01 December Tuesday

ജില്ലയിൽ 11 എണ്ണം തുറന്നു വിശപ്പകറ്റാൻ അടുക്കളകളൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
മാനന്തവാടി
കോവിഡ് കാലത്ത്‌ ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഊർജിത നടപടിയായി. ജില്ലയിൽ വിവിധയിടങ്ങളിൽ സമൂഹ അടുക്കളകൾ തുറന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. 11 കമ്മ്യൂണിറ്റി കിച്ചണുകളാണ് ആരംഭിച്ചത്. അഗതികൾക്കും, തെരുവിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിക്കാൻ ഇതുവഴി സാധിക്കും. വൈത്തിരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.  പൊലീസ്, ആരോഗ്യ വകുപ്പ് പ്രവർത്തകർക്കും   ഭക്ഷണം നൽകും. രാവിലെയും ഉച്ചയ്‌ക്കും രാത്രിയുമാണ്‌  ഭക്ഷണം നൽകുന്നത്.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ, മരുന്ന് തുടങ്ങിയവയും പ്രവർത്തകർ എത്തിച്ച് നൽകുന്നുണ്ട്. തെരുവിൽ കഴിയുന്നവർക്ക് സൗജന്യ ഭക്ഷണമാണ് ഉറപ്പാക്കുന്നത്. മറ്റുള്ളവർക്ക് 20 രൂപയ്‌ക്കാണ്‌  നൽകുന്നത്. ഇതിനോടകം മാസ്‌ക്, സാനിറ്റൈസർ എന്നിവ കുടുംബശ്രീ യൂണിറ്റുകൾ മുഖേന നിർമിച്ച് നൽകിയിട്ടുണ്ട്. കോളനികളിൽ ട്രൈബൽ ഡിപ്പാർട്ടമെന്റുമായി സഹകരിച്ച് ഇതരജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലെ കോളനികളിലേക്ക് എത്തുന്നവരുടെ കണക്ക് ശേഖരിക്കുകയും ബോധവൽക്കരണം നടത്തുന്നുമുണ്ട്‌. 
 മാനന്തവാടി  നഗരസഭ കുടുംബശ്രീയുമായി ചേർന്ന് കമ്യുണിറ്റി കിച്ചൺ സംവിധാനം ആരംഭിച്ചു.  ഗവ. യുപി സ്ക്കുളിലാണ് ഭക്ഷണം പാചകം ചെയ്ത് പാക്കറ്റുകളിലാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ,  കടവരാന്തകളിലും, കടത്തിണ്ണകളിലും കഴിയുന്ന  27 പേർ, മാനന്തവാടിയിൽ എത്തിയിട്ടുള്ള 56 സർക്കസ് കലാകാരൻമാർ, നഗരസഭ പരിധിയിലെ വിവിധ ഡിവിഷനുകളിൽ പ്രയാസമനുഭവിക്കുന്ന  150 പേർക്കാണ് ആദ്യ ദിനത്തിൽ ഉച്ചഭക്ഷണം നൽകിയത്. കോവിഡ് ഹോം കെയറിൽ  നിരീക്ഷണത്തിലുള്ള അന്യജില്ലക്കാരായ ആളുകൾ ഉൾപ്പെടെ 254 പേർക്ക് രാത്രി ഭക്ഷണവും നഗരസഭ വിതരണം ചെയ്തു.
ശനിയാഴ്ച മുതൽ വിവിധ കാരണങ്ങളാൽ പ്രയാസങ്ങളനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് 20 രൂപ നിരക്കിൽ കുടുംബശ്രീ മുഖേന ഉച്ചഭക്ഷണ പൊതികൾ നൽകും.  25 രൂപക്ക് ഹോം ഡെലിവറിയുമുണ്ടാക്കും. വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സ്പോൺസർഷിപ്പിലൂടെയാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top