06 July Wednesday

കുരുക്കുമായി സൈബർ ലോകം

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
 
കൽപ്പറ്റ
വിദേശത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും സോഷ്യൽമീഡിയ വഴി സഹായം തേടുന്നവരെയും വാഗ്‌ദാനം ചെയ്യുന്നവരെയും കരുതിയിരിക്കുക. അവർ നിങ്ങളുടെ അക്കൗണ്ടിലെ പണവുമായി മുങ്ങും. ഫേസ്‌ബുക്കിലും വാട്‌സ്‌ ആപ്പിലും വ്യാജ പ്രൊഫൈലുകൾ വഴിയുള്ള തട്ടിപ്പുകൾ ജില്ലയിലും കൂടുകയാണ്‌. അനാവശ്യമായി സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരെയാണ്‌ തട്ടിപ്പ്‌ സംഘം എളുപ്പത്തിൽ കബളിപ്പിക്കുന്നത്‌. 
 
തട്ടിപ്പുകൾ പലവിധം
തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും സൂത്രശാലികളുടെ കൈയിൽ പെട്ടുപോവുകയാണ് പലരും. കേസുകളിലെ പ്രതികളിൽ 90%  അന്യസംസ്ഥാനങ്ങളിൽനിന്നാണ് എന്നതാണ് മറ്റൊരു വസ്തുത. യുപി, ഗോവ, കർണാടക, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ ജില്ലയിലെ സൈബർ തട്ടിപ്പിലെ പ്രതികൾ. 
 ഉദ്യോഗാർഥികളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്‌ ജോലി, വിദ്യാഭ്യാസ അവസരം എന്നിവ വാഗ്‌ദാനംചെയ്‌താണ്‌ പ്രധാന തട്ടിപ്പ്‌. ജോലിക്കും വലിയ കോഴ്‌സുകൾക്ക്‌ അഡ്‌മിഷനുമായി ശരിയായ കാര്യംപോലും അന്വേഷിക്കാതെ തട്ടിപ്പുകാർ പറയുന്ന അക്കൗണ്ടിലേക്ക്‌ പണമയച്ച്‌ കുരുക്കിലായവർ ഏറെയാണ്‌. വ്യക്തികളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച്‌ അവരുടെ പ്രൊഫൈലിലെ ഫോട്ടോകൾ ഉപയോഗിച്ചാണ്‌ മറ്റൊരു തട്ടിപ്പ്‌. ഇത്തരം അക്കൗണ്ട്‌ നിർമിച്ച്‌ യഥാർഥ അക്കൗണ്ടിലെ സുഹൃത്തുക്കളോട്‌ ആശുപത്രിയിൽ ആണെന്നും മറ്റും പറഞ്ഞ്‌ പണം കൈക്കലാക്കുന്നവരുമുണ്ട്‌. ‌ആളുകൾ യഥാർഥ പ്രൊഫൈലുമായി ബന്ധപ്പെടുമ്പോഴാണ് ഈ തട്ടിപ്പിന്‌ ഇരയാകുന്നതുപോലും അറിയുന്നത്‌. സമൂഹ മാധ്യമങ്ങളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ടവരും ഏറെയാണ്. 
 
രജിസ്റ്റർ ചെയ്തത് 37 കേസുകൾ
ജില്ലയിൽ 2020 നവംബർ ഒന്നിന്‌ സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയതുമുതൽ 37 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21 കേസുകളിലും പ്രതികളെ പിടികൂടി. സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് ജില്ലയിൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 
വിദ്യാർഥികളുമായി ബന്ധപ്പെട്ട കേസുകളും കൂടുതലായി വരുന്നുണ്ട്. ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട കേസുകളിലും  കുറ്റകൃത്യം ഡിറ്റക്ട് ചെയ്യുന്ന സമയത്ത് സൈബർ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ 17 സ്റ്റേഷനുകളിലും ഐടി ആക്ടിൽ വരുന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും അതിൽനിന്ന്‌ വ്യത്യസ്‌തമായി  കൂടുതൽ ഗൗരവമുള്ള കേസുകളാണ് സൈബർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നത്.  
 
കുറ്റകൃത്യങ്ങൾ തടയാൻ ജില്ലാ സൈബർ പൊലീസ്
സ്കൂളുകൾ, കോളേജുകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ എന്നിവ മുഖേന ബോധവൽക്കരണ ക്ലാസുകൾ സൈബർ പൊലീസ് നൽകുന്നുണ്ട്. മാധ്യമങ്ങൾ വഴി പുതിയതരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വാർത്തകളും, കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്ന സമയം വാർത്തകളും നൽകി ജനങ്ങളെ ജാഗരൂകരാക്കുന്നു. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം പ്രചരിപ്പിച്ചും വിദ്യാഭ്യാസ സിലബസിൽ  ഉൾപ്പെടുത്തി നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ചും സൈബർ  കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാർഥികളെയും മുതിർന്നവരെയും ബോധവാന്മാരാക്കാമെന്ന്‌ ജില്ലാ സൈബർ പൊലീസ് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടാൽ പൊലീസിന്റെ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം.
Highlights : സൈബർ ആക്രമണങ്ങളെക്കുറിച്ച്‌ പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top