27 November Saturday

സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു

പുൽപ്പള്ളി
   സമരപോരാട്ടങ്ങളുടെ കുടിയേറ്റ ഭൂമിയിൽ  സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനത്തിന്‌  ഉജ്വല തുടക്കം.  പുൽപ്പള്ളി കെ എസ്‌ കുഞ്ഞൻ നഗറിൽ  (കബനി ഓഡിറ്റോറിയം)  മുതിർന്ന നേതാവ് കെ എൻ സുബ്രഹ്മണ്യൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ തുടങ്ങിയത്‌.  കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു.  പ്രകാശ്‌ ഗഗാറിൻ താൽക്കാലിക അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു രക്തസാക്ഷി പ്രമേയവും  ഇ കെ ബാലകൃഷ്‌ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി എസ്‌ ജനാർദനൻ സ്വാഗതം പറഞ്ഞു. 
   പ്രകാശ്‌ ഗഗാറിൻ (കൺവീനർ), ഷിജി ഷിബു, ജിഷ്‌ണു ഷാജി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെ എൻ സുബ്രഹ്മണ്യൻ, അനിൽ സി കുമാർ,  പി ജെ പൗലോസ്‌ എന്നിവർ കൺവീനർമാരായി മറ്റ്‌ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു അവതരിപ്പിച്ച റിപ്പോർട്ടിൽ ഗ്രൂപ്പ്‌ ചർച്ചയ്‌ക്ക്‌ ശേഷം പൊതുചർച്ച ആരംഭിച്ചു. ഏഴ്‌  ലോക്കലുകളിൽനിന്നുള്ള 100 പ്രതിനിധികളും  16 ഏരിയാ കമ്മിറ്റിയംഗങ്ങളുമടക്കം  116 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. 
മുതിർന്ന സിപിഐ എം നേതാവ്‌ പി എ മുഹമ്മദ്‌,  ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്‌, കെ റഫീഖ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എസ്‌ ജനാർദനൻ, ടി ബി സുരേഷ്‌, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 
   പുൽപ്പള്ളിയിലെ  മുതിർന്ന സിപിഐ എം നേതാവ്‌ പി കെ മാധവൻ, ടി ആർ കൗസല്യ തുടങ്ങി പതിനഞ്ച്‌  പഴയകാല നേതാക്കളെയും ഓർമശക്തി തെളിയിച്ച്‌ ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിൽ ഇടംപിടിച്ച ആറുവയസ്സുകാരി അന്ന സന്തോഷിനെയും സമ്മേളനത്തിൽ ആദരിച്ചു.  വ്യാഴാഴ്‌ച ചർച്ചക്ക്‌ മറുപടി,  ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്‌,  ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം എന്നിവയോടെ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top