30 May Saturday
കനത്ത ജാഗ്രത

നിരീക്ഷണത്തിൽ 912 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

 
കൽപ്പറ്റ
കോവിഡ്‌–-19 വ്യാപനത്തിനെതിരെ ജാഗ്രത നിലനിർത്തുന്നതിനൊപ്പം കർശനനടപടികളിലേക്കും കടന്ന്‌ ജില്ലാ അധികൃതർ. കാസർകോഡ്‌  പലർക്കും കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോഡ്‌ നിന്നും ജില്ലയിലെത്തുന്നവർ സ്വയം നിരീക്ഷണത്തിന്‌ വിധേയരാകണമെന്ന്‌ നിർദേശം. 14 ദിവസം ഇവർ വീടുകളിൽ കഴിയണമെന്ന്‌ ജില്ലാ കലക്ടർ അറിയിച്ചു. ഓഫീസുകൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചതിനാൽ ഒട്ടേറെ പേർ ജില്ലയിലേക്ക് തിരിച്ച് വരാൻ സാധ്യതയുണ്ട്. മറ്റ്‌ ജില്ലകളിൽനിന്നും ജില്ലയിലെത്തുന്നവരെ കർശന പരിശോധനക്ക്‌ വിധേയമാക്കും. 
   നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങാതിരിക്കാൻ നടപടി  ശക്‌തമാക്കി. വിദേശത്ത്‌ പോയി വന്നവരാണ്‌ ഇത്തരത്തിലധികവും. ഈ രീതി തുടർന്നാൽ നിയമനടപടിയുടെ ഭാഗമായി ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചുവെക്കുമെന്നും കോടതിയിൽ ഹാജരാക്കുന്ന പാസ്‌പോർട്ടുകൾ പിന്നീട്‌ നടപടികൾ പൂർത്തിയായാൽ മാത്രമേ തിരിച്ചു നൽകൂ എന്നും ജില്ലാ കലക്ടറും ജില്ലാ പൊലിസ്‌ മേധാവിയും വ്യക്തമാക്കി. 862പേർ ഈ രീതിയിൽ മാത്രം നിലവിൽ നിരീക്ഷണത്തിലുണ്ട്‌. സൈബർസെല്ലിന്റെ സഹായത്തോടെ ഇവർ പുറത്തിറങ്ങി എവിടെയെല്ലാം പോകുന്നു എന്ന്‌ കണ്ടെത്താനാവും. കോഴിക്കോട്‌, കണ്ണൂർ ജില്ലകളിൽനിന്നും ഈ രീതിയിൽ സർക്കാർ നിർദേശം ലംഘിച്ച്‌ ജില്ലയിലെത്തുന്നവരുണ്ടെന്ന്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും  പൊലിസും ചേർന്നുള്ള 4 ഫ്‌ളയിങ്‌ സ്വകാഡുകൾക്കും കൂടി രൂപം നൽകിയിട്ടുണ്ട്‌. 
   ജില്ലയിൽ കുടുതൽ പേർ നിരീക്ഷണത്തിലാവുന്ന സാഹചര്യം  ഉടലടുത്താൻ അതിനുള്ള സംവിധാനം ഒരുക്കിയതായി ശനിയാഴ്‌ച കലക്ടറേറ്റിൽ നടന്ന കോവിഡ്‌ അവലോകനയോഗത്തിന്‌ ശേഷം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 3 ഘട്ടങ്ങളിലേക്കായി 1832 ബെഡ്ഡുകൾ ഇപ്പോൾ സജ്ജമാക്കി. ജില്ലയിൽ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നീരീക്ഷണത്തിൽ കഴിയുന്നവരുടെ  എണ്ണം കൂടുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ മന്ത്രി പറഞ്ഞു. കരുതലിന്റെ ഭാഗമായി പഞ്ചായത്ത്‌ തലത്തിലടക്കം പ്രവർത്തനം വ്യാപകമാക്കിയതിനെ തുടർന്നാണ്‌  എണ്ണം കൂടിയത്‌. 
ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ കോവിഡ്‌ വ്യാപനം തടയുന്നതിനും ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്നുണ്ട്‌. 1,80,512 വീടുകളിൽ സന്ദർശനം നടത്തി. 
ജില്ലയിൽ പത്ത്‌ കേസെടുത്തു. ജില്ലയിൽ അതിർത്തിയിൽ പരിശോധന ശക്തമായി തുടരുകയാണ്‌. 13,643 വാഹനങ്ങൾ ഇതിനകം പരിശോധിച്ചു. കുടകിലേക്കുള്ള യാത്ര ഒഴിവാക്കുതിനായി കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ സജ്ജമാക്കുവാനും ബോധവൽക്കരണം നടത്താനും ട്രൈബല്‍ വകുപ്പിന്‌ നിര്‍ദേശം നല്‍കി. 
 
പ്രധാന വാർത്തകൾ
 Top