20 October Tuesday
ഇന്ന്‌ മന്ത്രി ഉദ്‌ഘാടനം ചെയ്യും

ഈ പാതകൾ മികവിന്റെ കണ്ണാടികൾ

സ്വന്തം ലേഖകൻUpdated: Thursday Sep 24, 2020

 

 
 
മാനന്തവാടി
തകർന്ന് തരിപ്പണമായ റോഡുകൾ എത്രത്തോളം നന്നാക്കമെന്ന ചോദ്യത്തിന് ഉത്തരമാണ് മാനന്തവാടി മണ്ഡലത്തിലെ പാതകൾ. വർഷങ്ങളുടെ ദുർഘടയാത്രക്കാണ് പരിഹാരമായത്. നിർമാണം പൂർത്തിയായ നാല് പ്രധാന റോഡുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി ജി സുധാകരൻ നിർവഹിക്കും. തരുവണ കാഞ്ഞിരങ്ങാട്, കാഞ്ഞിരങ്ങാട്നിരവിൽപുഴ, തോണിച്ചാൽ പള്ളിക്കൽ, പള്ളിക്കുന്ന് അഞ്ചുകുന്ന് റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. മൂളിത്തോട്പുതുശ്ശേരി, ഒണ്ടയങ്ങാടി ബാവലി റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കും.
 
മാനന്തവാടി പക്രന്തളം റോഡ്
വയനാട്കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാനന്തവാടി പക്രന്തളം റോഡ്  രണ്ട് ഭാഗങ്ങളായാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തരുവണ മുതൽ കാഞ്ഞിരങ്ങാട്‌ വരെയും കാഞ്ഞിരങ്ങാട് മുതൽ നിരവിൽപുഴവരെയുമായിരുന്നു രണ്ട് ഭാഗങ്ങൾ.  എൽഡിഎഫ് അധികാരത്തിലേറുമ്പോൾ ഈ പാത   തകർന്നനിലയിലായിരുന്നു. പലയിടങ്ങളിലും റോഡ്തന്നെ ഉണ്ടായിരുന്നില്ല. വൻ ഗർത്തങ്ങളായിരുന്നു. ബസ് സർവീസ് നിർത്തുന്ന സാഹചര്യമുണ്ടായി. കുഴികളിൽ ചൂണ്ടയിട്ടുപോലും ആളുകൾ പ്രതിഷേധിച്ചു. ഈ റോഡാണ്‌ ആധുനിക നിലവാരത്തിൽ നവീകരിച്ചത്‌. സുഗമമായ യാത്രയാണിപ്പോൾ.
കിഫ്ബിയിൽ 17 കോടി വിനിയോഗിച്ച് കാഞ്ഞിരങ്ങാട് മുതൽ നിരവിൽപുഴവരെ ആറര കിലോമീറ്റർ 12 മീറ്റർ വീതിയിൽ ഹൈടെക്കാക്കി. നേരത്തേ ഇടുങ്ങിയ പാതയായിരുന്നു. സ്ഥലമെടുപ്പിന് നിരവധി തടസ്സങ്ങൾ നേരിട്ടു. ഒ ആർ കേളു എംഎൽഎ ഓരോഘട്ടത്തിലും ഇടപെട്ട് തടസ്സങ്ങൾ നീക്കി.    
പാത കടന്നുപോകുന്ന മക്കിയാട്, കോറോം ടൗണുകളിൽ ഓവുചാലുകളും ഫുട്പാത്തുമെല്ലാം മനോഹരമായി പുനർനിർമിച്ചു. ടൗണുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കി. വർഷക്കാലത്ത് വെള്ളംകയറുന്ന റോഡിന്റെ ഭാഗങ്ങളെല്ലാം ഉയർത്തി. നിരവധി കലുങ്കുകളും നിർമിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗം 12 കോടി വിനിയോഗിച്ച്  നവീകരിച്ചു. നാലാംമൈൽ തരുവണ ഭാഗത്തും പണികൾ പൂർത്തീകരിച്ചു.
 
തോണിച്ചാൽ പള്ളിക്കൽ പാത
 നാല് കോടി വിനിയോഗിച്ചാണ് ഈ പാത ആധുനിക നിലവാരത്തിലാക്കിയത്. വീതി കുറഞ്ഞ് അപകടാവസ്ഥയിലായിരുന്നു റോഡ്. പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും ദുഷ്കരവും. നാല്അഞ്ച് മീറ്റർ വീതയാണ് ഉണ്ടായിരുന്നത്. ഇത് 10 മീറ്ററാക്കി. എംഎൽഎയുടെ ഇടപെടലിലൂടെ ആളുകളും സ്ഥാപനങ്ങളും സ്ഥലം വിട്ടുനൽകി.
 
 പള്ളിക്കുന്ന്അഞ്ചുകുന്ന് റോഡ്
രണ്ട് കോടിയിൽ പള്ളിക്കുന്ന്  അഞ്ചുകുന്ന് റോഡ് ടാറിങ് പൂർത്തിയാക്കി.  ഉന്നതനിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.    5.33 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിലൂടെ മാനന്തവാടി ഭാഗത്തുനിന്നും എളുപ്പത്തിൽ പള്ളിക്കുന്ന്, വിളമ്പുകണ്ടും ഭാഗങ്ങളിൽ എത്താൻ സാധിക്കും.  
 
മൂളിത്തോട്‌ പുതുശ്ശേരിക്ക് 6 കോടി
ആറ് കോടിയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. പുതുശ്ശേരിക്കടവ് മുതൽ കാഞ്ഞിരങ്ങാട് വരെയുള്ള ദൂരം നേരത്തെ 95 ലക്ഷം വിനിയോഗിച്ച് നവീകരിച്ചതാണ്. മൂളിത്തോട് മുതൽ പുതുശ്ശേരിവരെയുള്ള അഞ്ചുകിലോമീറ്ററാണിപ്പോൾ നന്നാക്കുന്നത്.  പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ പാത പൂർണമായും ഉന്നത നിലവാരത്തിലാകും.
ഹൈടെക്കാവാൻ ബാവലി പാതയും
മാനന്തവാടി ബാവലി പാതയും ഉന്നത നിലവരാത്തിലേക്ക് ഉയർത്തുകയാണ്.   മാനന്തവാടി മുതൽ ഒണ്ടയങ്ങാടിവരെ പ്രവൃത്തി പൂർത്തിയായതാണ്. ഒണ്ടയങ്ങാടി മുതൽ ബാവലി വരെയുള്ള 12 കിലോമീറ്റാണ് ഇപ്പോൾ നന്നാക്കുന്നത്. 8.35 കോടി  അനുവദിച്ചിട്ടുണ്ട്‌. ഉന്നത നിലവാരത്തിലായിരിക്കും നിർമാണം. പാത കടന്നുപോകുന്ന കാട്ടിക്കുളം ടൗണും നവീകരിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top