മുട്ടിൽ
രാജ്യത്തിന് മാതൃകയായ കേരള മോഡൽ വിദ്യാഭ്യാസ രീതിയെ കുറിച്ച് പഠിക്കാൻ കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറും ഉന്നത വിദ്യാഭ്യാസ പഠന സംഘവും ജില്ലയിലെത്തി.
മീനങ്ങാടി ഗവ. ഹൈസ്കൂൾ, മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. കേരളത്തിലെ ഹൈടെക് വിദ്യാഭ്യാസം, സ്മാർട്ട് ക്ലാസ് റും പഠന രീതി, കൈറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ, ഐ ടി ലാബ് സജ്ജീകരണം തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ മറ്റ് പരിഷ്കാരങ്ങൾ കർണ്ണാടക സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇരു സ്കൂളുകളിലും നേരിട്ടെത്തിയ സംഘം അധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എഡ്യുപേജ് സംവിധാനം മന്ത്രി എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ദൈനംദിന വിവരങ്ങൾ ഓൺലൈൻ മുഖേന അറിയാനും അറിയിക്കാനും പുതിയ സംവിധാനം നടപ്പാക്കുന്നതോടെ സാധിക്കും. വിദ്യാഭ്യാസ വകുപ്പധികാരികൾക്കും സ്കൂൾ മാനേജ്മെന്റിനും ഓരോ കുട്ടിയെ കുറിച്ചും അറിയാനാവും. കൈറ്റ് ജില്ലാ കോഡിനേറ്റർ വി ജെ തോമസ്, മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ സി മുഹമ്മദലി, ഡയറ്റ് സീനിയർ ലക്ചുറർ സതീഷ് കുമാർ, സി ഹസീന എന്നിവർ പദ്ധതി വിശദീകരിച്ചു.
സ്കൂൾ കോർപ്പറേറ്റ് മാനേജർ എം എ മുഹമ്മദ് ജമാൽ , ഡബ്ള്യൂഎംഒ പ്രസിഡൻറ് കെ കെ അഹ്മദ് ഹാജി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ പയന്തോത്ത് മൂസ ഹാജി, സ്ഥാപനമേധാവികളായ പി വി മൊയ്തു, പി അബ്ദുൽ ജലീൽ, ബിനുമോൾ ജോസ് ,പി കെ സുമയ്യ , പത്മാവതി അമ്മ പി ടി എ പ്രസിഡണ്ട് എൻ മുസ്തഫ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..