കൽപ്പറ്റ
മഴക്കാലം അടുത്തതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ഭരണസംവിധാനം. ഉരുൾപൊട്ടലുൾപ്പെടെയുള്ള അപകടസാധ്യതാ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ യോഗത്തിന്റേതാണ് തീരുമാനം. രണ്ടുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനും നിർദേശം നൽകി. ജില്ലാതല ഉദ്യോഗസ്ഥർ കലക്ടറുടെ അനുമതിയില്ലാതെ ജില്ലവിട്ട് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളിൽ പോകുമ്പോൾ പകരം ഉദ്യോഗസ്ഥരെ നിയമിക്കണം. ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തണം. മുന്നറിയിപ്പ് നൽകി പകൽസമയത്ത് മാത്രമേ ഡാം തുറക്കാവൂ. ജില്ലാ, -താലൂക്ക്തലങ്ങളിൽ കൺട്രോൾ റൂം കാര്യക്ഷമമാക്കണം. ക്യാമ്പുകൾക്കായി അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥലം കണ്ടെത്തണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും സ്ഥാപിച്ച അപകടഭീഷണിയുള്ള പരസ്യബോർഡുകൾ നീക്കണം.
സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂളുകളിൽ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ലാബുകളിൽ പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. കൃഷിനാശം, അപകടങ്ങൾ, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസംകൂടാതെ തുടർനടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശം നൽകി. എഡിഎം എൻ ഐ ഷാജു, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..