16 January Saturday

ഇനി 10 നാൾ ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020

  

 
കൽപ്പറ്റ
തദ്ദേശതെരഞ്ഞെടുപ്പിന്‌  ‌ ഇനി പത്ത്‌ നാൾ മാത്രം അവശേഷിക്കെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കളം അടക്കിവാണ്‌ എൽഡിഎഫ്. ‌ സംസ്ഥാന സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ പ്രചരിപ്പിച്ച്‌ വോട്ടർമാരുടെ മനസിൽ ഇടം നേടിയാണ്‌ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽ എൽഡിഎഫ്‌ മേൽകൈ നേടുന്നത്‌. 
തെരഞ്ഞെടുപ്പ്‌ ദിനം അടുത്തെത്തിയതോടെ ഒളിഞ്ഞും തെളിഞ്ഞും  ബിജെപിയുടെ സഹായം തേടുന്ന യുഡിഎഫ്‌ മുഖം തുറന്നുകാട്ടാനും എൽഡിഎഫിന്‌ കഴിയുന്നുണ്ട്‌.
582 വാർഡുകളിലാണ്‌  ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 
കോവിഡ്‌ കാല‌ നിയന്ത്രണങ്ങൾ പാലിച്ചാണ്‌‌ പ്രചാരണം. ജനപ്രതിനിധികളെന്ന നിലയിൽ പ്രവർത്തന പാരമ്പര്യമുള്ളവരെയും  യുവത്വത്തെയും വനിതകളെയും കുടുംബശ്രീ ഉൾപ്പടെ സാമൂഹ്യരംഗത്ത്‌ നിറഞ്ഞ്‌ നിൽക്കുന്നവരെയുമെല്ലാം കളത്തിലിറക്കിയുള്ള എൽഡിഎഫിന്റെ പോരാട്ടം വോട്ടർമാരിലും ആവേശമുണ്ടാക്കുന്നുണ്ട്‌. ചെറുസംഘങ്ങളായി  വീടുകളിൽ കയറിയുള്ള പ്രചരണങ്ങൾക്ക്‌ പുറമെ  സമൂഹമാധ്യമങ്ങൾ വഴിയും വോട്ടുപിടുത്തം സജീവമാണ്‌. എൽഡിഎഫിനായി  എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, ജനാധിപത്യമഹിളാ അസോസിയേഷൻ എന്നിങ്ങനെ വർഗ ബഹുജനസംഘടനകളുടെയയെല്ലാം പ്രത്യേകം സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്‌.  എൽഡിഎഫ്‌ സർക്കാർ ഭരണത്തിലേറിയതോടെ ഉണ്ടായ വികസനവും വികസനത്തിന്‌ തുരങ്കം വെക്കുന്ന യുഡിഎഫ്‌, ബിജെപി നിലപാടുകളും എൽഡിഎഫ്‌ പ്രചരണത്തിൽ ചർച്ചയാക്കുന്നുണ്ട്‌. 
വിമതശല്യത്തിന്റെ  അങ്കലാപ്പിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌. താഴെതട്ടിൽ പ്രവർത്തനമില്ലാത്തതിൽ സ്ഥാനാർഥികൾ നിരാശരാണ്‌. മൂന്ന്‌ നഗരസഭകളിലും നിരവധി പഞ്ചായത്തുകളിലും റിബലുകൾ ശക്തമായി രംഗത്തുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനം താളം തെറ്റിയതോടെ ബിജെപിയുമായി എല്ലാവിധ സഹായസഹകരണങ്ങളിലും ഏർപ്പെട്ടാണ്‌ യുഡിഎഫ്‌ പിടിച്ചുനിൽക്കാൻ പാടുപെടുന്നത്‌. 
ജില്ലയിൽ  എഴുപതിലധകം വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ചില മുൻ കോൺഗ്രസ്‌ നേതാക്കൾ ബിജെപി ടിക്കറ്റിലും മത്സരിക്കുന്നുണ്ട്‌. യുഡിഎഫിന്റെയും ബിജെപിയുടെയും ഇത്തരം അവിശുദ്ധ നീക്കങ്ങൾ ചർച്ചയാക്കിയും ഇരുവരുടെയും വികസനവിരുദ്ധത ചൂണ്ടികാട്ടിയും മികച്ച രീതീയിൽ മുന്നേറുകയാണ്‌ എൽഡിഎഫ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top