28 May Saturday
സമ്പൂർണ വാക്‌സിനേഷൻ പൂർത്തീകരണം

മെഗാ വാക്‌സിനേഷൻ
ക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

മീനങ്ങാടി ചൂതുപാറയിലെ മെഗാ വാക്സിനേഷൻ ക്യാമ്പിൽ നിന്ന്‌

 കൽപ്പറ്റ

ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിന്റെ ഭാഗമായുള്ള മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങി. ജില്ലയിലെ  തദ്ദേശ സ്ഥാപനപരിധിയിലെ 43 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച നടന്ന പ്രത്യേക ക്യാമ്പുകളിൽ വൈകിട്ട് അഞ്ച് വരെ 4196 പേർ വാക്‌സിനെടുത്തു. പതിനെട്ട് വയസ്സിന് മുകളിലുള്ള 2275 പേരും പതിനഞ്ചിനും 17 നും ഇടയിലുള്ള 849 പേരും വാക്‌സിൻ സ്വീകരിച്ചു. 1072 പേരാണ് മുൻകരുതൽ വാക്‌സിനെടുത്തത്.  വെള്ളിയാഴ്ച നാൽപ്പതോളം കേന്ദ്രങ്ങളിൽ വാക്‌സിൻ നൽകും. ഇതോടെ വാക്‌സിനേഷൻ പൂർത്തീകരണ ജില്ലയെന്ന ലക്ഷ്യത്തിൽ വയനാട് ഇടംതേടും. അമ്പലവയൽ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്. അമ്പലവയൽ ഇതിനകം വാക്‌സിനേഷൻ പൂർത്തീകരണ ഘട്ടത്തിലാണ്. പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് കൂടിയാണ് മെഗാവാക്‌സിനേഷൻ  യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യം. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ, വിവിധ കാരണങ്ങളാൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർ, രണ്ടാം ഡോസ് എടുക്കാത്തവർ, ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ എന്നിവർക്കെല്ലാം ക്യാമ്പുകളിലെത്തി വാക്സിൻ സ്വീകരിക്കാൻ  സൗകര്യം ഒരുക്കിയിരുന്നു. തദ്ദേശ സ്ഥാപന അധികൃതർ,  വാർഡ് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, സ്‌കൂൾ–-- കോളേജ് അധ്യാപകർ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പിന്തുണയോടെയാണ്  ആദിവാസി മേഖലയിലുള്ളവരെ ക്യാമ്പുകളിൽ എത്തിക്കുന്നത്.  7500 ആളുകൾക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നിവ പ്രത്യേക വാക്‌സിനേഷൻ  ക്യാമ്പിലൂടെ  നൽകാൻ ലക്ഷ്യമിടുന്നത്.  പട്ടികവർഗ കോളനികളിൽനിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കുന്നുണ്ട്. കാക്കവയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വാക്‌സിനേഷൻ ക്യാമ്പ്   കലക്ടർ എ ഗീത സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.  മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയാണ് ജില്ലയിൽ  വാക്‌സിനേഷൻ യജ്ഞം ഏകോപിക്കുന്നത്. ജില്ലയിൽ 75 കേന്ദ്രങ്ങളാണ് രണ്ടു ദിവസമായി നടക്കുന്ന മെഗാവാക്‌സിനേഷനായി ഒരുക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top