29 February Saturday
മനുഷ്യമഹാശൃംഖല ഇന്ന്‌

കൈകോർക്കാം...ഒന്നിക്കാം

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം മാനന്തവാടിയിൽ നടത്തിയ വിളംബരജാഥ

കൽപ്പറ്റ
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനമായ ഞായറാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ തീർക്കുന്ന മനുഷ്യമഹാശൃംഖലക്ക്‌ ഇനി മണിക്കൂറുകൾ മാത്രം. മാനന്തവാടി ഗാന്ധി പാർക്ക്‌ മുതൽ കൽപ്പറ്റവരെ 34 കിലോമീറ്ററാണ്‌  മനുഷ്യമഹാശൃംഖല തീർക്കുന്നത്‌. അരലക്ഷത്തോളംപേർ  കണ്ണികളാകും. ഞായറാഴ്‌ച പകൽ 3.30ന്‌ റിഹേഴ്‌സൽ നടക്കും.  നാലിന്‌ ശൃംഖല തീർത്ത്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞചൊല്ലും. മാനന്തവാടി ഗാന്ധിപാർക്കിൽ   മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയാവും.  കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡിൽ സി കെ ശശീന്ദ്രൻ എംഎൽഎ അവസാന കണ്ണിയാവും.   മനുഷ്യശൃംഖല മാനവീകതയുടെ മഹാശൃംഖലയായി ചരിത്രത്തിൽ ഇടംനേടും.  
ജാതിമത, വർഗ–-വർണ വ്യത്യാസമില്ലാതെ ജില്ലയുടെ മതേതര മനസ്സുകൾ പൗരത്വനിയമം ഭേദഗതിക്കെതിരെ  പ്രതിരോധം തീർക്കും.  സാമൂഹിക രാഷ്‌ട്രീയ പ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്‌ക്കാരിക നേതാക്കൾ,  കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ, സ്‌ത്രീകൾ, കുട്ടികൾ, ആദിവാസികൾ, തൊഴിലാളികൾ തുടങ്ങി സമൂഹമൊന്നാകെ വിഭജന നിയമത്തിനെതിരെ ഒന്നിക്കും. പൗരത്വത്തിന്റെ പേരിൽ  രാജ്യത്തെ വിഭജിക്കുന്നതിനെതിരെ തീർക്കുന്ന  മഹാശൃംഖല വിജയിപ്പിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആഴ്‌ചകൾ നീണ്ട വിപുലമായ  പ്രചാരണമാണ്‌ നടത്തിയത്‌.  ശനിയാഴ്‌ചയും വിളംബരജാഥകളും കുടുംബസദസ്സുകളും നടന്നു.  ഓരോപ്രദേശങ്ങളിൽനിന്നുള്ളവർ ശൃംഖലയിൽ കണ്ണികളാകേണ്ട ഭാഗം റോഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. മാനന്തവാടി മുതൽ കൽപ്പറ്റവരെ 17 ഇടങ്ങളിൽ  പൊതുയോഗങ്ങളുണ്ടാകും. 
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, എൽഡിഎഫ്‌ കൺവീനർ കെ വി മോഹനൻ എന്നിവർ മാനന്തവാടിയിൽ പങ്കെടുക്കും. 
 
പ്രധാന വാർത്തകൾ
 Top