04 August Wednesday

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തിനായി വടംവലി തുടങ്ങി

സ്വന്തം ലേഖികUpdated: Thursday Jun 24, 2021
 
കൽപ്പറ്റ
 കോൺഗ്രസ്‌ പുനഃസംഘടന അടുത്തതോടെ  ജില്ലയിൽ ഡിസിസി പ്രസിഡന്റ്‌  സ്ഥാനത്തിനുവേണ്ടിയുള്ള മത്സരവും മുറുകി.  ഗ്രൂപ്പുകളും ഗ്രൂപ്പിലെ ഗ്രൂപ്പുകളും തമ്മിൽ നേതൃസ്ഥാനത്തിനായുള്ള വടംവലിയിലാണ്‌. മുട്ടിൽ മരംമുറി അന്വേഷിക്കാനെന്ന വ്യാജേന തിങ്കളാഴ്‌ച  ജില്ലയിലെത്തിയ ചെന്നിത്തലയുടെ  നേതൃത്വത്തിൽ ഐ ഗ്രൂപ്പുകാരുടെ രഹസ്യയോഗം  ചേർന്നത്‌ ‌ പ്രസിഡന്റ്‌ സ്ഥാനത്തിനായുള്ള അവകാശവാദം  ഉന്നയിക്കാനാണെന്നാണ്‌ മറുപക്ഷത്തിന്റെ വിലയിരുത്തൽ. ഡിസിസി  പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌‌ണൻ എംഎൽഎയുടെ വീട്ടിലാണ്‌ യോഗം ചേർന്നത്‌. ജില്ലയിലെ പ്രമുഖ ഐ ഗ്രൂപ്പ്‌  നേതാക്കളുടെ വീടുകളിലും  സന്ദർശനം നടത്തി.  എന്നാൽ ഐ ഗ്രൂപ്പിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നത രൂക്ഷമാണ്‌. 
  ഡിസിസി  പ്രസിഡന്റ്‌ സ്ഥാനത്തിനായി  കെ എൽ പൗലോസ്‌, കെ കെ അബ്രഹാം, പി വി ബാലചന്ദ്രൻ,  എൻ ഡി അപ്പച്ചൻ,  ടി ജെ ഐസക്‌, പി ഡി സജി എന്നിവരെല്ലാം രംഗത്തുണ്ട്‌. തലമുറ മാറ്റം പരിഗണിക്കണമെന്നാണ്‌  ഹൈക്കമാൻഡ്‌ തീരുമാനം.  പ്രതിപക്ഷ നേതൃസ്ഥാനം വി ഡി സതീശന് നൽകിയതിൽ  ഇടഞ്ഞുനിൽക്കുന്ന  ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാൻ ഗ്രൂപ്പുകളെ പൂർണമായി അവഗണിക്കാനാകില്ലെന്ന നിലപാടും ഹൈക്കമാൻഡിനുണ്ട്‌. അങ്ങനെ വരുമ്പോൾ  ഡിസിസി പ്രസിഡന്റ്‌ സ്ഥാനം ജില്ലകളിൽ പകരംവച്ച്‌ മാറുന്നതും പരിഗണിച്ചേക്കുമെന്നാണ്‌  സ്ഥാനമോഹികളുടെ പ്രതീക്ഷ. 
   തലമുറമാറ്റം എന്ന  പരിഗണനയിൽ  നറുക്ക് വീഴുമെന്നതാണ്‌ ടി ജെ ഐസക്കിന്റെയും  പി ഡി സജിയുടേയും  പ്രതീക്ഷ.  കെ ഇ വിനയനെ അവതരിപ്പിച്ച് ഇവരെ വെട്ടാനാണ് എ ഗ്രൂപ്പ് നീക്കം. ഐസക്കിനെതിരെ കെപിസിസി പ്രസിഡന്റിന് പരാതി അയച്ച് തുടക്കത്തിലേ പ്രതിരോധം തീർത്തു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി അടുപ്പമുള്ള കെ എൽ പൗലോസിനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ചരടുവലികളുമുണ്ട്.  ചെന്നിത്തലക്ക് താൽപ്പര്യം പി വി ബാലചന്ദ്രനെയും.  കെ കെ അബ്രഹാം രംഗത്തുണ്ടെങ്കിലും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണമാണ്‌ എതിരാളികൾ ഉയർത്തുന്നത്‌.  നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്നുള്ള ഒരാളെ മത്സരിപ്പിക്കണമെന്ന ആവശ്യം നടക്കാതെ പോയതിന്റെ അമർഷം നേതാക്കൾക്കുണ്ട്.  ഇത് മുൻനിർത്തി  പ്രസിഡന്റ് സ്ഥാനത്തേക്ക് എങ്കിലും തങ്ങളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പുകൾക്കതീതമായി ഈ നേതാക്കൾ നേതൃത്വത്തിന് മുമ്പിലുയർത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top