21 October Monday
- സമരം ശക്‌തമാക്കി തോട്ടം തൊഴിലാളികൾ

ഇൻഡസ്‌ മോട്ടോഴ്‌സിലേക്ക്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019
 

കാക്കവയൽ

തൊഴിൽദിനങ്ങൾ നിഷേധിച്ചതിനെതിരെ കുറിച്യർമല പിവീസ്‌ എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ എസ്‌റ്റേറ്റ്‌ ഉടമയുടെ മോട്ടോർ സ്ഥാപനത്തിലേക്ക്‌ മാർച്ച്‌ നടത്തി.  ഉടമ പി വി അബ്ദുൾ വഹാബിന്റെ കാക്കവയലിലെ ഇൻഡസ്‌ മോട്ടോഴ്‌സിലേക്കായിരുന്നു മാർച്ച്‌. തൊഴിലാളികൾ തൊഴിൽസ്ഥാപനത്തിൽ നടത്തുന്ന സമരത്തിനെതിരെ ധിക്കാരപരമായ സമീപനം തുടരുന്നതിൽ പ്രതിഷേധിച്ച്‌ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു മാർച്ച്‌. സ്‌ത്രീകളടക്കം നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. തൊഴിൽ വകുപ്പ്‌ വിളിക്കുന്ന ചർച്ചകളിൽ പോലും പങ്കെടുക്കാത്ത തോട്ടം മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ മാർച്ചിൽ പ്രതിഷേധമിരമ്പി. രണ്ടു മാസത്തോളമായി തൊഴിലാളികൾക്ക്  നൽകാനുള്ള ശമ്പളം ഉടൻ വിതരണം ചെയ്യുക, തൊഴിലാളികളോട് മാനേജ്മെന്റ്‌ കാണിക്കുന്ന  അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളും ഉയർത്തി. തൊഴിൽ നിഷേധത്തിനെതിരെ എസ്‌റ്റേറ്റ്‌ തൊഴിലാളികൾ  17 മുതൽ തൊഴിലെടുത്ത്‌ അനിശ്‌ചിതകാല സമരത്തിലാണ്‌.  മാസത്തിൽ 10 ദിവസം മാത്രമേ ജോലി നൽകാനാവൂവെന്നാണ്‌ മാനേജ്‌മെന്റ്‌ നിലപാട്‌. 230 സ്ഥിരം തൊഴിലാളികളാണ്‌ എസ്‌റ്റേറ്റിലുള്ളത്‌.  കൂടുതലും സ്‌ത്രീ തൊഴിലാളികളാണ്‌.   മാർച്ച് എസ്ടിയു സംസ്ഥാന പ്രസിഡൻറ് പി പി എ കരീം ഉദ്ഘാടനം ചെയ്തു. വി വിനോദ്  അധ്യക്ഷനായി.     വിവിധ ട്രേഡ്‌ യൂണിയനുകളെ പ്രതിനിധീകരിച്ച്‌  വി വി ബേബി, സിഎച്ച്  മമ്മി, യു കരുണൻ, കെ  സെയ്തലവി,   പി കെ അനിൽകുമാർ,  വി കെ മുരളീധരൻ, ബി സുരേഷ്,  സി എം ശിവരാമൻ, കെ നാസർ, ഭാസി, സി എം  ബാലൻ എന്നിവർ സംസാരിച്ചു. സി മമ്മി സ്വാഗതവും എം ശശി  നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top