03 December Friday

കുടുംബശ്രീ ഇറങ്ങി, കോവിഡ്‌ വ്യാപനം തടയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
കൽപ്പറ്റ
ജില്ലയിൽ കോവിഡ്‌ വ്യാപനത്തിന്റെ രൂക്ഷത തടയുന്നതിൽ കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടലും. സമ്പർക്ക വിലക്ക്‌  ലംഘിക്കുന്നത്‌ ‌ തടഞ്ഞും  ലക്ഷണമുള്ളവരെ ടെസ്റ്റിന് എത്തിച്ചും ക്വാറന്റൈനിലുള്ളവർക്ക്‌  സഹായ സഹകരണങ്ങൾ  ഒരുക്കിയുമെല്ലാം  കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രതിരോധപ്രവർത്തനം ശ്രദ്ധേയമാവുന്നു. 
    സമ്പർക്ക വിലക്ക്‌ ലംഘിക്കുന്നത്‌  തടയാൻ കുടുംബശ്രീയെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ വലിയ മാറ്റങ്ങൾ കോവിഡ്‌ പ്രതിരോധത്തിലുണ്ടായി.  ആർടിപിസിആർ ടെസ്റ്റ് നടന്ന ശേഷം  റിസൽട്ട്  വരുന്നതുവരെയുള്ള ക്വാറന്റൈൻ ലംഘനവും പോസിറ്റീവായ രോഗികളും അവരുടെ സമ്പർക്കത്തിൽ  ഉള്ളവരും  നടത്തുന്ന  ക്വാറന്റൈൻ ലംഘനവുമാണ്‌ ‌ പ്രധാന വെല്ലുവിളിയായത്‌.  ഇക്കാര്യത്തിൽ കുടംബശ്രീ അയൽക്കൂട്ടങ്ങളുടെ ഇടപെടൽ പൊലീസിന്‌ വലിയ സഹായമായി. 
    കുടുംബശ്രീ ഇടപെടലിലൂടെ  എല്ലാ സർക്കാർ–അർധ സർക്കാർ ആശുപത്രിയിൽനിന്നും ആർടിപിസിആർ ടെസ്റ്റ് കഴിഞ്ഞവരുടെ ലിസ്റ്റ് സിഡിഎസ് ചെയർപേഴ്സണ് ലഭിക്കുന്നു. സിഡിഎസ് ചെയർപേഴ്സൺ  പ്രസ്തുത ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ വേർതിരിച്ച്  എഡിഎസ്‌ വഴി  അയൽക്കൂട്ട സെക്രട്ടറിയെ അറിയിക്കുന്നതിലൂടെ ടെസ്റ്റ് കഴിഞ്ഞവരെല്ലാം   ക്വാറന്റൈനിൽ ഇരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയുന്നു.   മറ്റ് രൂപത്തിൽ ക്വാറന്റൈൻ ലംഘനം നടന്നാൽ  ഓരോ പൊലീസ് സ്റ്റേഷനിലേക്കും സിഡിഎസ് ചെയർപേഴ്സൺ വിവരം അറിയിക്കുന്നുമുണ്ട്‌. 
   ഇതോടൊപ്പം  ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക്  എല്ലാവിധത്തിലുമുള്ള സഹായങ്ങൾ കുടുംബശ്രീ അംഗങ്ങൾ നൽകുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനും ലക്ഷണമുള്ളവരെ ടെസ്റ്റിന് നിർബന്ധിക്കുന്നതിനും വാക്സിനേഷൻ ഡ്രൈവിനുകൂടി അയൽക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്‌.  സീറോ വൈറസ് അയൽക്കൂട്ടം സീറോ വൈറസ് വയനാട് എന്ന ലക്ഷ്യം വെച്ച് കുടുംബശ്രീ മിഷൻ ആരംഭിച്ച കവചം 2021 പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ കുടുംബശ്രീയുടെ ഇടപെടലുകൾ.
   കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 8602 പേരുടെ ക്വാറന്റൈൻ കുടംബശ്രീ ഉറപ്പുവരുത്തി. 22 പേരുടെ ക്വറന്റൈൻ ലംഘനം റിപ്പോർട്ട്‌ ചെയ്‌തു. കഴിഞ്ഞ പത്ത്‌ ദിവസത്തിനുള്ളിൽ മാത്രം 3373 കോവിഡ്‌ പ്രൈമറി കോൺടാക്‌റ്റുകൾ സിഡിഎസുകൾ കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top