29 February Saturday

ആദിവാസി ഭൂ വിതരണത്തിന്‌ തടസ്സം വനഭൂമി ലഭ്യമാകാത്തത്‌: മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
 
കൽപ്പറ്റ
സുപ്രിംകോടതി വിധി പ്രകാരം ആദിവാസികൾക്ക്‌ വിതരണം ചെയ്യേണ്ട ഭൂമി  വനംവകുപ്പിൽ നിന്നും ലഭ്യമായാൽ മാത്രമേ ആദിവാസി  ഭൂമി പ്രശ്‌നം പരിഹരിക്കാനാകൂ എന്ന്‌ മന്ത്രി എ കെ ബാലൻ പറഞ്ഞു. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസികളുടെ  ഭൂപ്രശ്‌നം പരിഹാരിക്കാൻ സാധിച്ചില്ലെങ്കിൽ കുറ്റബോധം കൊണ്ട് തലതാഴ്‌ത്തേണ്ടി വരും. ജില്ലാ കലക്ടറും ഡിഎഫ്ഒയും ഇക്കാര്യത്തിൽ ഗൗരവമായി ഇടപെട്ട്‌   രണ്ട്‌ മാസത്തിനകം മുഴുവൻ ആദിവാസികൾക്കും ഭൂമി വിതരണം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.  കൽപ്പറ്റ ടൗൺ ഹാളിൽ ജില്ല തല പട്ടയമേളയിൽ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു  അദ്ദേഹം.
സുപ്രികോടതി വിധി പ്രകാരം 19000 ഏക്കർ വനഭൂമി ആദിവാസികൾക്ക്‌ വിതരണം ചെയ്യാൻ വനം വകുപ്പ്‌ വിട്ട്‌ നൽകണം. 3694 ഭൂ രഹിത ആദിവാസികൾക്ക്‌ 3444 ഏക്കർ ഭൂമി വിതരണം ചെയ്‌തിട്ടുണ്ട്‌.  നിലവിൽ 10100 ഭൂ രഹിത ആദിവാസികളാണ്‌  സംസ്ഥാനത്തുള്ളത്‌. ഇതിൽ 8051 പേരും വയനാട്ടിലാണ്‌. സുപ്രീകോടതി വിധി പ്രകാരം വനം വകുപ്പിൽ നിന്ന് ലഭിക്കേണ്ട  ഭുമിയും റിക്കാർഡ് ഓഫ് റൈറ്റ് പ്രകാരം കൊടുക്കാനുളള ഭൂമിയും പട്ടികവർഗ്ഗ വകുപ്പ് പണം നൽകിയ വാങ്ങിയ ഭൂമിയും  വിതരണം ചെയ്യാൻ സാധിച്ചാൽ ഭൂപ്രശ്‌നം ഒരു പരിധി വരെ പരിഹാരിക്കാൻ സാധിക്കും.  
ഇത്‌ പൂർത്തിയാകണമെങ്കിൽ വനംവകുപ്പ്‌ സൗമനസ്യം കാട്ടണം. സുപ്രിംകോടതി അനുവദിച്ച  വനഭൂമിയിൽ മുക്കാൽ ഭാഗവും താമസയോഗ്യമല്ല.  അതിനാൽ ഈ ഭൂമിക്ക്‌ പകരം താമസയോഗ്യമായ ഭൂമി  കണ്ടെത്തണം.
    വനാവകാശ നിയമപ്രകാരം  200 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. മൂത്തങ്ങ സമരത്തിന്റെ ഭാഗമായി 225 പേർക്ക് 225 ഏക്കർ നിക്ഷിപ്ത വനഭൂമി നൽകി. 171 പേർക്ക് 20.4 ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങി നൽകി. ആകെ  604 പേർക്ക് 368.98 ഏക്കർ ഭൂമി ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിതരണം ചെയ്തിട്ടുണ്ട്. ഈ പട്ടയമേളയിൽ  518 പേർക്ക്‌ കൂടി ഭൂമി വിതരണം ചെയ്യുകയാണ്. 500 പേർക്ക് പത്ത് സെന്റ് വീതം നിക്ഷിപ്ത വനഭൂമിയും 18 പേർക്ക് കൈവശ രേഖയുമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top