19 September Sunday
സിദ്ദിഖിന്റെ അനുയായിയെ എതിർവിഭാഗം മർദിച്ചു

ടി സിദ്ദിഖിനെതിരെയുള്ള പോര് 
 തെരുവിലേക്ക്

സ്വന്തം ലേഖികUpdated: Saturday Jul 24, 2021
 
 
കൽപ്പറ്റ
ടി സിദ്ദിഖ് എംഎൽഎയുടെ അനുയായിയെ  പി പി ആലിയെ പിന്തുണക്കുന്നവർ മർദിച്ചത് കോൺഗ്രസിൽ  കൂട്ടക്കലാപത്തിന് തിരികൊളുത്തി.  വെങ്ങപ്പള്ളി സ്വദേശി നെല്ലിക്കുന്നത്ത്  കെ സി അനൂപിനെയാണ്  തിങ്കളാഴ്ച   കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് മുകളിലെ കടയിലെത്തി  ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ  മർദിച്ചത്. പ്രതികരിച്ചാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും  അനുപ്  ഡിസിസി, കെപിസിസി  പ്രസിഡന്റുമാർക്ക്  നൽകിയ പരാതിയിൽ  പറയുന്നു.
   നേരത്തെ വീട്ടിലെത്തിയും  ഭീഷണിപ്പെടുത്തിയെന്നും  പാർടി നടപടി സ്വീകരിക്കുമെന്ന വിശ്വാസമുള്ളതിനാലാണ് പൊലീസിൽ പരാതി നൽകാത്തതെന്നും അനൂപ് പറഞ്ഞു.  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിദ്ദിഖ് ചുരംകയറിയതിൽ  ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.  എന്നാൽ  സ്വന്തം തട്ടകത്തിൽ  അധികാരം സ്ഥാപിക്കുന്നതിൽ ഐഎൻടിയുസി ഭാരവാഹികൂടിയായ ഒരു  നേതാവിനുള്ള അസഹിഷ്‌ണുതയാണ്‌  പോര്  തെരുവിലെത്തിച്ചത്. അണികളെ തെരുവിലിറക്കിയും എതിർവിഭാഗത്തെ കായികമായി ആക്രമിച്ചും സ്ഥാനം ഉറപ്പിക്കാനാണ്  ഇരുവിഭാഗത്തിന്റെയും ശ്രമം.   
കൽപ്പറ്റ നഗരത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പുകയുന്ന വാക്പോരാണ് തെരുവുയുദ്ധത്തിലെത്തിയത്. സിദ്ദിഖിനെ അനുകൂലിച്ച് അനൂപ് പോസ്റ്റിട്ടത് എതിർവിഭാഗത്തിന് രസിച്ചില്ല. 
  രാഹുൽഗാന്ധി പ്രളയ ദുരിതാശ്വാസത്തിനായി ജില്ലയിലേക്കയച്ച അരിയും മറ്റ് സാധനങ്ങളും  ചില നേതാക്കളും  പ്രവർത്തകരുംചേർന്ന് അടിച്ചുമാറ്റിയ സംഭവവും ചിലർ ഓർമിപ്പിച്ചു.  രാഹുലിന്റെ ക്വോട്ടയിൽ കേന്ദ്രീയ വിദ്യാലയത്തിൽ ബിജെപി നേതാവിന്റെ കുട്ടിക്ക് സീറ്റ് നൽകിയതിനെ വിമർശിച്ചും ഗ്രൂപ്പിൽ അനൂപ് അടക്കമുള്ളവർ പോസ്റ്റിട്ടു. കെപിസിസി ഭാരവാഹികൂടിയായ ഐൻഎൻടിയുസി നേതാവ് പണം വാങ്ങിയാണ് സീറ്റ് നൽകിയതെന്നും ഇവർ ആരോപിച്ചതോടെ എതിർവിഭാഗം കട്ടക്കലിപ്പിലായി. ഇതിന് പിന്നാലെയാണ് കടയിലെത്തി അനൂപിനെ കെെയേറ്റം ചെയ്‌തത്‌. വാട്സാപ്പിലും ഫേസ് ബുക്കിലും  പരസ്പരം  വെല്ലുവിളിച്ചും  വകവരുത്തുമെന്ന് ഭീഷണിമുഴക്കിയും ഇരു വിഭാഗവും തമ്മിൽ പോർവിളി  തുടരുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top