09 July Thursday

പകരംവയ്‌ക്കാനില്ലാത്ത പ്രതിഭ: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
പുളിയാർമല
 ഇന്ത്യയാകെ സാന്നിധ്യം അറിയിച്ച പ്രതിഭയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഓർമപെടുത്തലിന്റെ ആവശ്യം അദ്ദേഹത്തിന്‌ വേണ്ടതില്ല. എം പി വീരേന്ദ്രകുമാറിന്റെ സംസ്‌ക്കാരചടങ്ങിന്‌ ശേഷം വസതിയിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മരണം വരെ ഇടതുപക്ഷ പ്രത്യയശാസ്‌ത്രത്തിൽ നിന്നും വ്യതിചലക്കാൻ തയ്യാറായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. അഡ്വ. സന്തോഷ്‌ അനുശോചനപ്രമേയം അവതരിപ്പിച്ചു. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്‌ക്‌ പി ഹാരിസ്‌, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‌ണദാസ്‌, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവരും വിവിധ കക്ഷികളെ പ്രതിനിധീകരിച്ച്‌ എൻ ഒ ദേവസ്സി, വിജയൻ ചെറുകര, സി എം ശിവരാമൻ, പി പി ആലി, പി കെ ബാബു, എം സി സെബാസ്‌റ്റ്യൻ, മുഹമ്മദ്‌ പഞ്ചാര എന്നിവരും സംസാരിച്ചു.
എന്നും ഇടതുപക്ഷമനസ്സ്‌: സി കെ ശശീന്ദ്രൻ എംഎൽഎ  
കൽപ്പറ്റ
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ  അനുശോചിച്ചു.വയനാട്ടില്‍ നിന്ന് ദേശീയ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന  വീരേന്ദ്രകുമാറിന്റെ വേര്‍പാട് ദേശീയ രാഷ്ട്രീയത്തിനും പ്രത്യേകിച്ച്‌ കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ്‌. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ രാജ്യത്തെ തല മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ വീരേന്ദ്രകുമാര്‍ എക്കാലവും ഇടതുപക്ഷത്തോട്‌ ചേര്‍ന്ന് നിന്നു. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലും നടത്തി. വയനാടിന്റെ വികസനത്തില്‍ ജനപ്രതിനിധിയായ സമയത്തെല്ലാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു. 
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ: ഒ ആർ കേളു എംഎൽഎ
രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എം പി വീരേന്ദ്രകുമാറെന്ന്‌ ഒ ആർ കേളു എംഎൽഎ അനുശോചനസന്ദേശത്തിൽ പറഞ്ഞു.  പൊതുപ്രവർത്തനരംഗത്ത് കർമനിരതനായിരിക്കെയുണ്ടായ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക  മണ്ഡലങ്ങൾക്ക്  നികത്താനാവാത്ത നഷ്ടമാണ്. പ്രവർത്തന മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച്‌ എന്നും ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപിടിച്ചു. വായനക്കാരന്റെ മനസ് കീഴടക്കിയ എഴുത്തും, മികച്ച സഞ്ചാരിയുമായ  അദ്ദേഹത്തിന്റെ  വേർപാട് ഏറെ വേദനാജനകമാണെന്നും ഒ ആർ കേളു പറഞ്ഞു. 
വർഗീയതക്കെതിരെ ശക്തമായ നിലപാട്‌ : പി ഗഗാറിൻ
എം പി വീരേന്ദ്രകുമാറിന്റെ വേർപാടിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ അനുശോചിച്ചു. സോഷ്യലിസ്‌റ്റ്‌ കാഴ്‌ചപ്പാടുകളിലൂടെ ജനാധിപത്യ–-മതേതര പ്രസ്ഥാനങ്ങൾക്ക്‌ ഊർജം നൽകാൻ വിരേന്ദ്രകുമാർ മുൻനിരയിൽ പ്രവർത്തിച്ചു. വിശാലമായ ചിന്തയിലൂടെയും രാഷ്‌ട്രീയ കാഴ്‌ചപ്പാടിലൂടെയും  രാജ്യത്തിന്‌  മുന്നിൽ വയനാടിന്റെ അഭിമാനമായി മാറി. വർഗീയതെക്കെതിരെ എന്നും ശകതമായ നിലപാട്‌ സ്വീകരിച്ചു. വയനാട് ജില്ലയുടെ പ്രഖ്യാപനത്തിലും, പ്രായോഗികമായി നടപ്പിലാക്കുന്നതിലും വീരേന്ദ്രകുമാര്‍ വഹിച്ച പങ്ക്  സ്മരണീയമാണെന്നും ഗഗാറിൻ പറഞ്ഞു. 
ബഹുമുഖ പ്രതിഭ: കെ വി മോഹനൻ 
സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾ എന്നും ഉയർത്തിപിടിച്ച ബഹുമുഖ പ്രതിഭയെയാണ്‌ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ നഷ്‌ടമായതെന്ന്‌ എൽഡിഎഫ്‌  ജില്ലാ കൺവീനർ കെ വി മോഹനൻ അനുശോചിച്ചു. വർഗീയതയെ എതിർക്കുന്നതിൽ എല്ലാ കാലവും മുന്നണിയിൽ നിന്നും പ്രവർത്തിച്ചു. രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രവർത്തനം ജനകീയമാക്കിമാറ്റി രാഷ്‌ട്രീയ എതിരാളികൾക്ക്‌ പോലും ആദരണീയനായി. 
പൗരാവകാശം ഉയർത്തിപ്പിടിച്ചു: ഒ കെ ജോണി
കേരളത്തിന് നഷ്ടമായത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളെയാണെന്ന്‌ എഴുത്തുകാരൻ ഒ കെ ജോണി അനുശോചിച്ചു.  കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൗരാവകാശങ്ങൾക്കും പരിസ്ഥിതിസംരക്ഷണത്തിനുംവേണ്ടിയുള്ള പ്രക്ഷോഭങ്ങളെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കിയ ജനകീയ  നേതാവായിരുന്നു വീരേന്ദ്രകുമാർ. ലോകം മുഴുവൻ സഞ്ചരിച്ചിട്ടും ഒരു ഗ്രാമീണനായി സാധാരണക്കാരോടൊപ്പം ജീവിക്കാനാഗ്രഹിച്ച മനുഷ്യസ്‌നേഹിയായിരുന്നെന്നും ജോണി അനുശോചിച്ചു.
എന്നും സ്‌മരിക്കപ്പെടും: സിപിഐ
വീരേന്ദ്രകുമാറിന്റെ സംഭാവനകൾ എന്നും സ്‌മരിക്കപ്പെടുമെന്ന്‌ സിപിഐ ജില്ലാ കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.  ദേശീയ രാഷ്ട്രീയത്തിലെ ഗ്രാമീണ വിശുദ്ധിയായിരുന്നു. വയനാടിന്റെ വികസനത്തിന്‌ നിരവധി സംഭാവനകൾ ചെയ്‌തു.  രാഷ്ട്രീയവും, മാധ്യമ പ്രവർത്തനവും   എഴുത്തുമെല്ലാം സമന്വയിപ്പിക്കുന്നതിലും സമൂഹത്തിന്റെ വിവിധങ്ങളായ അഭിപ്രായങ്ങളെ ഒന്നിച്ച് കൊണ്ടു പോകുന്നതിലും  പ്രത്യേകം ശ്രദ്ധ പുലർത്തിയ നേതാവായിരുന്നു.  ദേശീയ രാഷ്ട്രീയത്തിലും ഏറ്റെടുത്ത ചുമതലകളിലെല്ലാം  തന്റേതായ കൈയ്യൊപ്പ്  ചാർത്തിയാണ് വീരേന്ദ്രകുമാർ ഓർമ്മയാകുന്ന അനുശോചന സന്ദേശത്തിൽ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top