21 November Thursday

കാരുണ്യത്തിന്റെ ‘ജീവന’ത്തിന്‌ തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 

കൽപ്പറ്റ
വൃക്ക രോഗികൾക്ക് പ്രതിമാസം മൂവായിരം രൂപ ധനസഹായം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ  ജീവനം പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഹാളിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം അതത് തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർ പ്രത്യേകം തയ്യാറാക്കിയ ചിരാതിൽ ദീപം തെളിച്ചും നിർവഹിച്ചു.  
ഒരു കോടി രൂപ ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് ചികിൽസാ ധനസഹായ ഫണ്ട് യാഥാർഥ്യമാക്കുന്നത്. ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 70 ലക്ഷം രൂപയും സമാഹരിച്ചാണ് ഫണ്ടിന് രൂപം നൽകിയിരിക്കുന്നത്. ഡയലിസിസ് ആവശ്യമായ ജില്ലയിലെ സ്ഥിരതാമസക്കാരായ രോഗികൾക്ക് അവർ ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും ധനസഹായം നൽകുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ 392 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഇരുന്നൂറോളം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷയായി. ജില്ലാമെഡിക്കൽ ഓഫീസർ പദ്ധതി വിശദീകരണം നടത്തി. സ്വാന്തനമേകാൻ അയൽ കണ്ണി പദ്ധതി ഉദ്ഘാടനം സി കെ ശശീന്ദ്രൻ എംഎൽഎയും ഡയാലിസിസ് രോഗികൾക്കുളള ധനസഹായ വിതരണം ഐ സി ബാലകൃഷ്ണൻ എംഎൽഎയും അവയവം മാറ്റി വെച്ച രോഗികൾക്കുളള ധനസഹായം ഒ.ആർ കേളു എംഎൽഎയും നിർവഹിച്ചു. 
ജീവനം പദ്ധതിക്കായി ഏറ്റവും കൂടുതൽ തുക സമാഹരിച്ച് നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വകുപ്പുകൾ, വ്യക്തികൾ, സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  ജില്ലാ കലക്ടർ എ ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ,  പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി എം. നാസർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ ദേവകി, പി കെ അനിൽ കുമാർ, കെ മിനി,അനിലാ തോമസ്, ജില്ലാ പഞ്ചായത്തംഗം എ എൻ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top