15 October Tuesday

ജാഗ്രതാ നിർദേശം ബാണാസുരഡാമിന്റെ ഷട്ടർ ഇന്ന്‌ വീണ്ടും തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 കൽപ്പറ്റ

 ബാണാസുരസാഗർ ഡാമിന്റെ ഷട്ടർ വെള്ളിയാഴ്‌ച വീണ്ടും തുറക്കും. പകൽ 12 നാണ്‌ ഷട്ടറുകൾ തുറക്കുക. മഴയെ തുടർന്ന്‌ വൃഷ്‌ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ വർധിച്ചു. ഡാമിലെ  ജലനിരപ്പ്‌ 774.35ലേക്ക്‌  ഉയർന്നിട്ടുണ്ട്‌. അപ്പർ റൂൾ ലെവലിന്‌ മുകളിലേക്ക്‌ ജലനിരപ്പ്‌ ഉയരാതിരിക്കാനാണ്‌ സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ തുറന്ന്‌ സെക്കൻഡിൽ 8.5 ക്യുബിക്‌ മീററർ വെള്ളം തുറന്നുവിടുന്നതെന്ന്‌ ഡാം സുരക്ഷാ അധികൃതർ അറിയിച്ചു. 
ഷട്ടർ തുറക്കുന്നതോടെ ഡാമിന്റെ താഴ്‌വാരത്ത്‌ കരമാൻതോട്‌, പനമരം പുഴകളിൽ 20 സെന്റിമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ ജലനിരപ്പ്‌ ഉയരാൻ സാധ്യതയുണ്ട്‌. പ്രദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന്‌ അധികൃതർ നിർദേശിച്ചു. ആവശ്യമെങ്കിൽ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാനും നിർദ്ദേശമുണ്ട്‌. വയനാട്ടിൽ കനത്ത മഴ തുടർച്ചയായി പെയ്‌തതോടെ ആഗസ്‌ത്‌ പത്തിന്‌ ഡാമിന്റെ ഷട്ടർ തുറന്ന്‌ വെള്ളം ഒഴുക്കിയിരുന്നു. ഒരാഴ്‌ചയോളം 8.5 ക്യുബിക്‌ മീററർ വെള്ളം ഒഴുക്കി വിട്ടു. പിന്നീട്‌ നിരൊഴുക്ക്‌ കുറഞ്ഞതോടെ 18ന്‌ ഷട്ടർ അടച്ചു. കഴിഞ്ഞ രണ്ട്‌ ദിവസമായി വൃഷ്‌ടി പ്രദേശത്ത്‌ മഴയെ തുടർന്ന്‌ നീരൊഴുക്കുണ്ടായി. ഇതേ തുടർന്നാണ്‌ ഷട്ടർ വീണ്ടും തുറക്കുന്നത്‌.  സംഭരണശേഷിയുടെ 85 ശതമാനം വെള്ളമാണ്‌ ഇപ്പോഴുള്ളത്‌. ഡാം ഒറ്റയടിക്ക്‌ നിറയുന്നത്‌ ഒഴിവാക്കാനാണ്‌ ഷട്ടർ തുറക്കുന്നത്.  ബാണാസുര സാഗറിൽനിന്നുള്ള ജലം പനമരം പുഴവഴി കബനിയിലെത്തി  കർണാടകയിലേക്കാണ്‌ ഒഴുകുന്നത്‌.
പ്രധാന വാർത്തകൾ
 Top