17 January Sunday

മാനന്തവാടി നഗരസഭ മുന്നേറി ഇടതുപക്ഷം; ഭരണത്തുടർച്ച സുനിശ്ചിതം

സ്വന്തം ലേഖകൻUpdated: Saturday Nov 28, 2020
മാനന്തവാടി
നഗരസഭയായ ശേഷമുള്ള രണ്ടാം തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ച്‌ മാനന്തവാടിയിൽ ഇടത്‌ മുന്നേറ്റം. ആദ്യനഗരസഭയിൽ വെന്നിക്കൊടി പാറിച്ച എൽഡിഎഫ്‌ അതിനേക്കാൾ മികച്ച വിജയത്തിലേക്കുള്ള കുതിപ്പിലാണ്‌.  മികവിലും പ്രചാരണത്തിലും സ്ഥാനാർഥികൾ ഏറെ മുന്നിൽ‌. ‌ ഒത്തൊരുമയോടെ ചിട്ടയായി പ്രവർത്തിക്കുകയാണ്‌.
സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടറിയായിരുന്ന കെ എം വർക്കി, കഴിഞ്ഞ ഭരണ സമിതിയിലെ ചെയർമാൻ വി ആർ പ്രവീജ്‌, വൈസ്‌ ചെയർപേഴ്‌സൻ പ്രതിഭാ ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ടി ബിജു, ശാരദാസജീവൻ, കൗൺസിലർമാരായ അബ്ദുൾ ആസിഫ്‌, കെ വി ജുബൈർ, സീമന്തിനി സുരേഷ്‌, പുഷ്‌പാ രാജൻ, എൽസമ്മ തോമസ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി കെ സുലോചന, സണ്ണി ജോർജ്‌ എന്നിവരുൾപ്പെടയുള്ള സ്ഥാനാർഥി നിരയാണ്‌ എൽഡിഎഫിന്റേത്‌. എല്ലാവരും വലിയ സ്വീകാര്യതയാണ്‌ ഇതിനകംതന്നെ നേടിയിട്ടുള്ളത്‌. 
കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ്‌ എൽഡിഎഫ്‌ പ്രചാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭയാണ്‌ മാനന്തവാടി. 36 ഡിവിഷനുകൾ‌. രാഷ്‌ട്രീയ വേർതിരിവുകളില്ലാതെ  എല്ലാഡിവിഷനുകളെയും ഒറ്റയൂണിറ്റായി കണ്ടായിരുന്നു  പദ്ധതികൾ നടപ്പാക്കിയത്‌. ജനകീയ ചെയർമാനായിരുന്നു പ്രവീജ്‌.
നഗരസഭകളിൽ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകിയത്‌ മാനന്തവാടിയായിരുന്നു. രണ്ടായിരത്തിഅഞ്ഞൂറോളം വീടുകളാണ്‌ നൽകിയത്‌. ഭവനരഹിതരില്ലാത്ത നഗരസഭ എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു പ്രവർത്തനം. പ്രധാന ഗ്രാമീണ പാതകളെല്ലാം നവീകരിച്ചു. ‌ കോവിഡിൽ‌ വൈകിയവയുടെ പ്രവൃത്തികൾ തുടങ്ങി. ചെരുപ്പ്‌ തുന്നി ജീവിക്കുന്നവർ, തട്ടുകടക്കാർ എന്നിവരുൾപ്പെടെയുള്ളവരെ‌ പരിഗണിച്ചു.    സംസ്ഥാന സർക്കാരിന്റെ പദ്ധതികളും ഒ ആർ കേളു എംഎൽഎയുടെ ഇടപെടലുകളും കുതിപ്പിന്‌ സഹായകമായി. പ്രളയകാലങ്ങളിലും കോവിഡ്‌ പ്രതിസന്ധിയിലും മികച്ച ഇടപെടലുകളാണ്‌ നടത്തിയത്‌. വിഭ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളിലും മുന്നേറ്റമുണ്ടാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top