25 May Monday

ലോക്ക്‌ഡൗൺ ലംഘനത്തിന്‌ കേസ്‌ വനപാതയിൽ കുടുങ്ങിയ കുടുംബം ബംഗളൂരുവിലേക്ക്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ബത്തേരി 
ബംഗളൂരുവിൽ നിന്നും കാർമാർഗം മട്ടന്നൂരിലേക്ക‌് പുറപ്പെട്ട‌് കേരള﹣-കർണാടക അതിർത്തി ചെക്ക‌്പോസ‌്റ്റുകൾക്കിടയിലെ വനപ്രദേശത്ത‌് കുടുങ്ങിയ കുടുംബത്തെ തിരിച്ചയച്ചു. രാവും പകലുമായി 34 മണിക്കൂറാണ്‌ മട്ടന്നൂർ സ്വദേശി ഫൈസലും കുടുംബവും വനപാതയിൽ കുടുങ്ങിയത്‌. രണ്ട്‌ കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബമാണ്‌ സർക്കാർ നിർദേശം പാലിക്കാതെ ശനിയാഴ‌്ച രാവിലെ ഏഴോടെ കർണാടക അതിർത്തി പിന്നിട്ട‌് മുത്തങ്ങ തകരപ്പാടിയിലെത്തിയത്‌.  അതിർത്തി അടച്ചതിനാൽ ഇവർക്ക്‌ വയനാട്ടിലേക്ക്‌ പ്രവേശിക്കാനായില്ല.  
ഇതോടെ കുടുംബം കർണാടകയിലേക്ക‌് തിരിച്ചെങ്കിലും മൂലഹള്ള ചെക്ക‌്പോസ‌്റ്റിൽ  തടഞ്ഞു.  വീണ്ടും കേരളത്തിലേക്ക‌് മടങ്ങിയ കുടുംബം   ചെക്ക‌്പോസ‌്റ്റുകൾക്കിടയിലെ വനപ്രദേശത്ത‌് കാർ നിർത്തിയിട്ടു. ഒരു കാരണവശാലും കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും അധികൃതർക്ക്‌. ബംഗളൂരുവിൽ നിന്നും മാക്കൂട്ടം വഴി മട്ടനൂരിലേക്ക‌് പോകാനാണ‌് ഇവർ പുറപ്പെട്ടതെങ്കിലും മാക്കൂട്ടം അതിർത്തി കർണാടകം മണ്ണിട്ടടച്ചതിനാലാണ‌് യാത്ര മുത്തങ്ങ വഴിയാക്കിയത‌്. 
അനിശ‌്ചിതത്വത്തിനൊടുവിൽ ഞായറാഴ‌്ച  ബംഗളൂരുവിലെ ജനപ്രതിനിധി ഇടപെട്ട്‌  ഇവർക്ക‌് ബംഗളൂരുവിലേക്ക‌് തിരിച്ചു പോകാൻ അവസരമൊരുക്കി. വർഷങ്ങളായി ബംഗളൂരുവിലാണ‌് കുടുംബം താമസിക്കുന്നത‌്. ലോക്ക്‌ഡൗണും നിരോധനാജ്ഞയും ലംഘിച്ച്‌ സഞ്ചരിച്ചതിന്‌ ഫൈസലിനെതിരെ(38)  ബത്തേരി പൊലീസ്‌ കേസെടുത്തു. കേരള എപിഡമിക്  ഡിസീസ് ഓർഡിനൻസ്  പ്രകാരമാണ്  കേസ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top