27 September Tuesday

നവീകരണം മുടങ്ങി 
കൽപ്പറ്റ ടൗൺഹാൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
 
കൽപ്പറ്റ
ടൗൺ ഹാളിനൊപ്പം നഗരസഭയുടെ ടൗൺഹാൾ നവീകരണ പദ്ധതിയും കാടുമൂടി. രണ്ടര വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന ടൗൺഹാൾ  നവീകരിക്കാനുള്ള പദ്ധതി കടലാസിൽ ഒതുങ്ങി‌. നഗരത്തിൽ പൊതുപരിപാടിക്ക്‌ ഇടമില്ലാതെ വലയുമ്പോഴാണ്‌ ഈ ദുരവസ്ഥ. കാടുമൂടിയ ടൗൺഹാളിപ്പോൾ സമൂഹ വിരുദ്ധരുടെയും തെരുവുനായകളുടെയും കേന്ദ്രമാണ്‌. 
ശോച്യാവസ്ഥയിലായ കെട്ടിടം പുതുക്കിപ്പണിയാനെന്ന പേരിലാണ്‌ അടച്ചത്‌. പിന്നീട്‌ നടപടികൾ ഉണ്ടായില്ല. നഗരസഭയിലെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതി  ടൗൺഹാൾ നവീകരിക്കാൻ പദ്ധതിയും അടങ്കലും തയ്യാറാക്കിയിരുന്നു.  എന്നാൽ ഭരണം മാറിയതോടെ തുടർച്ചയുണ്ടായില്ല. 
അത്യാധുനിക ടൗൺ ഹാൾ നിർമിക്കുമെന്നായിരുന്നു യുഡിഎഫ്‌ ഭരണസമിതിയുടെ വാഗ്‌ദാനം. എന്നാൽ ഇതിനനുസരിച്ചുള്ള നടപടികളില്ല.  കുറഞ്ഞ വാടകയിൽ നഗരത്തിൽ ആശ്രയിക്കാവുന്ന കേന്ദ്രമാണ്‌ കാടുകയറി നശിക്കുന്നത്‌.  
ടൗൺഹാൾ പുതുക്കിപ്പണിയുന്നതിനുള്ള  പ്ലാൻ നഗരസഭ ഇതുവരെ അന്തിമമാക്കിയിട്ടില്ല.  പ്ലാൻ തയ്യാറാക്കിയാലേ  എസ്റ്റിമേറ്റ്, ടെൻഡർ നടപടികളിലേക്ക് കടക്കാനാവൂ. ടൗൺഹാളിനുവേണ്ടി പ്ലാൻ ഫണ്ടിൽനിന്ന്‌ നേരത്തെ 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ബാക്കി തുക കടമെടുക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രോജക്ട് തയ്യാറാക്കി വായ്പക്ക് അപേക്ഷിക്കാനുള്ള നടപടി ഇഴയുകയാണ്. പഴയത് പൊളിച്ചുനീക്കി ഇരുനിലകളിലായി അത്യാധുനിക രീതിയിലായിരിക്കും ടൗൺഹാൾ എന്ന് പ്രഖ്യാപിച്ചെങ്കിലും നിലവിലുള്ളതെങ്കിലും പെട്ടെന്ന് ശരിയാക്കിത്തരണമെന്ന അഭ്യർഥനയിലാണ് നാട്ടുകാർ. നഗരസഭാ ഭരണസമിതിയുടെ താൽപ്പര്യമില്ലായ്മയാണ് പുതിയ ടൗൺഹാൾ നിർമാണം വൈകാൻ കാരണമെന്ന് ആക്ഷേപവുമുണ്ട്. ജില്ലയിൽ നഗരസഭകളിൽ ഇപ്പോൾ ടൗൺഹാൾ ഇല്ലാത്തതും കൽപ്പറ്റയിലാണ്.  
ഹാളിന്‌ പൂട്ടുവീണപ്പോൾ വൻ വാടകനൽകി സ്വകാര്യഹാളുകളും ഹോട്ടലുകളിലെ കോൺഫറൻസ് ഹാളുകളും തേടിപ്പോകേണ്ട അവസ്ഥയിലായി. ചെറിയ പരിപാടിക്കുപോലും വലിയ തുക മുടക്കണം. വർഷങ്ങളായി ടൗൺഹാളും പരിസരവും ഉപയോഗിക്കാത്തതിനാൽ  കാടുപിടിച്ച്‌ ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളമായി. ഹാളിനുചുറ്റും പ്ലാസ്റ്റിക് മാലിന്യവും തള്ളിയിട്ടുണ്ട്.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top