29 February Saturday
മനുഷ്യ മഹാശൃംഖല

കൈകോർക്കാൻ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

സിപിഐ എം കൽപ്പറ്റ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക്‌ റാലി ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
കൽപ്പറ്റ
പൗരത്വനിയമ ഭേദഗതിക്കെതിരെ 26ന്‌ ജില്ലയിൽ നടക്കുന്ന മനുഷ്യ മഹാശൃംഖല വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. എൽഡിഎഫ്‌ നേതൃത്വം നൽകുന്ന പരിപാടി ജില്ലയുടെ മതേതരമനസ്സുകൾ ഒന്നാകെ ഏറ്റെടുക്കുകയാണ്‌.  പ്രചാരണപ്രവർത്തനങ്ങൾക്ക്‌ എങ്ങും ആവേശകരമായ പ്രതികരണമാണ്‌. ഗൃഹസന്ദർശനം, കുടുംബസംഗമങ്ങൾ, വിളംബരറാലികൾ, ട്രേഡ്‌യൂണിയൻ സംഗമങ്ങൾ, പോസ്‌റ്റർ പ്രചരണം എന്നിവയെല്ലാം നാടെങ്ങും സജീവമാണ്‌.  വിദ്യാർഥികൾ, യുവജനങ്ങൾ, സ്‌ത്രീകൾ, കുട്ടികൾ, ആദിവാസികൾ, തൊഴിലാളികൾ,   ജീവനക്കാർ, കർഷകർ, സാംസ്‌ക്കാരിക  പ്രവർത്തകർ എന്നിവരെല്ലാം മനുഷ്യ മഹാശൃംഖലയുടെ വിജയത്തിനായി രംഗത്തുണ്ട്‌. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും ഗൃഹസന്ദർശനം നടത്തി ശ്യംഖല ഒരുക്കുന്നതിന്റെ പ്രധാന്യം ബോധ്യപെടുത്തുന്ന പ്രചരണപ്രവർത്തനം പുരോഗമിക്കുകയാണ്‌. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളുടെ നേതൃത്വത്തിലാണ്‌ ഗൃഹസന്ദർശനം. ജനങ്ങൾ സ്വമേധയാ പരിപാടിയുമായി സഹകരിക്കുന്നതിന്‌ തയ്യാറായി വരുന്നത്‌ ഗൃഹസന്ദർശനത്തിന്റെ ആവേശകരമായ കാഴ്‌ചയാണെന്ന്‌ നേതാക്കൾ പറഞ്ഞു. വിവിധ വർഗബഹുജനസംഘടനകളുടെ ആഭിമുഖ്യത്തിലും  നഗര, ഗ്രാമ വ്യത്യാസമില്ലാതെ പ്രചരണങ്ങൾ സജീവമാണ്‌.  മാനന്തവാടി ഗാന്ധി പ്രതിമ മുതൽ കൽപ്പറ്റവരെയാണ്‌ മഹാശൃംഖല. മാനന്തവാടിയിൽ  മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയാവും.  ശൃംഖലക്ക്‌ ശേഷം  മാനന്തവാടി മുതൽ കൽപ്പറ്റ വരെ  17 കേന്ദ്രങ്ങളിലായി പൊതുയോഗങ്ങളും നടക്കും.  ശൃംഖലയിൽ കണ്ണികളാകുന്നവർ എരിയാതലത്തിൽ അണിചേരേണ്ട സ്ഥലങ്ങൾ തീരുമാനിച്ചു. കൽപ്പറ്റ ഏരിയയിലുള്ളവർ പുതിയ ബസ്‌സ്‌റ്റാൻഡ്‌ മുതൽ മടക്കിമലയിൽ നേരത്തേ മെഡിക്കൽ കോളേജിനായി തീരുമാനിച്ച സ്ഥലത്തെ വെയറ്റിങ്‌ ഷെഡ്ഡ്‌വരെയാണ്‌ കണ്ണികളാവുക. വൈത്തിരി ഏരിയയിലുള്ളവർ  വെയറ്റിങ്‌ ഷെഡ്ഡ്‌ മുതൽ കമ്പളക്കാട്‌ ഹൈപ്പർ സിറ്റിസൂപ്പർ മാർക്കറ്റ്‌ വരെ അണിനിരക്കും. ബത്തേരി ഏരിയയിൽനിന്നുള്ളവർ സൂപ്പർ മാക്കറ്റ്‌ മുതൽ കരിമ്പുമ്മൽ സ്‌റ്റേഡിയം റോഡ്‌ വരെയും പുൽപ്പളളി ഏരിയയിലുള്ളവർ കരിമ്പുമ്മലിൽനിന്ന്‌ കൈതക്കൽ കരിമൻകുന്ന്‌ റോഡ്‌ വരെയും കണ്ണികളാകും. പനമരം ഏരിയക്കാർ  കരിമൻകുന്ന്‌ റോഡിൽനിന്ന്‌ തുടങ്ങി കാട്ടിച്ചിറക്കൽ മഖാം പള്ളി വരെ അണിനിരക്കും. കാട്ടിച്ചിറക്കൽ മഖാം പള്ളി മുതൽ മാനന്തവാടി ഗാന്ധി പ്രതിമവരെ മാനന്തവാടി ഏരിയക്കാർ കണ്ണികളാവും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top