മാനന്തവാടി
ബസ് യാത്രക്കിടെ ചുരിദാറിന്റെ ഷാളിൽ കുരുങ്ങിയ നിലയിൽ ലഭിച്ച അഞ്ചേകാൽ പവന്റെ മാല ഉടമസ്ഥയെ കണ്ടെത്തി നൽകി യുവതി. ഒണ്ടയങ്ങാടി ബയോവിൻ അഗ്രോ റിസർച്ചിലെ തൊഴിലാളി ഷാനി എൽദോയാണ് സത്യസന്ധതയുടെ മാതൃകയായത്. നെല്ലിയമ്പം ഗവ. എൽപി സ്‌കൂൾ ജീവനക്കാരി റീന സുകുമാരനാണ് ഷാനിയുടെ നന്മയിൽ സ്വർണമാല തിരികെ ലഭിച്ചത്.
തിങ്കളാഴ്‌ച രാവിലെ കാട്ടിക്കുളം അമ്പത്തിനാലിൽനിന്ന് ജോലിക്കായി ഒണ്ടയങ്ങാടിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്രചെയ്‌ത ഷാനി ബസ്സിറങ്ങിയപ്പോഴാണ് തന്റെ ചുരിദാറിന്റെ ഷാളിന്റെ അറ്റത്ത് സ്വർണമാല കുരുങ്ങിയാടുന്നത് കണ്ടത്. ഉടൻ ബസ്സിലുണ്ടായിരുന്ന പരിചയക്കാരായ യാത്രക്കാരുമായി ഫോണിൽ ബന്ധപ്പെട്ടു. പൊലീസിലും അറിയിച്ചു. അന്വേഷണത്തിൽ മാല റീന സുകുമാരന്റേതാണെന്ന് മനസ്സിലായി. ഷാനി വിളിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടെന്ന് ഇവർ അറിഞ്ഞത്. ഹാൻഡ് ബാഗിനുള്ളിലായിരുന്നു മാല. ബസ് ടിക്കറ്റിന് പണമെടുക്കാനായി ബാഗ് തുറന്നപ്പോൾ പുറത്തുവീണതാകാമെന്ന് റീന പറഞ്ഞു. കാട്ടിക്കുളം പൊലീസ് എയ്‌ഡ് പോസ്‌റ്റിൽവച്ച് ഷാനിയിൽനിന്ന് റീന മാല ഏറ്റുവാങ്ങി.
പടം: ഷാനി എൽദോ കാട്ടിക്കുളം പൊലീസ് എയ്‌ഡ് പോസ്‌റ്റിൽ റീന സുകുമാരന് മാല കൈമാറുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..