16 November Saturday
മന്ത്രിസഭായോഗം തീരുമാനിച്ചു

മെഡിക്കൽ കോളേജ്‌ ചേലോട്‌ എസ്‌റ്റേറ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
സ്വന്തം ലേഖകൻ
കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌ നിർമിക്കുന്നത്‌   ചേലോട്‌ എസ്‌റ്റേറ്റിൽ.  ഭൂമി ഏറ്റെടുക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 50 ഏക്കർ സ്ഥലമാണ്‌ ഏറ്റെടുക്കുന്നത്‌.  ബത്തേരി –-കോഴിക്കോട്‌ ദേശീയപാതായിൽ വൈത്തിരി പഞ്ചായത്തിലാണ്‌ നിർദിഷ്‌ട സ്ഥലം. ദേശീയപാതക്കരികിലായി കിൻഫ്ര വ്യവസായ പാർക്കിനടുത്ത്‌  ആളുകൾക്ക്‌ വന്ന്‌ പോകാൻ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ്‌  മെഡിക്കൽ കോളേജ്‌ സ്ഥാപിക്കുന്നത്‌. കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന്‌  നടത്തിയ പഠനത്തിൽ നേരത്തെ കണ്ടെത്തിയ മടക്കിമലയിൽ  മെഡിക്കൽ കോളേജ്‌  നിർമിക്കുന്നത്‌ ഭീഷണിയാണെന്ന്‌  ജിയോളജിക്കൽ സർവെ ഓഫ‌് ഇന്ത്യ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.    ഉരുൾപൊട്ടൽ സാധ്യതയുള്ള ഭൂമിയാണെന്നും വിശദ പഠനത്തിന‌് ശേഷം മാത്രമെ നിർമാണം ആരംഭിക്കാവു എന്നുമായിരുന്നു നിർദേശം.
 ഭൂമിയിൽ വിശദ പഠനം നടത്താൻ കാലതാമസം നേരിടുമെന്നതും  കഴിഞ്ഞവർഷത്തെ പ്രളയത്തിന്റെ   ആശങ്കയും പരിഗണിച്ചാണ്‌   പുതിയ ഭൂമി കണ്ടെത്താൻ തീരുമാനിച്ചത്‌. 2019-–-20 ലെ ബജറ്റിൽ ഭൂമി വാങ്ങുന്നതിനായി അഞ്ച്‌ കോടി രൂപ അനുവദിച്ചു. മാർച്ചിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഭൂമിക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ഇതിൽ നിന്നാണ്‌ ചേലോട്‌ എസ്‌റ്റേറ്റിലെ ഭൂമി തെരഞ്ഞെടുത്തത്‌. പരിസ്ഥിതിക്ക്‌ അനുയോജ്യമായ നിലയിൽ കെട്ടിടം നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. മെഡിക്കൽ കോളേജിനായി നേരത്തെ കണ്ടെത്തിയ  ഭൂമിയിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതിന്‌ മുന്നോടിയായി റോഡ്‌ നിർമാണ പ്രവൃത്തി ഏതാണ്ട്‌ പൂർത്തിയായിരുന്നു.  മറ്റ്‌ നടപടിക്രമങ്ങളിലേക്ക്‌ കടക്കുന്നതിനിടെയാണ്‌ പ്രളയം ഉണ്ടായത്‌. നിർമാണ പ്രവർത്തികൾക്ക്‌ മുമ്പ്‌  ഭൂമിയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ചും  കൂടുതൽ പഠനം വേണമെന്ന നിർദ്ദേശവും  ഉണ്ടായി. ഇതോടെ ഈ ഭൂമിയിൽ മെഡക്കൽ കോളേജ്‌ നിർമാണം അനിശ്‌ചിത്വത്തിലേക്ക്‌ നീങ്ങി. സി കെ ശശീന്ദ്രൻ എംഎൽഎ നടത്തിയ ഫലപ്രദമായ ഇടപെടലുകളാണ്‌  േചലോട്‌ ഭൂമി  ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കിയത്‌.   
ചന്ദ്ര പ്രഭചാരിറ്റബിൾ ട്രസ്‌റ്റ്‌ കോട്ടത്തറ പഞ്ചായത്തിൽ  സൗജന്യമായി സർക്കാരിന്‌  വിട്ട്‌ നൽകിയതായിരുന്നു നേരത്തേ കണ്ടെത്തിയ ഭൂമി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മെഡിക്കൽ കോളേജ്‌ റോഡിലേക്കുള്ള  റോഡ് നിർമാണത്തിന്‌  പോലും തുടക്കമിടാതെ നിർമാണ പ്രവൃത്തി എസ്‌കെഎംജെ സ്‌കൂളിൽ നടത്തുകയായിരുന്നു. യുഡിഎഫ്‌ സർക്കാർ ഡിപിആർ തയ്യാറാക്കാൻ കൺസൽട്ടൻസി കരാർ നൽകിയത്‌ വിവാദമാവുകയും നിർമാണം അനിശ്‌ചിതമായി നീളുകയുമായിരുന്നു. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷമാണ്‌  റോഡിനായി തുക വകയിരുത്തിയതും അനുമതി ലഭ്യമാക്കി പൊതുമരാമത്ത‌് വിഭാഗത്തിന‌് കൈമാറിയതും.   റോഡ്‌ നിർമാണത്തിന്‌ അനുബന്ധ പ്രവൃത്തികൾക്കുമായി അഞ്ച്‌ കോടി രൂപ അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളേജിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി വഴി 625 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. മെഡിക്കൽ കോളേജ്‌ നിർമാണത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിലാണ്‌ കഴിഞ്ഞ തവണ പ്രളയം വന്നതും  ഭൂമി സംബന്ധിച്ച ആശങ്ക ഉയർന്നതും. ഇതെല്ലാം മറികടന്നാണ്‌ സർക്കാരിന്റെ  ഇച്ഛാശക്തി തെളിയിച്ച്‌  മെഡിക്കൽ കോളേജ്‌ യഥാർഥ്യത്തിലേക്ക്‌   നീങ്ങുന്നത്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top