18 November Monday

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം ജില്ലയ്ക്ക് 3 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 

കൽപ്പറ്റ
ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ കൃഷി, ജല വിഭവ മേഖലകളിൽ മികച്ച പ്രകടനം നടത്തിയതിന്‌ ജില്ലയ്ക്ക് പ്രത്യേക വിഹിതമായി മൂന്ന് കോടി ലഭിച്ചു. രാജ്യത്ത് പദ്ധതിയ്ക്ക് കീഴിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ഭാഗമായാണ് തുക ലഭിച്ചത്. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ  കലക്ടർ എ ആർ അജയകുമാർ അധ്യക്ഷനായി. നോഡൽ ഓഫീസറും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഡയറക്ടർ ജനറലുമായ ഡോ. വി പി ജോയ് പദ്ധതി വിശദീകരിച്ചു.  ആരോഗ്യവും പോഷകാഹരവും, വിദ്യാഭ്യാസം, കൃഷിയും ജല വിഭവങ്ങളും, നൈപുണ്യ ശേഷി വികസനവും, അടിസ്ഥാന സൗകര്യംവുമാണ്‌ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൽ ഉൾപ്പെടുന്നത്‌. ലഭിച്ച മൂന്നു കോടി രൂപ ഈ മേഖലളിലെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ആരോഗ്യ മേഖലയിൽ വരദൂർ, മുള്ളൻകൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ 60 ലക്ഷം രൂപ വീതം 1 കോടി 20 ലക്ഷം രൂപ അനുവദിച്ചു. കൃഷി മേഖലയിൽ മൈാബൈൽ സോയിൽ ടെസ്റ്റിങ് ലാബ് നിർമിക്കാൻ 50 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിൽ ജില്ലയിൽ സങ്കരയിനം കന്നുകാലികളിൽ ഡോർ ടു ഡോർ  കുത്തിവെപ്പ് നടത്തുന്നതിനുള്ള സമഗ്ര പരിപാടി നടപ്പിലാക്കാൻ 50 ലക്ഷം രൂപയും അനുവദിച്ചു.
 സ്മാർട്ട് അങ്കണവാടികൾ നിർമിക്കാൻ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് 1.2 കോടി നൽകും. കാപ്പംകൊല്ലി, പനമരത്ത്‌  വരദൂർ, മാനന്തവാടിയിൽ  കരയോത്തിങ്കൽ, ബത്തേരിയിൽ അമ്പതേക്കർ എന്നിവിടങ്ങളിലാണ് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുക.  ഒരു മാസത്തിനകം പ്രവൃത്തി ആരംഭിക്കും. സി കെ ശശീന്ദ്രൻ എംഎൽഎ, സബ് കലക്ടർ വികൽപ് ഭരദ്വാജ്, ആസ്പിരേഷണൽ ഡിസ്ട്രിക്ട് സ്‌പെഷ്യൽ ഓഫീസർമാരായ ഡോ. ജിതേന്ദ്ര നാഥ്, ജി ബാലഗോപാൽ, പ്രൊഫ. ടി മോഹൻബാബു തുടങ്ങിയവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top