23 August Friday

പഞ്ചായത്തിന്റെ അവഗണന ഗ്രീന്‍ ബെല്‍റ്റ് പദ്ധതി പാഴാവുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

പുൽപ്പള്ളി
കർണാടകയിൽനിന്നുള്ള ഉഷ്ണക്കാറ്റ് തടയാനും കബനി നദിതടതീരം ഹരിതാഭമാക്കാനും ഉദ്ദേശിച്ച് തുടങ്ങിയ ഗ്രീൻ ബെൽറ്റ് പദ്ധതി മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനയാൽ കരിഞ്ഞുണങ്ങുന്നു. 
മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി മുതൽ മരക്കടവ് വരെ ഏകദേശം 10 കി.മീ. നദീതീരത്താണ് മുള,  ഉങ്ങ്, മാവ്, പ്ലാവ്, മറ്റ് നിത്യഹരിത വനങ്ങൾ എന്നിവ നട്ടുപിടിപ്പിക്കാൻ ഉദ്ദേശിച്ചത്. 2016 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മരതൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചെടികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കാമെന്നും സംരക്ഷണത്തന് കുടുംബശ്രി പ്രവർത്തകരെയും താൽക്കാലിക വാച്ച് മാൻമാരെയും നിയമിക്കാമെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു. 
അന്നത്തെ ജില്ലാ കലക്ടർ ഡോ. കേശവേന്ദ്രകുമാറിന്റെ ഓർമമരം പദ്ധതിയുടെ തുടർച്ചയായിട്ടായിരുന്നു കബനി നദിതീരത്ത് ഹരിതവൽക്കരണ നടപടികൾ ആരംഭിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പഞ്ചായത്ത് അധികൃതർ ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിൽനിന്ന് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. കൊളവള്ളി തീരത്ത് നട്ട ചെടികൾ കന്നുകാലികളും മറ്റും തിന്ന് നശിപ്പിച്ചു. 
പഞ്ചായത്ത് അധികൃതർ ജാഗ്രത പുലർത്തിയാൽ കൂടുതൽ വൃക്ഷതൈകൾ നടാനും കബനി നദീതീരം ഹരിതാഭമാക്കാനും കഴിയുമെങ്കിലും അത്തരത്തിൽ ഒരു നീക്കവും ഇല്ല. 2017 ലെ കേരളാ ബജറ്റിൽ കബനി നദിതീര സംരക്ഷണത്തിന് പത്ത് ലക്ഷം രൂപ ധനമന്ത്രി വകയിരുത്തിയിരുന്നു. ഈ തുകയും ഫലപ്രദമായി ഉപയോഗിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. 
 
പ്രധാന വാർത്തകൾ
 Top