കരിമ്പാറക്കെട്ടിലെ വെള്ളിക്കൊലുസുപോലെ ഒഴുകുന്ന സൂചിപ്പാറ വെള്ളച്ചാട്ടം കാണാൻ വരുന്നവരുടെ ആദ്യ മനോഹരകാഴ്ച കശ്മീരാണ്. പേര് പോലെ തന്നെ പ്രകൃതി സൗന്ദര്യത്തിന്റെ പരിഛേദമാണ് കശ്മീരും തൊട്ടടുത്തുള്ള പുത്തുമലയും. അതുവരെ ആസ്വദിച്ച തോട്ടം കാഴ്ചകളിൽനിന്നും ഏറെ വ്യത്യാസം. കണ്ണ് പറിച്ചെടുക്കുന്ന പ്രകൃതി സൗന്ദര്യം. പൂത്തുനിൽക്കുന്ന മല. മനോഹരമായ പെയിന്റിങ് പോലെ മനസിലേക്കാഴ്ന്നിറങ്ങും ഈ നാട്.
ഒരു കിലോമീറ്റർ ദൂരമുള്ള ആ സുന്ദരക്കാഴ്ച ഇനിയില്ല. കശ്മീരിലെ സൗന്ദര്യത്തിനപ്പുറത്തെ ഭീകരദൃശ്യമായി പുത്തുമല മാറി. ദുരന്തം പുത്തുമലയിൽ പൂത്തു. നോവുന്ന കാഴ്ചകളാണ് ഇന്നിവിടം. നെഞ്ചുപിളർക്കുന്ന കാഴ്ചക്കൾക്കുപരി അഞ്ച് മനുഷ്യർ ഇന്നും മണ്ണിനടിയിലാണ്. പുത്തുമല നിവാസികളുടെ ജീവിതം പിച്ചിച്ചീന്തിയ ഉരുൾപൊട്ടൽ. ആഗസ്ത് ഒമ്പത്. ഉച്ചകഴിഞ്ഞ് 4.30. പച്ചക്കാട് മലയൊന്നാകെ ഭീകരദൃശ്യമായി ഒലിച്ചിറങ്ങിയ സമയം. 300 പേരെയുമെടുത്ത് ഒഴുകാൻ വന്ന ദുരന്തം. നമുക്ക് നഷ്ടമായത് 17 പേരെയാണ്. ബാക്കിയുള്ള മുഴുവൻ ജീവനുകളുടെയും രക്ഷപ്പെടൽ അത്ഭുതകരമാണ്. വൻ ദുരന്തത്തിൽ നിന്നുള്ള രക്ഷപ്പെടൽ. യഥാസമയം ചിലരെടുത്ത തീരുമാനങ്ങൾ. മുഴുവൻ പേരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ദീർഘദൃഷ്ടിയും നിശ്ചയദാർഡ്യവും. അവരോട് നാടൊന്നാകെ കടപ്പെട്ടിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..