20 January Wednesday

വോട്ടെണ്ണല്‍ ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

കൽപ്പറ്റ
മൂന്നു ജില്ലകളിലായുള്ള വയനാട് ലോക്‌സഭാ മണ്ഡലത്തിൽ  വോട്ടെണ്ണുന്നതിനുളള ഒരുക്കങ്ങൾ പൂർത്തിയായി. മണ്ഡലത്തിൽ മൂന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കൽപ്പറ്റ എസ് കെഎംജെ സ്‌കൂളിലാണ് നടക്കുക. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിലമ്പൂർ ഗവ. മാനവേദൻ വിഎച്ച്എസ്എസിലുമാണ് നടക്കുക. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിലൊന്നിൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവറും സൂപ്പർവൈസറും അസിസ്റ്റന്റും ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. ഓരോ കൗണ്ടിങ് ഹാളിന്റെയും ചുമതല  അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫിസർമാർക്കാണ്. ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ, ട്രെന്റ് എന്നീ ആപ്ലിക്കേഷനുകളിലൂടെ അതതു സമയങ്ങളിൽ ഫലമറിയാം. 
ആദ്യ ഫലസൂചന 
രാവിലെ എട്ടരയോടെ
കൽപ്പറ്റ
വോട്ടെണ്ണൽ ദിവസം രാവിലെ ഏഴിന‌്  സ്‌ട്രോങ് റൂമിൽനിന്നും വോട്ടിങ്ങ് യന്ത്രങ്ങൾ  നിയമസഭാ മണ്ഡലങ്ങൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള വോട്ടെണ്ണൽ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക. വോട്ടെണ്ണൽ രാവിലെ എട്ടിനു തുടങ്ങും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലെയും അഞ്ചുവീതം പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. സ്ഥാനാർഥിയുടെയും ഏജന്റുമാരുടെയും നിരീക്ഷകന്റെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ നെറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകൾ തെരഞ്ഞെടുക്കുക. പ്രത്യേകം തയ്യാറാക്കിയ കാർഡ് ഇതിനു വേണ്ടി ഉപയോഗിക്കും. നിയോജക മണ്ഡലത്തിന്റെ പേര്, നമ്പർ, വോട്ടെടുപ്പ് തിയ്യതി, പോളിങ് സ്‌റ്റേഷൻ നമ്പർ എന്നിവ ഈ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കും. വിവിപാറ്റ് സ്ലിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ പുറത്തെടുത്ത് വേർതിരിച്ച ശേഷമായിരിക്കും എണ്ണുക. ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ വേർതിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളായി മാറ്റും. ഇതിന് ശേഷമാണ് എണ്ണുക. എണ്ണി കഴിഞ്ഞ വിവി പാറ്റ് സ്ലിപ്പുകൾ  ഈ പെട്ടിയിൽതന്നെ നിക്ഷേപിച്ച് സീൽ ചെയ്യും.
മേശകൾ കേന്ദ്രീകരിച്ച് നിരീക്ഷകർ 
കൽപ്പറ്റ
സുവിധ, ട്രെന്റ് പോർട്ടൽ വഴിയാണ് ഡാറ്റ എൻട്രി നടത്തുക. വരണാധികാരിക്കും  സഹവരണാധികാരികൾക്കും മാത്രമാണ് സുവിധ ആപ്പിൽ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുക. നിയോജക മണ്ഡലം തിരിച്ച് ഓരോ റൗണ്ടിലെയും ഡാറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ ഫലം പ്രിന്റ് ഔട്ട് എടുക്കും.പോസ്റ്റൽ വോട്ടുകളുടെ ഡാറ്റ എൻട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. പോസ്റ്റൽ ബാലറ്റ്, സൈനികരംഗത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് നൽകുന്ന സർവീസ് ബാലറ്റ് എന്നിവ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. എട്ടു ടേബിളുകൾ ഇതിനായി സജ്ജീകരിക്കും. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടിനു മുമ്പ് വരെ തപാൽ വഴി ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകളാണ് പരിഗണിക്കുക. ക്യുആർ കോഡ് ഉപയോഗിച്ച് പരിശോധിച്ചാവും സർവീസ് വോട്ടുകൾ എണ്ണുക.
സർവീസ് വോട്ടുകൾ: പിന്നിടേണ്ടത് നിരവധി നടപടിക്രമങ്ങൾ
കൽപ്പറ്റ
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) മുഖേന ചെയ്ത സർവീസ് വോട്ടുകൾ എണ്ണുന്നതിന് ക്യുആർ കോഡ് റീഡിംഗ് ഉൾപ്പെടെ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സായുധസേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ രീതിയിൽ വോട്ടു ചെയ്തിട്ടുള്ളത്. സർവീസ് വോട്ടുകളും എണ്ണാനായി ക്യുആർ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കും. ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആർ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വെരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തും. കമ്പ്യൂട്ടറിൽ നിന്നു ലഭിക്കുന്ന പ്രത്യേക സീരിയൽ നമ്പർ, പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിങ് ഓഫീസർ എഴുതിച്ചേർക്കും. ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവർ (ഫോം 13-സി) തുറക്കും. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റൽ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിങ് ഓഫീസർ ഇവ പുറത്തെടുക്കും.
 ഫോം 13 എയിലെ രണ്ട് ക്യുആർ കോഡുകൾ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയിൽ സ്‌കാൻ ചെയ്യും. തുടർന്ന് ഫോം 13-ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തശേഷം സീരിയൽ നമ്പറുകൾ രേഖപ്പെടുത്തും. ക്യുആർ കോഡ് റീഡിങിൽ അപാകതകൾ കണ്ടെത്തിയില്ലെങ്കിൽ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറിൽ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകൾ സൂക്ഷിക്കുന്ന ട്രേയിൽ നിക്ഷേപിക്കും. ക്യുആർ കോഡ് റീഡിങിൽ രേഖകൾ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകർപ്പുകൾ കണ്ടെത്തുക തുടങ്ങിയ അപാകതകൾ ഉണ്ടായാൽ ഇത്തരം കവറുകൾ തള്ളപ്പെടുന്ന കവറുകൾക്കുള്ള ട്രേയിൽ നിക്ഷേപിക്കും. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
പ്രവേശനത്തിന് നിയന്ത്രണം  
കൽപ്പറ്റ
വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. വോട്ടെണ്ണലിനു നിയോഗിച്ച ഉദ്യോഗസ്ഥർ, സ്ഥാനാർഥി ചീഫ് കൗണ്ടിങ് ഏജന്റ്,  വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് എജന്റുമാർ, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.  മാധ്യമപ്രവർത്തകർക്ക് സൗകര്യങ്ങൾ
തെരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുവിധ, ട്രെൻഡ് എന്നീ വെബ് പോർട്ടലുകളിലൂടെ വോട്ടെണ്ണൽനില തത്സമയം മീഡിയ സെന്ററിൽ ലഭ്യമാകും.  മീഡിയ സെന്ററുകളിൽ സജ്ജമാക്കിയിട്ടുള്ള വീഡിയോവാളിലാണ് ഇവ പ്രദർശിപ്പിക്കുക. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നിലയും മറ്റും ഇത്തരത്തിൽ ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവർത്തകർക്കു മാത്രമാണ് മീഡിയ സെന്ററിൽ പ്രവേശനം.  
നിരീക്ഷകർ 
ജില്ലയിലെത്തി
കൽപ്പറ്റ
വോട്ടെണ്ണലിന് വയനാട് മണ്ഡലത്തിൽ നിയോഗിക്കപ്പെട്ട നിരീക്ഷകർ ജില്ലയിലെത്തി. എസ് കെഎംജെയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഹരിഷ് ഗഡ്ജു, മാനന്തവാടിയിൽ ടാഷി സന്തൂപ്,  ബത്തേരിയിൽ രാഗേഷ് കുമാർ കൊർള എന്നിവരാണ് നിരീക്ഷകർ. എസ് കെഎംജെ ഹൈസ്‌കൂളിൽ ഒബ്‌സർവർമാർ സന്ദർശനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top