22 October Tuesday

കലാവർഷക്കെടുതി ഗ്രാമീണ പാതകൾ നവീകരിക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

 

കൽപ്പറ്റ
കഴിഞ്ഞ കാലവർഷത്തിൽ ജില്ലയിൽ ഗ്രാമീണമേഖലയിൽ തകർന്ന റോഡുകൾ പുനരുദ്ധാരണത്തിലേക്ക്‌. ഗ്രാമീണ മേഖലയിൽ മാത്രം തകർന്നത്‌  296കിലോമീറ്റർ റോഡാണ്‌. ഇതിൽ പൂർണമായും തകർന്ന 87.11 കിലോമീറ്റർ റോഡ്‌ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.   റീബിൽഡ് കേരള പദ്ധതിയിൽ 31 ഗ്രാമീണ റോഡുകളാണ്‌ ആദ്യഘട്ടമായി  നന്നാക്കാൻ ഉത്തരവ്‌ ഇറങ്ങിയത്‌. ഇതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്‌. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്‌ ശേഷം പല റോഡുകളിലും പുനരുദ്ധാരണപ്രവൃത്തി പൂർത്തിയായിരുന്നു. ഇതേ റോഡുകൾ പലതിനും കേടുപാടുണ്ടായി.   ഇവയിൽ അറ്റകുറ്റപണി നടത്തേണ്ടറോഡുകളിലും പ്രവൃത്തിക്ക്‌  അനുമതി ലഭിച്ചിട്ടുണ്ട്‌.   മാനന്തവാടി, കൽപ്പറ്റ നഗരസഭകൾക്ക്‌ പുറമെ  മേപ്പാടി, പൊഴുതന, തവിഞ്ഞാൽ, കോട്ടത്തറ, നൂൽപുഴ, പനമരം, എടവക, മുട്ടിൽ,കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലാണ്‌ ഗ്രാമീണറോഡുകൾക്ക്‌  പ്രധാനമായും നാശനഷ്‌ടമുണ്ടായത്‌.   സംരക്ഷണഭിത്തികളും റോഡിന്‌ കുറകെയുള്ള പാലങ്ങൾ തകർന്നും ഗതാഗതം ദുഷ്‌ക്കരമായിരുന്നു.  പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്‌ മാനന്തവാടി മണ്ഡലത്തിലാണ്‌.  തകർന്ന  15 റോഡുകൾ, ഒരു പാലം, ഒരു കൽവേർട്ട് എന്നിവ പുനർ നിർമിക്കാനാണ്‌ ഉത്തരവായത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ  നൽകിയ പട്ടിക കിഫ്ബി വിദഗ്ദസംഘം പരിശോധന നടത്തിയാണ് തെരഞ്ഞെടുത്തത്. മാനന്തവാടി നഗര പരിധിയിൽ ആറ്‌   റോഡുകൾ നന്നാക്കും. തവിഞ്ഞാൽ  41ലെ മേലെ വരയാൽ പാലവും, പൂതാടി വാകേരി പാലക്കുറ്റിപ്പാലവും നിർമിക്കും. കൽപ്പറ്റയിൽ  14 റോഡുകളും, ബത്തേരിയിൽ  രണ്ട്‌ റോഡും, ഒരു പാലവും പട്ടികയിലുണ്ട്‌.  കൽപ്പറ്റ മണ്ഡലത്തിൽ  14 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി.   2018ലെ പ്രളയത്തെ തുടർന്ന് മണ്ഡലത്തിലെ പൊതുമരാമത്ത്‌ റോഡുകളും  ഗ്രാമീണ റോഡുകളും തകർന്നിരുന്നു.  ഭൂരിഭാഗം പൊതുമരാമത്ത്‌ റോഡുകളുടെയും നവീകരണം പൂർത്തിയാക്കി. ഇതിന്റെ തുടർച്ചയായാണ്‌ ഗ്രാമീണ റോഡുകൾ നന്നാക്കുന്നത്‌.    കണിയാമ്പറ്റ–-എരഞ്ഞോളി-പുളിക്കൽ റോഡ്, കൽപ്പറ്റ ടൗൺ-–-ജില്ലാ സ്റ്റേഡിയം റോഡ്, വാര്യാട്-–-തെക്കുംപാടി റോഡ്, താഴെ അരപ്പറ്റ- എട്ടാംനമ്പർ–- മാൻക്കുന്ന്‌ റോഡ്, ചുളിക്ക ഫാക്ടറി–-- ചോലമല - പറക്കം വയൽ റോഡ്, ചുണ്ടേൽ -–-ചുണ്ടേൽ എസ്റ്റേറ്റ് -പാപ്പാല അനോത്ത് റോഡ്,  ചാക്രം കോളനി റോഡ്, മരവയൽ–-ചത്തോത് റോഡ്, ഇടിയംവയൽ–-പിണങ്ങോട് റോഡ്, കർലാട്–-മഞ്ഞൂറ റോഡ്, എം എച്ച്‌ നഗർ–-ചോലപ്പുറം റോഡ്,  കോട്ടത്തറ–-കാക്കൻചാൽ തെക്കുംതറ റോഡ്, കുപ്പാടിത്തറ–-മില്ലുമുക്ക്–-കുറുമണി റോഡ്, ചേരിയംകൊല്ലി–- കല്ലുവെട്ടുംതാഴെ–- മലങ്കരകടവ് റോഡ് എന്നിവയാണ്‌ നവീകരണത്തിന്‌ ഭരണാനുമതി ലഭിച്ച കൽപ്പറ്റ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ. ഗ്രമീണ റോഡുകൾക്ക്‌ പുറമെ കാലവർഷത്തിൽ ജില്ലയിൽ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിൽ  410 കിലോമീറ്റർ റോഡ്‌ തകർന്നിട്ടുണ്ട്‌. പിഡബ്ല്യൂഡി കണക്കുപ്രകാരം 352 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌.  
പ്രധാന വാർത്തകൾ
 Top