01 December Tuesday

കരുതലോടെ തോട്ടം തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൽപ്പറ്റ
കോവിഡ്‌–-19 ആശങ്കയിലും തൊഴിൽ കൈവിടാതെ തൊട്ടം തൊഴിലാളികൾ. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശം അക്ഷരംപ്രതി പാലിച്ചാണ്‌ തൊഴിലാളികൾ ജോലിക്കെത്തുന്നത്‌. തൊഴിലാളികളും  ജീവനക്കാരും മതിയായ സുരക്ഷ ക്രമീകരണത്തിലൂടെ മാത്രമേ ജോലി ചെയ്യാവൂ എന്ന്‌ പ്ലാന്റേഷൻ ഇൻസ്‌പെക്ടർ നിർദേശം നൽകി. ജോലിസ്ഥലത്ത്‌ മാസ്‌ക്കുകളും സാനിറ്ററൈസറും ഉപയോഗിക്കുന്നുണ്ട്‌. ഇടവേളകളിൽ കൈ കഴുകുന്നതിനായി സോപ്പും വെള്ളവും സജ്ജീകരിച്ചിട്ടുണ്ട്‌. തൊഴിൽ കേന്ദ്രങ്ങളിൽ ദൂര സ്ഥലങ്ങളിൽനിന്നും  എത്തുന്നവരെ പ്രവേശിപ്പിക്കുന്നതിന്‌ നിയന്ത്രണമുണ്ട്‌. താമസസ്ഥലം വിട്ട്‌ മറ്റിടങ്ങളിലേക്ക്‌ പോകുന്നതും ഒഴിവാക്കുന്നുണ്ട്‌. 
     തൊഴിലാളികൾ അനാവശ്യമായി കുടിച്ചേരുന്നത്‌ നിർബന്ധമായും ഒഴിവാക്കേണ്ടതാണെന്ന കർശന നിർദേശവും തൊഴിലാളികൾക്ക്‌ നൽകിയിട്ടുണ്ട്‌.  ശമ്പള വിതരണം, മസ്‌റ്ററിങ്‌, തേയിലയുടെ തൂക്കം നിർണയിക്കൽ എന്നിവ നടക്കുമ്പോൾ സംഘം ചേരരുത്‌. തോട്ടങ്ങളിലെ ഡിസ്‌പെൻസറികൾ കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ടെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പുവരുത്തണം. പനിയോ ചുമയോ പോലെ രോഗലക്ഷണമുള്ളവർ അവരവരുടെ വാസസ്ഥലങ്ങളിൽ തന്നെ കഴിയണം. പനിബാധിച്ചവരും കുടുംബാംഗങ്ങളും വിശദിവിവരങ്ങൾ ആരോഗ്യവകുപ്പിനെയും പ്ലാന്റേഷൻ ഇൻസ്‌പെക്ടറെയും അറിയിക്കണമെന്നും നിർദേശമുണ്ട്‌.  തോട്ടംതൊഴിൽ മേഖല  പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ്‌ കോവിഡ്‌ –-19 തൊഴിലാളികളെ വലയ്‌ക്കുന്നത്‌. എങ്കിലും പരാധീനതകൾ നിലനിക്കുമ്പോഴും സർക്കാർ ഇടപെടലിന്റെ ആത്മവിശ്വാസത്തിലാണ്‌ തോട്ടം തൊഴിലാളികൾ തൊഴിലെടുക്കുന്നത്‌. പ്രളയകാലം തോട്ടം തൊഴിലാളികൾക്ക്‌ വൻ തൊഴിൽ നഷ്‌ടമാണ്‌ ഉണ്ടായത്‌. എന്നാൽ ഡിസംബറിൽ സർക്കാർ 52 രൂപ ദിവസവേതനവർധന നടപ്പാക്കിയത്‌ തൊഴിലാളികൾക്ക്‌ ആശ്വാസം പകർന്നു. ഇതോടൊപ്പം  കോവിഡ്‌–-19 പശചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും മറ്റ്‌ സാമ്പത്തിക സഹായങ്ങളും  ഈ ഘട്ടത്തിൽ തൊഴിലാളികൾക്ക്‌ ആശ്വാസമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top