08 July Wednesday

കോവിഡും തോറ്റു; അതിജീവിച്ച്‌ ‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

പരീക്ഷക്കെത്തിയ വിദ്യാർഥിയെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തക. കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ നിന്നുള്ള ദൃശ്യം

കൽപ്പറ്റ

സാമൂഹിക അകലം പാലിച്ച്‌  ആദ്യം കൈകഴുകൽ. പിന്നീട്‌ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ ആരോഗ്യപ്രവർത്തകരുടെ പരിശോധന. തുടർന്ന്‌ അധ്യാപകർ ഹാജറെടുത്ത്‌ മാസ്‌ക്ക്‌ നൽകി. മുഖാവരണം ധരിച്ച്‌ ഓരോരുത്തരായി പരീക്ഷാഹാളിലേക്ക്‌. പരീക്ഷ കഴിഞ്ഞ്‌ ഉത്തരക്കടലാസ്‌ പ്രത്യേക ബാഗിൽ നിക്ഷേപിച്ച്‌ തിരക്കില്ലാതെ പുറത്തേക്ക്‌.  ആശങ്കകളൊന്നുമില്ലാതെ  ജില്ലയിൽ  13290 കുട്ടികൾ  പരീക്ഷ എഴുതി.  കോവിഡ്‌ മുടക്കിയ എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷ ചൊവ്വാഴ്‌ച്ച തുടങ്ങിയപ്പോൾ മികച്ച വിജയത്തിനൊപ്പം ഈ ദുരിതകാലവും അതിജീവിക്കുമെന്ന ആത്മവിശ്വാസമായിരുന്നു വിദ്യാർഥികൾക്ക്‌.  പരീക്ഷ നടത്തരുതെന്നും മാറ്റിവക്കണമെന്നും ആവശ്യപ്പെട്ടവർക്ക്‌ പരീക്ഷ എഴുതി കുട്ടികൾ മറുപടി നൽകി. 

 ‘‘പരീക്ഷ നടക്കില്ലേയെന്ന ആശങ്കയുണ്ടായിരുന്നു.  തടസങ്ങളെല്ലാം  നീക്കി പരീക്ഷക്ക്‌ സർക്കാർ അവസരമൊരുക്കിയപ്പോഴാണ്‌ ആശ്വാസമായത്‌’’–- കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസുകാരി ആതിരയുടെ വാക്കുകളിൽ സർക്കാരിന്റെ കരുതലിനുള്ള നന്ദിയുമുണ്ടായിരുന്നു. നിർത്തിവച്ച പരീക്ഷ വീണ്ടും തുടങ്ങിയതിന്റെ ആശ്വാസമായിരുന്നു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും.

11794 വിദ്യാർഥികളാണ്‌ ജില്ലയിൽ പത്താം ക്ലാസ്‌ പരീക്ഷ എഴുതിയത്‌. 1496 വിദ്യാർഥികൾ വിഎച്ച്‌എസ്‌ഇ പരീക്ഷയും എഴുതി. 19992 വിദ്യാർഥികൾ ബുധനാഴ്‌ച തുടങ്ങുന്ന ഹയർസെക്കൻഡറി പരീക്ഷയും എഴുതും. എസ്‌എസ്‌എൽസി പരീക്ഷക്ക്‌ 39 പേര്‍ ഹാജരായില്ല. വിഎച്ച്‌സിഇയിൽ 11 പേരും പരീക്ഷക്കെത്തിയില്ല. 

സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ.  കഴിഞ്ഞതിന്‌ ശേഷം സ്‌കൂൾ അധികൃതർ ക്ലാസ്‌ മുറികളും ബെഞ്ചുകളും ഡെസ്‌ക്കുകളും കസേരകളുമെല്ലാം അടുത്തദിവസത്തെ പരീക്ഷകൾക്കായി ശുചിയാക്കി.  കെഎസ്‌ആർടിസി സർവീസ്‌ ഉൾപ്പെടെ വിദ്യാർഥികൾക്കായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു. 

പ്രധാന വാർത്തകൾ
 Top