16 September Monday

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത‌്; നിപയെ പ്രതിരോധിച്ച ജനതയാണ‌് നാം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

തിരുവനന്തപുരം> എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുള്ളതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്‌. ദയവ് ചെയ്ത് സോഷ്യൽ മീഡിയകളിലൂടെയും മാധ്യമങ്ങളിലൂടെയും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങളും വ്യാജ വാർത്തകളും പരത്തരുത്. നാം ജാഗ്രതയോടെ നിപയെ പ്രതിരോധിച്ച് ലോകത്തിന് മാതൃകയായ ജനതയാണെന്നത് മറന്ന് പോവരുതെന്നും കോടിയേരി പറഞ്ഞു.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകരമായ നിലവിലുള്ള മാര്‍ഗ രേഖകള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റായ http://www.dhs.kerala.gov.in/ ല്‍ ലഭ്യമാണ്. വ്യാജവാർത്തകളിൽ വഞ്ചിതരാവാതിരിക്കാൻ ഈ വെബ്സൈറ്റിനെ പിന്തുടരുക. കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top