07 July Tuesday

ഹെൽമറ്റ്‌ വേട്ട വേണ്ട; നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കൊച്ചി >  ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ റോഡിന് നടുവിലിറങ്ങി ബലം പ്രയോഗിച്ച് തടയരുതെന്ന് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ പഴയരീതികള്‍ ഉപയോഗിക്കുന്നതിന് പകരം ഡിജിറ്റല്‍ കാമറ, ട്രാഫിക്ക് നിരീക്ഷണ കാമറ, മൊബൈല്‍ ഫോണ്‍ കാമറ, ഹാന്‍ഡ് ഹെല്‍ഡ് കാമറ എന്നിവ മോട്ടോര്‍വാഹനവകുപ്പും പൊലീസും ഉപയോഗിക്കണമെന്ന്‌ ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച മുഫ്ലിഹ് എന്ന യുവാവിനെ കഴിഞ്ഞമാസം മലപ്പുറം രണ്ടത്താണിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ബൈക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ശരീരത്തില്‍ തട്ടി. തുടര്‍ന്ന് എതിരെ വന്ന കാറിലും ഇടിച്ചു. അപകടത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സെപ്കടര്‍ക്കും മുഫ്ലിഹിനും കൂടെയുണ്ടായ ഫര്‍ഹാനും പരുക്കേറ്റു. ഉദ്യോഗസ്ഥന് പരുക്കേറ്റ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മുഫ്ലിഹ് നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഉദ്യോഗസ്ഥന്‍ റോഡില്‍ ചാടിവീണ് ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഡ്വ. എം അജയ് വാദിച്ചു. വാഹനപരിശോധന സംബന്ധിച്ച ഡിജിപിയുടെ സര്‍ക്കുലറുകളും പ്രതിഭാഗം ഹാജരാക്കി.

ട്രാഫിക്ക് കുറ്റങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ കുറ്റവാളികളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും വേണ്ട എല്ലാവിധ തെളിവുകളും ലഭിക്കുമെന്നു കോടതി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി വയര്‍ലെസ് സംവിധാനം വഴിയോ മറ്റോ മറ്റുള്ളവരെ അറിയിച്ച് പിടികൂടാം. നിയമം അനുവദിക്കുകയാണെങ്കില്‍ വേഗത കുറക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാം.

വാഹന പരിശോധന മുന്‍കൂട്ടി പ്രഖ്യാപിച്ച നല്ല സ്ഥലത്ത് നടത്തണമെന്ന് 2012ല്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആളുകളെ ഓടിച്ചിട്ട് പിടിക്കുകയല്ല, സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യമിട്ടത്. റോഡിന് മുന്നില്‍ ചാടിയാല്‍ വാഹനം നിര്‍ത്തുമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്. ഹെല്‍മറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടിക്കരുത്. അങ്ങനെ ചെയ്യുന്നത് ഓടിക്കുന്നയാളുടെയും ഉദ്യോഗസ്ഥന്റെയും ജീവന് ഭീഷണിയാണ്. അത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

 പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട  സമയം അതിക്രമിച്ചു കഴിഞ്ഞു. യൂണിഫോമിലുള്ള പൊലീസുകാരനോ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ എങ്ങനെയൊക്കെ വാഹനം  തടയാമെന്ന് മോട്ടോര്‍ വെഹിക്കള്‍സ്(ഡ്രൈവിങ്) റെഗുലേഷനില്‍ പറയുന്നുണ്ട്. സാങ്കേതിക ഉപകരണങ്ങളോ സിഗ്നലിങ് ഡിസ്കോ റെഡ് ലൈറ്റോ ഉപയോഗിച്ചായിരിക്കണം അതു ചെയ്യേണ്ടത്. റോഡില്‍ ഇറങ്ങരുതെന്ന് വ്യവസ്ഥയുണ്ട്.

ഡിജിപിയുടെ 2012ലെ സര്‍ക്കുലര്‍ ഇപ്പോളും കടലാസില്‍ തുടരുകയാണ്. ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യവും അനുവദിച്ചു.


പ്രധാന വാർത്തകൾ
 Top