20 September Friday

രാഹുൽ ഗോബാക്ക്‌ സാമൂഹ്യമാധ്യമങ്ങളിൽ ലീഗിനെതിരെ കോൺഗ്രസിന്റെ അസഭ്യവർഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

 

കൽപ്പറ്റ
വയനാട്‌ സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധിയെ  എംഎസ്‌എഫ്‌ പ്രവർത്തകർ ഗോബാക്ക്‌ വിളിച്ചതിനെ തുടർന്ന്‌ കോൺഗ്രസ്‌–-ലീഗ്‌ അഭിപ്രായഭിന്നത രൂക്ഷം. എംഎസ്‌എഫ്‌ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ്‌ കെഎസ്‌യുവും യൂത്ത്‌ കോൺഗ്രസും  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുന്നത്‌.  ഗോബാക്ക്‌ വിളിയെ തള്ളിപ്പറിയാൻ ലീഗ്‌ ജില്ലാ നേതൃത്വം തയ്യാറായില്ല.
ബുധനാഴ്‌ചയാണ്‌ ബത്തേരി ഗസ്‌റ്റ്‌ ഹൗസിൽ എംഎസ്‌എഫ്‌ രാഹുലിന്‌ ഗോബാക്ക്‌ വിളിച്ചത്‌.  രാഹുലിനെ കാണാനെത്തിയ എംഎസ്‌എഫ്‌ പ്രവർത്തകരെ കെഎസ്‌യു തടഞ്ഞതാണ്‌ ഗോബാക്ക്‌ വിളിക്ക്‌ കാരണം .   ജില്ലയിൽ നിലവിലുള്ള കെഎസ്‌യു–-എംഎസ്‌എഫ്‌ അഭിപ്രായ ഭിന്നത രൂക്ഷമാണ്‌.  ഈ സാഹചര്യത്തിലാണ്‌ എംഎസ്‌എഫ്‌ നേതാക്കളെ തടഞ്ഞത്‌.  ബത്തേരി സംഭവത്തിന്‌ ശേഷം കൽപ്പറ്റയിൽ ഇരു വിഭാഗവും നേരിട്ട്‌ ഏറ്റുമുട്ടി. കെഎസ്‌യു ജില്ലാ പ്രസിഡന്റിന്‌ എംഎസ്‌എഫ്‌ പ്രവർത്തകരുടെ ചവിട്ടേൽക്കുകയും ചെയ്‌തു. ഇതിന്‌ പിന്നാലയാണ്‌ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച്‌ പോര്‌ ശക്തമാക്കിയത്‌. രാഹുൽഗാന്ധിക്കെതിരെയുള്ള ലീഗിന്റെയും എംഎസ്‌എഫിന്റെയും നിലപാട്‌ പക്വതയില്ലാത്തതാണെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ അഭിപ്രായപ്പെട്ടത്‌.  മുസ്ലീംലീഗിനെ മൂരിലീഗ്‌ എന്നതടക്കം വിളിച്ചാണ്‌ അപഹസിക്കുന്നത്‌.
രാഹുൽ വിജയിച്ചത്‌ കോൺഗ്രസിന്റെ കഴിവല്ലെന്നും ലീഗ്‌ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണെന്നും ലീഗ്‌ –-യൂത്ത്‌ ലീഗ്‌ പ്രവർത്തകർ സാമൂഹ മാധ്യമങ്ങളിലൂടെതന്നെ മറുപടി നൽകുന്നു. എന്നാൽ  കോൺഗ്രസ്‌ തിരിച്ച്‌ നന്ദി പ്രകടിപ്പിക്കുന്നില്ല. പകരം പൂർണമായും അവഹേളിക്കുകയും മാറ്റി നിർത്തുകയുമാണ്‌. കൽപ്പറ്റയിൽ എംപി ഓഫീസ്‌ ഉദ്‌ഘാടന ചടങ്ങിലടക്കം പ്രധാന ലീഗ്‌ നേതാക്കളെ അവഗണിച്ചതും ചിലർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ പോലും  തഴഞ്ഞു. ആൾക്കൂട്ടത്തിലായിരുന്നു അവരുടെ സ്ഥാനം. ഈ ചിത്രം അടക്കം ഉപയോഗിച്ചാണ്‌ കോൺഗ്രസിനെതിരെ ലീഗ്‌ ആഞ്ഞടിക്കുന്നത്‌. 
രാഹുൽഗാന്ധിയുടെ വിജയത്തിലെ അവകാശം പൂർണമായും കോൺഗ്രസ്‌ ഏറ്റെടുക്കുന്നതിൽ ലീഗ്‌ നേതൃത്വം നേരത്തെ അതൃപ്‌തി പരസ്യമായി വ്യക്തമാക്കിയത്‌. എന്നാൽ അതൊന്നും കോൺഗ്രസ്‌ നേതൃത്വം കാര്യമായി എടുത്തിരുന്നില്ല.   യുഡിഎഫ്‌ പരിപാടികളിൽ  പോലും കോൺഗ്രസ്‌ നേതാക്കൾ മാത്രം നിറഞ്ഞുനിൽക്കുകയാണ്‌. എസ്‌പിജി വിലക്കിന്റെ പേരിൽ ലീഗിലെ ഒന്നോ രണ്ടോ പേരെ മാത്രം പരിഗണിച്ച്‌ മറ്റുള്ളവരെ അവഗണിക്കുകയാണെന്നും ലീഗ്‌ നേതൃത്വം പറയുന്നു. എന്നാൽ കോൺഗ്രസ്‌ നേതാക്കൾക്ക്‌ എസ്‌പിജി വിലക്ക്‌ ബാധകമല്ലെന്നും അവർ പറയുന്നു.

 

പ്രധാന വാർത്തകൾ
 Top