉൾപ്പെടുത്തിയത്‌ എട്ട്‌ ചോദ്യം ; സെൻസസിൽ വിവാദ ചോദ്യങ്ങളില്ല

റഷീദ‌് ആനപ്പുറംUpdated: Thursday Jan 23, 2020

തിരുവനന്തപുരം > കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ തീരുമാനിച്ച ദേശീയ ജനസംഖ്യാ രജിസ്‌റ്റർ (എൻപിആർ) പുതുക്കാൻ പുതുതായി ഉൾപ്പെടുത്തിയത്‌ എട്ട്‌ ചോദ്യം. രക്ഷിതാക്കളുടെ ജനന തീയതി, ജനിച്ച സ്ഥലം, അവസാനം താമസിച്ച സ്ഥലം, ജീവിതപങ്കാളിയുടെ പേര്‌ , പാസ്‌പോർട്ട്‌ നമ്പർ, വോട്ടർ ഐഡി നമ്പർ, പാൻ കാർഡ്‌ നമ്പർ, ഡ്രൈവിങ്‌ ലൈസൻസ്‌ നമ്പർ എന്നിവയാണിത്‌. ഇതിൽ ആദ്യ രണ്ട്‌ ചോദ്യം ദേശീയ പൗരത്വ രജിസ്‌റ്റർ തയ്യാറാക്കുന്നതിനാണ്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ എൻപിആർ നടപ്പാക്കേണ്ടതില്ലെന്ന്‌ സംസ്ഥാനസർക്കാർ തീരുമാനിച്ചത്‌.

2010ലും 2015ലും എൻപിആർ തയ്യാറാക്കിയപ്പോൾ ഈ ചോദ്യങ്ങൾ ഇല്ലായിരുന്നു. 2010ൽ സെൻസസിനൊപ്പവും 2015ൽ സ്വന്തമായും ആണ്‌ വിവര ശേഖരണം നടത്തിയത്‌. 2010ൽ 13 ചോദ്യവും 2015ൽ ഒമ്പത്‌ ചോദ്യവുമായിരുന്നു. ഇതാണിപ്പോൾ 26 ആയി വർധിപ്പിച്ചത്‌. കുടുംബവിവരങ്ങളിൽ 28 ചോദ്യമാണുള്ളത്‌. അതിൽ വിവാദചോദ്യങ്ങൾ ഒന്നുമില്ല.   

പത്തുവർഷം കൂടുമ്പോൾ നിർബന്ധിതമായി നടത്തുന്നതാണ്‌ സെൻസസ്‌.  2011ലാണ്‌ അവസാനം തയ്യാറാക്കിയത്‌. നാടിന്റെ വികസനത്തിന്‌ ആവശ്യമായ പ്രധാനകണക്കാണിത്‌. കേരളത്തിൽ ആദ്യഘട്ടം ഏപ്രിൽ 15 മുതൽ മെയ്‌ 29 വരെയാണ്‌. വീടുകളുടെ കണക്കും അവസ്ഥയുമാണ്‌ തയ്യാറാക്കുക. കുടുംബനാഥന്റെ പേര്‌ മാത്രമാണ്‌ രേഖപ്പെടുത്തുക. തുടർന്ന്‌ 150 മുതൽ 180 വരെ വീടുകളെ ഉൾപ്പെടുത്തി സെൻസസ്‌ ബ്ലോക്ക്‌  തയ്യാറാക്കും. ഓരോ ബ്ലോക്കിനും ഒരു എന്യൂമെറേറ്ററുണ്ടാകും. രണ്ടാംഘട്ടത്തിലാണ്‌ കുടുംബ വിവരം ശേഖരിക്കുക.   2021 ഫെബ്രവരി ഏഴ്‌ മുതൽ 28വരെയാണ്‌ രണ്ടാംഘട്ടം.

ആദ്യഘട്ടത്തിനൊപ്പം എൻപിആർ പുതുക്കാനായിരുന്നു  കേന്ദ്രനിർദേശം. അതിനാലാണ്‌ ആദ്യഘട്ടം 45 ദിവസം നീക്കിവെച്ചത്‌. 30 ദിവസം സെൻസസിനും 15 ദിവസം എൻപിആറിനും എന്ന കണക്കിൽ. എൻപിആർ തയ്യാറാക്കില്ലെന്ന്‌ തീരുമാനിച്ചതിനാൽ 30 ദിവസംകൊണ്ട്‌ ആദ്യഘട്ടം പൂർത്തിയാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top