22 October Friday
പ്ലസ്‌ വൺ പരീക്ഷ തുടങ്ങി

കരുതലോടെ അവർ പരീക്ഷ എഴുതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്എസ് സി പരീക്ഷക്കെത്തിയ വിദ്യാർഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നു

കൽപ്പറ്റ
 അനിശ്‌ചിതത്വങ്ങൾക്ക്‌ വിരാമമിട്ട്‌ ജില്ലയിലും പ്ലസ്‌ വൺ പരീക്ഷക്ക്‌ തുടക്കം.   കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചായിരുന്നു പരീക്ഷാ നടത്തിപ്പ്‌. ‌ കോവിഡ്‌ കാലത്ത്‌ പ്രതിസന്ധികളിൽ പതറാതെ പൊരുതി മുന്നേറാം എന്ന സന്ദേശമാണ്‌ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങൾ പകർന്നത്‌. ജില്ലയിൽ  9899 വിദ്യാർഥികളാണ്‌ പ്ലസ് വൺ പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റർ ചെയ്‌തത്‌. കോവിഡും പരീക്ഷ നീളുന്നതിലെ സമ്മർദങ്ങളുമെല്ലാം അതിജീവിച്ചാണ്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പരീക്ഷ എഴുതിയത്‌. ആദ്യ ദിനത്തിൽ വിഎച്ച്‌എസ്‌ഇ പരീക്ഷയും പ്ലസ്‌ വൺ സോഷ്യോളജി പരീക്ഷയുമായതിനാൽ കുട്ടികളും പരീക്ഷാ കേന്ദ്രങ്ങളും കുറവായിരുന്നു. തിങ്കളാഴ്‌ച മുതൽ കൂടുതൽ വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. ആറിന്‌ നടത്താനിരുന്ന പരീക്ഷയാണ്‌ കോടതി ഇടപെടൽ ഉൾപ്പടെയുള്ള കാരണങ്ങളാൽ വൈകിയത്‌. 
     പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ ശരീരോഷ്‌മാവ്‌ പരിശോധിച്ചാണ്‌ വിദ്യാർഥികളെ കടത്തിവിട്ടത്‌.  പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകി. വായുസഞ്ചാരവും  വെളിച്ചവും കൂടുതലുള്ള ക്ലാസ്‌ മുറികളാണ്‌ പരീക്ഷക്കായി തെരഞ്ഞെടുത്തത്‌. അധ്യാപകർ, ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം പരീക്ഷാ നടത്തിപ്പിന്‌ സഹായവുമായി രംഗത്തെത്തി. പരീക്ഷയ്‌ക്ക്‌ മുമ്പും ശേഷവും സാമൂഹിക അകലം പാലിച്ച്‌ വിദ്യാർഥികളും പരീക്ഷയുമായി സഹകരിച്ചു. ട്രൈബൽ മേഖലയിലെ വിദ്യാർഥികളെ പരീക്ഷയ്‌ക്കെത്തിക്കാൻ  ട്രൈബൽ വകുപ്പുമായി ചേർന്ന്‌ അധികൃതർ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഒക്‌ടോബർ 18നാണ് പരീക്ഷ അവസാനിക്കുന്നത്‌. 
കോവിഡ്‌ ബാധിതരും 
പരീക്ഷ എഴുതി
കോവിഡ്‌ മഹാമാരിയുടെ വെല്ലുവിളി അതിജിവീച്ച്‌  പോസിറ്റീവായ വിദ്യാർഥികളും പരീക്ഷയെഴുതി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി 11 കോവിഡ്‌ ബാധിതരാണ്‌ പരീക്ഷ എഴുതിയത്‌. പടിഞ്ഞാറത്തറ സ്‌കൂളിൽ മാത്രം 4 കുട്ടികൾ  ഈ രീതിയിൽ പരീക്ഷ എഴുതി. കോവിഡ്‌ ബാധിച്ച  വിദ്യാർഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർമാർക്കും പിപിഇ കിറ്റ്‌ ലഭ്യമാക്കി. പ്രത്യേക ക്ലാസ്‌ മുറിയിലായിരുന്നു പരീക്ഷ. വിദ്യാർഥികളെ കൊണ്ടുവരാനും പോവാനും ആരോഗ്യവകുപ്പ്‌ പ്രത്യേകം സൗകര്യം ഒരുക്കി. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top