12 November Tuesday
പിടിച്ചുകെട്ടിയ തോടിനെ നഗരസഭ സ്വതന്ത്രമാക്കി

ഇത്‌ നഗരസഭയുടെ പൊളിച്ചടുക്കൽ മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

 

 
കൽപ്പറ്റ
തോട്‌ കൈയേറിയുള്ള  കൽപ്പറ്റ നഗരസഭയുടെ അനധികൃതനിർമാണം നഗരസഭതന്നെ പൊളിച്ചുമാറ്റി. യുഡിഎഫ്‌ ഭരണസമിതിയുടെകാലത്ത്‌ നിർമിച്ച കൽപ്പറ്റ നഗരസഭാ കാര്യാലയമായ അനക്‌സ്‌ കെട്ടിടത്തിന്റെ ഭാഗമായുള്ള തോടിന്‌ കുറുകെയുള്ള സ്ലാബുകളും ഭിത്തികളുമാണ്‌ പൊളിച്ചു നീക്കിയത്‌. തോടുകൾ കൈയേറുന്നത്‌  വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന്‌ തടസ്സമാകുന്നത്‌ തിരിച്ചറിഞ്ഞാണ്‌ നഗരസഭയുടെ മാതൃകാ നടപടി. തോട്‌ വീതീകൂട്ടും. ബുധനാഴ്‌ച രാവിലെ പത്തിന്‌ ഡ്രില്ലിങ്‌ മെഷീൻ ഉപയോഗിച്ച്‌ സ്ലാബുകൾ പൊളിച്ചുതുടങ്ങി. പിന്നാലെ ജെസിബി ഉൾപ്പടെയുള്ളവ ഉപയോഗിച്ച്‌ ഭിത്തികളും മണ്ണും നീക്കി. പ്രളയത്തിന്‌ പിന്നാലെ ഞായറാഴ്‌ച പെയ്‌ത ഒറ്റപ്പെട്ട കനത്ത മഴയിലും നഗരസഭാപരിസരമടക്കം  വെള്ളത്തിൽ മുങ്ങിയിരുന്നു. 
2012ലാണ്‌ അനക്‌സ്‌ കെട്ടിടം നിർമാണം ആരംഭിച്ചത്‌. 2015ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിനെതിരെ പ്രതിപക്ഷാംഗങ്ങൾ ആക്ഷേപം ഉയർത്തിയിരുന്നു. തോട്‌ കൈയേറിയായിരുന്നു സുരക്ഷാഭിത്തി നിർമിച്ചത്‌. നിർമാണപ്രവൃത്തിയിലുടെ തോടിന്റെ വീതി മൂന്ന്‌ മീറ്ററിലധികം കുറഞ്ഞിരുന്നു. ഇതേരീതിയിൽ തോട്‌ കടന്നുപോകുന്ന മറ്റ്‌ ഭാഗങ്ങളിലും അനധികൃത നിർമാണം നടന്നിരുന്നു. തോട്‌ കൈയേറിയതോടെ പലയിടത്തും തോട്‌ ഇടുങ്ങുകയും മഴ പെയ്യുമ്പോൾ തോട്‌  കരകവിഞ്ഞ്‌ ഒഴുകാനും തുടങ്ങി.  തോടിന്റെ  വീതി കുറഞ്ഞതാണ്‌  സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും ദേശീപാതയിലുമെല്ലാം വെള്ളം കയറാൻ കാരണമെന്ന്‌ വ്യാപാരികളടക്കമുള്ളവർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഞായറാഴ്‌ച പെയ്‌ത മഴയിൽ കനറാബാങ്ക്‌ പരിസരം, പെട്രോൾപമ്പ്‌ എന്നിവടങ്ങളിൽ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തു. തോട്‌ വീതീകുട്ടിയാൽ മാത്രമേ വെള്ളം റോഡിലേക്കെത്തുന്നത്‌ തടയാൻ കഴിയൂ എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ അടിയന്തര ഇടപെടൽ നടത്തി നഗരസഭ സ്വന്തം തെറ്റ്‌ തിരുത്തി മാതൃകകാട്ടിയത്‌. വരും ദിവസങ്ങളിൽ തോട്‌ കൈയേറ്റത്തിനെതിരെ കൂടുതൽ നടപടി ഉണ്ടാവുമെന്ന്‌ നഗരസഭ ചെയർപേഴ്‌സണും അധികൃതരും വ്യക്തമാക്കി. തോട്‌ കൈയേറിയവർക്ക്‌ നോട്ടീസ്‌ നൽകും. തുടർ നടപടികളും സ്വീകരിക്കും. 
പ്രധാന വാർത്തകൾ
 Top