12 November Tuesday

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക്‌; ഇതരസംസ്ഥാന പ്രവാസികളെയും ഇനി നാട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി >   പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്‌സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയായ എമര്‍ജന്‍സി ആംബുലന്‍സ് സർവീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്. നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് എമര്‍ജന്‍സി ആംബുലന്‍സ് സർവീസ് ഉള്ളത്. സേവനം കേരളത്തിന്റെ തൊട്ടടുത്തുള്ള മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതു വഴി കേരളത്തിന്റെ വടക്കേ അറ്റത്തുള്ള  പ്രവാസികള്‍ക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

 അസുഖബാധിതരായി നാട്ടിലേക്ക്‌ മടങ്ങുന്ന വിദേശ മലയാളികളെയും, വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേയ്‌ക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്.
 
 ഇന്ത്യയിലെ ഇതരസംസ്ഥാന  പ്രവാസികള്‍ക്കും ഇനി ആംബുലന്‍സ് സേവനം ലഭ്യമാകും. ഇതരസംസ്ഥാനങ്ങളില്‍ വച്ച് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ ഇതരസംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നത്.

 പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ്‌ സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്‌. ബഹ്‌റിന്‍, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടന്‍, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സര്‍ലന്റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനേഷ്യ, ന്യൂസിലന്റ്, ടൊറോഡോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളായ പ്രവാസികളെയും മരണപ്പെട്ടവരുടെ ഭൗതികശരീരവും ആംബുലൻസ്‌ സേവനത്തിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.   

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top