28 February Sunday

കാട്ടാനയാക്രമണത്തിൽ മരിച്ചത്‌ അധ്യാപിക റിസോർട്ട് അനധികൃതം; സുരക്ഷാ സംവിധാനങ്ങളില്ല

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

 

കൽപ്പറ്റ
കോളേജ്‌ അധ്യാപികയായ യുവതി കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടത്‌ മേപ്പാടി എളമ്പിലേരിയിലെ‌ അനധികൃത റിസോർട്ടിൽ. വന്യമൃഗശല്യമുള്ള വനാതിർത്തിയിൽ സുരക്ഷാമാനദണ്ഡങ്ങളില്ലാതെയാണ്‌ റിസോർട്ട്‌ പ്രവർത്തിച്ചിരുന്നത്‌. കണ്ണൂർ ചേലേരി സ്വദേശിയും പേരാമ്പ്രയിലെ സ്വകാര്യ കോളേജ്‌ അധ്യാപികയുമായ ഷഹാനയാണ്‌ ശനിയാഴ്‌ച രാത്രി മരിച്ചത്‌.
മതിയായ വഴി സൗകര്യം റിസോർട്ടിലേക്കില്ല. ഒമ്പത്‌ കിലോമീറ്ററോളം ഓഫ്‌ റോഡാണ്‌. ചുറ്റും വനമായിട്ടും ലൈറ്റിങ് സംവിധാനം  അപര്യാപ്‌തമാണ്‌.  കാട്ടാനാക്രമണം നടക്കുമ്പോൾ വെളിച്ചം തീരെ കുറവായിരുന്നു. ഫെൻസിങ്ങുമില്ല. യാതൊരു സുരക്ഷയുമില്ലാതെ പലക വിരിച്ച്‌ അതിന്‌ മുകളിൽ ടെന്റുകെട്ടിയാണ്‌ സഞ്ചാരികളെ താമസിപ്പിക്കുന്നത്‌. വന്യമൃഗങ്ങളുടെ സാനിധ്യം എപ്പോഴുമുള്ള പ്രദേശമാണിത്‌. 
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായാണ്‌ റിസോർട്ടിന്റെ പ്രവർത്തനമെന്ന്‌ സെക്രട്ടറി സലീം പാഷ പറഞ്ഞു. വനംവകുപ്പിന്റെ അനുമതിയും ഇല്ല. പതിനഞ്ചോളം ടെന്റുകളുണ്ട്‌‌. ഒന്നിൽ മൂന്നുപേർക്കുവരെ താമസിക്കാം. ‘റെയിൻ ഫോറസ്‌റ്റ്’‌ എന്ന പേരിൽ മൂന്ന്‌ റിസോർട്ടുകളാണുള്ളത്‌.
 ‘എക്‌സ്‌പ്ലോർ വയനാട്‌’ എന്നപേരിൽ പരസ്യം നൽകിയാണ്‌ സഞ്ചാരികളെ ആകർഷിക്കുന്നത്‌. എല്ലാദിവസങ്ങളിലും സഞ്ചാരികളുണ്ടാവും. ആഴ്‌ച അവസാനവും അവധി ദിനങ്ങളിലും തിരക്കേറും. വിവിധ ഏജൻസികളെ കൊണ്ട്‌ പരിസ്ഥിതി ക്യാമ്പും മറ്റും സംഘടിപ്പിച്ചാണ്‌ സഞ്ചാരികളെ ആകർഷിക്കുന്നത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും ഇതരസംസ്ഥാനക്കാരും പതിവായി എത്തും.
മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരംകണ്ടി ഉൾപ്പെടെയുള്ള മറ്റുഭാഗങ്ങളിലും ഇത്തരത്തിൽ അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്‌. വനമേലകളിലാണ്‌ അധികവും. പരിസ്ഥിതി ലോല മേഖലകളും ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുമാണിത്‌‌‌. തൊള്ളായിരം കണ്ടിയിൽ മാവോയിസ്‌റ്റ്‌ സാനിധ്യവുമുണ്ട്‌.‌ പൊലീസിന്‌ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളാണിത്‌.‌ പരിശോധന കുറവായതിനാൽ നിയമലംഘനങ്ങളും കൂടുതലാണ്‌. ജില്ലയിലെ മറ്റുഭാഗങ്ങളിലും ഇത്തരം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്‌. 
പൊലീസ്‌ 
കേസെടുത്തു
കൽപ്പറ്റ
റിസോർട്ടിൽ കാട്ടാനാക്രമണത്തിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട്‌ മേപ്പാടി പൊലീസ്‌ കേസ്‌ എടുത്തു. പ്രാഥമിക അന്വേഷണവും നടത്തി. റിസോർട്ട്‌ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയമലംഘനങ്ങളും  പരിശോധിക്കുമെന്നും പൊലീസ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top