25 November Wednesday

നാട്ടുകാരനെ നെഞ്ചേറ്റാൻ വെള്ളമുണ്ട

വി ജെ വർഗീസ്‌Updated: Monday Nov 23, 2020

 

 
വെള്ളമുണ്ട പിടിക്കാൻ എൽഡിഎഫിന്റെ യുവസാരഥി. മണ്ഡലത്തിൽ ഇത്തവണ രാഷ്‌ട്രീയമാറ്റം ഉറപ്പിച്ചാണ്‌ പോരാട്ടം. ജനതാദൾ എസ്  ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമായ ജുനൈദ്‌ കൈപ്പാണിയാണ്‌ സ്ഥാനാർഥി. 
എഴുത്തും  വായനയും പ്രസംഗവും പൊതുപ്രവർത്തനവും ഒരുപോലെ കോർത്തിണക്കിയ  വ്യക്തിത്വം. ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറും. ‌  എൽഡിഎഫ്‌ സ്ഥാനാർഥികളിലെ ജൂനിയറായ മുപ്പത്തിമൂന്നുകാരൻ.  ഹൈസ്‌കൂൾ പഠനകാലംമുതൽ  രാഷ്ട്രീയത്തിൽ സജീവം.  എസ്എഫ്ഐ പനമരം ഏരിയാ  സെക്രട്ടറിയും  ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.  വിദ്യാർഥി  പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിന്നു.  കേരള യൂണിവേഴ്സിറ്റിയിൽ വയനാട്ടിൽനിന്നുള്ള ആദ്യത്തെ വൈസ്‌ ചെയർമാനായിരുന്നു. 
കോളേജ് കാലഘട്ടത്തിൽ  ജനതാ രാഷ്ട്രീയത്തിലെത്തി‌. യുവജനതാദൾ എസ് സംസ്ഥാന  സെക്രട്ടറിയും ദേശീയ സമിതിയംഗവുമായി. കൊമേഴ്‌സിൽ  ബിരുദാനന്തര ബിരുദവും ബിഎഡും മനഃശാസ്ത്രത്തിൽ പിജിയുമുണ്ട്‌. യാത്രകൾ ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ.  ‘രാപ്പാർത്ത നഗരങ്ങൾ'  യാത്രാവിവരണം  ഏറെ സ്വീകാര്യത നേടി. മികച്ച പൊതുപ്രവർത്തകനുള്ള ധർമികം മാസിക അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത്  പുരസ്കാരവും  ലഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റി അംഗമായും  പ്രവർത്തിച്ചിട്ടുണ്ട്‌. യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യൻ. 
വെള്ളമുണ്ട പഞ്ചായത്ത്‌ മാത്രം ഉൾപ്പെടുന്ന ജില്ലാ ഡിവിഷനായിട്ടും  ഇതുവരെ ഇവിടെനിന്നും ഒരുവെള്ളമുണ്ടക്കാരൻ ജില്ലാപഞ്ചായത്ത്‌ അംഗമായിട്ടില്ല. പുറമേനിന്നുള്ളവരാണ്‌‌ മത്സരിച്ച്‌ ജയിച്ചുപോയത്‌. ഇത്തവണയും ജുനൈദ്‌ ഒഴികെ ബാക്കി എല്ലാസ്ഥാനാർഥികളും പഞ്ചായത്തിന്‌ പുറത്തുനിന്നുള്ളവരാണ്‌. വെള്ളമുണ്ടക്കാരൻതന്നെയായ  ഈ ജനകീയ മുഖത്തെ നാട്‌ നെഞ്ചേറ്റുകയാണ്‌. തരുവണ, കട്ടയാട്‌, വെള്ളമുണ്ട എന്നിവയാണ്‌ ബ്ലോക്ക്‌ ഡിവഷനുകൾ. 
മുസ്ലീം ലീഗിന്റെ മാനന്തവാടി മണ്ഡലം സെക്രട്ടറിയും മുൻജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ പി കെ അസ്‌മത്താണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ മോഹൻദാസാണ്‌ ബിജെപി സ്ഥാനാർഥി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top