29 February Saturday
12,476 വീടുകൾ പൂർത്തിയായി

അവർ ഒത്തുചേർന്നു; ‘ലൈഫിന്റെ’ ആഹ്ലാദാരവങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

`ജില്ലാ ലൈഫ്‌ കുടുംബസംഗമം മന്ത്രി പി തിലോത്തമൻ ഉദ്‌ഘാനം ചെയ്യുന്നു

കൽപ്പറ്റ
പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും  മിഴിവേകി  "ലൈഫ്‌' ഗുണഭോക്താക്കളുടെ   ജില്ലാതല സംഗമം.  സംസ്ഥാന സർക്കാരിന്റെ സ്‌നേഹ തണലിൽ ലൈഫ്‌ വീടൊരുക്കിയ നൂറുകണിന്നുപേർ സംഗമത്തിനെത്തി.  മന്ത്രി പി തിലോത്തമൻ പാർപ്പിട പദ്ധതി ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക്‌ തലത്തിലും നഗരസഭാ തലത്തിലും ഗുണഭോക്താക്കളുടെ സംഗമത്തിനുശേഷമായിരുന്നു ജില്ലാതല സംഗമം.  വീടെന്നത്‌ സ്വപ്‌നം മാത്രമായിരുന്നവർക്കും  പാതിവഴിയിൽ നിർമാണം നിലച്ചുപോയവർക്കുമെല്ലാം ജീവിതത്തിലെ പുതിയ അധ്യായമാണ്‌ ലൈഫ്‌ പദ്ധതി തുറന്നുകൊടുത്തത്‌. വലിയ  സ്വപ്‌നം സാക്ഷാത്‌കരിച്ചതിന്റെ  ആഹ്ലാദത്തിലാണ്‌ എല്ലാവരും  സംഗമത്തിനെത്തിയത്‌. 
ഇനിയും സ്വന്തമായി സ്ഥലമോ ഭവനമോ ഇല്ലാത്തവർക്ക്‌  ഫ്‌ളാറ്റ്‌ സമുച്ചയം നിർമിക്കുന്നതിന്റെ പ്രവർത്തനങ്ങളും സംഗമം വിലയിരുത്തി.  സമ്പൂർണ പാർപ്പിട പദ്ധതിയുടെ (ലൈഫ്) ജില്ലാതല പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലായിരുന്നു കുടുംബസംഗമം.   പഞ്ചായത്ത്‌ തലത്തിൽ ഒരോവാർഡിലും വീട്‌ ലഭിച്ചവരാണ്‌ സംഗമത്തിനെത്തിയത്‌.  പദ്ധതിക്ക്‌  തദ്ദേശസ്ഥാപനങ്ങളിൽ നേതൃത്വം നൽകിയ  ജനപ്രതിനിധികളും എംഎൽഎമാരും വിവിധവകുപ്പ്‌ ഉദ്യോഗസ്ഥരും സംഗമത്തിന്‌ എത്തിയത്‌ ആവേശമായി. ഗുണഭോക്താക്കൾക്ക്‌  ജീവനോപാധിക്കുള്ള വഴികളും തുറന്നാണ്‌ സംഗമം സമാപിച്ചത്‌.   പദ്ധതിക്ക്‌ വിവിധ മേഖലകളിൽ സേവനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ ലൈഫ്‌ മിഷൻ കോ–-ഓർഡിനേറ്റർ കെ സിബി വർഗീസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കലക്ടർ അദീല അബ്ദുളള, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ പ്രഭാകരൻ, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ തമ്പി, ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത ശശി, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ബാബു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ  പ്രസിഡന്റ്‌ പി ടി നാസർ എന്നിവർ സംസാരിച്ചു. 
ജില്ലയിൽ ലൈഫിൽ ഇതുവരെ പൂർത്തിയായത്‌ 12,476 വീടുകളാണ്‌. എഗ്രിമന്റ്‌ വെച്ചതിൽ 4056 വീടുകളാണ്‌ ഇനി പൂർത്തിയാക്കാനുള്ളത്‌. ഒന്നാം ഘട്ടത്തിൽ മാത്രം 6362 പട്ടികവർഗക്കാർക്ക്‌ വീട്‌ ലഭിച്ചു. 
പ്രധാന വാർത്തകൾ
 Top